വെള്ളാപ്പള്ളി നടേശനെ വാനോളം പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം പെരിങ്ങമ്മലയിലെ എസ്.എൻ.ഡി.പി യോഗത്തിൻ്റെ ശ്രീനാരായണീയം കണ്‍വെൻഷൻ സെന്റർ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കവെയാണ് മുഖ്യമന്ത്രിയുടെ പുകഴ്ത്തല്‍.
ശ്രീനാരായണ ഗുരുവിൻ്റെ ആദർശങ്ങള്‍ ഉയർത്തിക്കാട്ടി വർഗീയതക്കെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. ശ്രീനാരായണഗുരുവിനെ സ്വന്തമാക്കാൻ ചില വർഗീയശക്തികള്‍ വല്ലാതെ പാടുപെടുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞു.
വർഗീയതയുടെ വിഷവിത്തുകള്‍ നട്ടുപിടിക്കുന്നവരെ തിരിച്ചറിയാൻ കഴിയണമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിന്നാലെ എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വാനോളം പുകഴ്ത്തി. ലക്ഷ്യങ്ങള്‍ നേടാനും യുവത്വത്തിന് വഴികാട്ടാനും വെള്ളാപ്പള്ളിക്ക് കഴിഞ്ഞു എന്ന് മുഖ്യമന്ത്രി പറഞ്ഞു.വെള്ളാപ്പള്ളിയെ ആദരിക്കുന്നത് ഔചിത്യപൂർണ്ണമായ നടപടിയാണ്. സംഘടനയെ ശക്തമായ സാമ്ബത്തിക ശക്തിയായി വളർത്തിയെടുത്തു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവർക്കും തൊഴിലും വിദ്യാദ്യാസവും ഉറപ്പ് നല്‍കി. ഈ പ്രസ്ഥാനത്തെ ഇനിയും കൂടുതല്‍ കാലം നയിക്കാൻ വെള്ളാപ്പള്ളിക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു മുഖ്യമന്ത്രി പറഞ്ഞു.
അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കാലത്താണ് എസ്‌എൻഡിപി രൂപീകൃതമായത്. അറിവാണ് യഥാർത്ഥ ശക്തിയെന്നും, അത് നേടാനുള്ള ഏകമാർഗ്ഗം വിദ്യാഭ്യാസം ആണെന്നും പഠിപ്പിച്ചത് ഗുരുവാണ്.നവോത്ഥാന നായകനായ ശ്രീനാരായണഗുരു എല്ലാവരെയും ചേർത്തുപിടിക്കുക എന്നാശയമാണ് മുന്നോട്ടുവെച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിലെ നവോത്ഥാന ചരിത്രത്തില്‍ നിർണായക സ്ഥാനം എസ്‌എൻഡിപിക്ക് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളി നടേശനെ ആദരിച്ച ശേഷമാണ് മുഖ്യമന്ത്രി വേദിവിട്ടത്.
അതേസമയം, മുഖ്യമന്ത്രി വേദി വിട്ടതിന് പിന്നാലെ പ്രസംഗിക്കാൻ എത്തിയ വെള്ളാപ്പള്ളി നടേശൻ വക പതിവ് തെറ്റാതെ വർഗീയ പരാമർശവും ഉണ്ടായി. ഇത്തവണ മാപ്പിള കലാപം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.