ന്യൂഡല്‍ഹി : രാജ്യത്തിന്റെ പതിനഞ്ചാം ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യം വോട്ട് രേഖപ്പെടുത്തിയത്.ഭരണ, പ്രതിപക്ഷ ഭേദമെന്യെ എംപിമാര്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയിട്ടുണ്ട്.
മുന്‍ ഗവര്‍ണറും ബിജെപി തമിഴ്നാട് സ്റ്റേറ്റ് പ്രസിഡന്റും ആയിരുന്ന സിപി രാധാകൃഷ്ണനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. ഇന്‍ഡ്യ മുന്നണിയ്ക്ക് വേണ്ടി സുപ്രിംകോടതി മുന്‍ ജഡ്ജി ബി. സുദര്‍ശന്‍ റെഡ്ഡിയാണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്നത്. വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ശിരോമണി അകാലിദള്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു.പഞ്ചാബിനെ മുക്കിക്കളഞ്ഞ പ്രളയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് ശിരോമണി അകാലിദള്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചത്. അതേസമയം, ബിആര്‍എസും ബിജെഡിയും വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവര്‍ വോട്ട് രേഖപ്പെടുത്തി. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ബിജെപി എംപി കങ്കണ റണാവത്ത് എന്നിവരും വോട്ട് ചെയ്തു.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ വോട്ടുകള്‍ കൃത്യമായി വരാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും ഒറ്റക്കെട്ടായി പ്രതിപക്ഷം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് തന്നെ വിജയകരമായിരുന്നെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു.