വിജിലൻസ് ഉദ്യോ​ഗസ്ഥ ചമഞ്ഞ് തട്ടിപ്പ്; കൈക്കലാക്കിയത് ലക്ഷങ്ങൾ, യുവതി പിടിയിൽ

പത്തനംതിട്ട: വിജിലൻസ് ഉദ്യോഗസ്ഥ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവതി പിടിയിൽ. തിരുവല്ല തിരുമൂലപുരം അടുമ്പട കുരിശുംമൂട്ടിൽ താഴ്ചയിൽ വീട്ടിൽ ഇന്ദു കണ്ണൻ (39) ആണ് ചങ്ങനാശേരിയിൽ നിന്നും പിടിയിലായത്. വിജിലൻസ് ഉദ്യോഗസ്ഥ ചമഞ്ഞ് കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങളിലടക്കം ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിലാണ് പോലീസ് ഇന്ദുവിനെ കസ്റ്റഡിയിൽ എടുത്തത്.

ലക്ഷങ്ങളുടെ മുദ്ര ലോൺ തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഇവർ നിരവധി പേരിൽ നിന്നും പണം തട്ടിയിട്ടുണ്ട്. 15 ലക്ഷം രൂപയുടെ മുദ്ര ലോൺ തരപ്പെടുത്താമെന്ന് വിശ്വസിപ്പിച്ച് രണ്ട് ലക്ഷത്തി മുപ്പതിനായിരം രൂപ തട്ടിയെടുത്തതായി കാട്ടി തിരുവല്ല സ്വദേശിനി സുനിത കുമാരി പോലീസിൽ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി ഇപ്പോൾ വലയിലായത്. ഇന്ദു പിടിയിലായതറിഞ്ഞ് ഇവരുടെ തട്ടിപ്പിന് ഇരയായ നിരവധി പേരേ‍ വൈകിട്ടോടെ പരാതിയുമായി തിരുവല്ല പോലീസ് സ്‌റ്റേഷനിൽ എത്തുകയായിരുന്നു.

ചങ്ങനാശേരിയിലും പരിസര പ്രദേശങ്ങളിലുമായി മാത്രം പത്തോളം പേർ ഇന്ദുവിന്റെ തട്ടിപ്പിന് ഇരയായതായി പരാതിയുമായി എത്തിയവർ പറഞ്ഞു. തിരുമൂലപുരം, വെൺപാല, കുറ്റൂർ പ്രദേശങ്ങളിൽ നിന്നും നിരവധി പേർ ഇവരുടെ തട്ടിപ്പിന് ഇരകളായിട്ടുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇന്ദുവിനെതിരെ നിരവധി പേർ പരാതിയുമായി എത്താനാണ് സാധ്യതയെന്ന് ഇൻസ്‌പെക്ടർ പിഎസ് വിനോദ് പറഞ്ഞു. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശത്തെ തുടർന്ന് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

spot_img

Related Articles

Latest news