വിദ്യാകിരണം: 53 സ്കൂളുകളിൽ കൂടി ഇന്ന് ഉദ്ഘാടനം

വിദ്യാഭ്യാസ മേഖലയിലെ കേരളത്തിന്റെ മാറ്റുകൂട്ടി 53 സ്കൂളുകള്‍ കൂടി ഇന്ന് മുതല്‍ മികവിന്‍റെ കേന്ദ്രങ്ങളാകുന്നു. സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം പൂവച്ചല്‍ വിഎച്ച്എസ്എസില്‍ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ 11.30ന് നിർവഹിക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും.

മറ്റ് സ്കൂളുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിക്കും.53 സ്‌കൂളുകൾ അടിസ്ഥാനസൗകര്യ-ഭൗതിക വികസനം പൂർത്തിയാക്കിയാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്.

പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്‍റെ തുടര്‍ച്ചയായി നിലവില്‍ വന്ന വിദ്യാകിരണം മിഷന്‍റെ ഭാഗമായി 90 കോടി ചെലവിട്ടാണ് സ്കൂള്‍ കെട്ടിടങ്ങള്‍ ഒരുക്കയിത്. കിഫ്ബി ഫണ്ടില്‍ നിന്നും 52 കോടി ചെലവഴിച്ചു. ഇതിൽ കിഫ്ബി ധനസഹായത്തോടെ പൂർത്തിയായ പദ്ധതികൾക്ക് പുറമേ പ്ലാൻ ഫണ്ട്, എംഎൽഎ ഫണ്ട്, നബാർഡ് എന്നിവ വഴി പൂർത്തിയാക്കിയവയും ഉൾപ്പെടുന്നു.

കൈറ്റ്, വാപ്‌കോസ്, ഇൻകെൽ, കില എന്നിവയാണ് ഈ പദ്ധതികളുടെ നിർവഹണ ഏജൻസികൾ. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം ജില്ലകളിലായി നാലു സ്‌കൂളുകളാണ് കിഫ്ബിയുടെ 5 കോടി പദ്ധതിയിൽ ഉൾപ്പെടുത്തി വികസനം പൂർത്തിയാക്കിയത്.

കൈറ്റ് ആണ് ഈ പദ്ധതികളുടെ നിർവഹണ ഏജൻസി(എസ്പിവി). അരുവിക്കര, പട്ടാമ്പി, ഷൊർണൂർ, കൊണ്ടോട്ടി എന്നീ നിയോജകമണ്ഡലങ്ങളിലാണ് ഈ സ്‌കൂളുകൾ. കിഫ്ബിയുടെ 3 കോടി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തിയാക്കിയ 10 സ്‌കൂളുകളുടെ ഉദ്ഘാടനവും ഇന്ന് നടക്കും.

ഇതിൽ തൃശൂർ, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ സ്‌കൂളുകൾ ഉൾപ്പെടുന്നു. ചേലക്കര, കോതമംഗലം, മഞ്ചേരി, കൊണ്ടോട്ടി, കോഴിക്കോട് സൗത്ത്, നിലമ്പൂർ, വേങ്ങര, സുൽത്താൻ ബത്തേരി, കൽപ്പറ്റ എന്നീ നിയോജകമണ്ഡലങ്ങളിലായാണ് ഈ സ്‌കൂളുകൾ.

കണ്ണൂർ ജില്ലയിലെ തലശേരി,പയ്യന്നൂർ നിയോജക മണ്ഡലങ്ങളിൽ ആയാണ് കിഫ്ബിയുടെ ഒരു കോടി പദ്ധതിയിൽ പെടുത്തി നിർമാണം പൂർത്തിയാക്കി രണ്ടു സ്‌കൂളുകളുടെ ഉദ്ഘാടനം നിർവഹിക്കപ്പെടുക.

ഇതിനു പുറമേ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തിയാക്കിയ 34 സ്‌കൂളുകളുടെയും എം.എൽ.എ, നബാർഡ് ഫണ്ടുകളിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തിയാക്കിയ മൂന്നു സ്‌കൂളുകളുടെയും ഉദ്ഘാടനവും നിർവഹിക്കപ്പെടും.

പുറമേ വയനാട്, എറണാകുളം ജില്ലകളിലായി പ്ലാൻ ഫണ്ടിലുൾപ്പെടുത്തി നിർമിക്കുന്ന രണ്ടു സ്‌കൂളുകളിലെ നിർമാണപ്രവൃത്തികൾക്കും ഇന്ന് തറക്കല്ലിടും.

spot_img

Related Articles

Latest news