കോണ്‍ഗ്രസ് ക്ഷയിച്ചാല്‍ ബിജെപി വളരുമെന്ന വാദം വിലപ്പോവില്ല: എ വിജയരാഘവന്‍

ബിജെപിയെ പ്രതിരോധിക്കാന്‍ ശക്തമായ ഇടതുപക്ഷം കേരളത്തിലുണ്ട്

കേരളത്തില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തേണ്ടത് ജനങ്ങളുടെ ആവശ്യമാണെന്നും കോണ്‍ഗ്രസ് പരാജയപ്പെട്ടാന്‍ പ്രവര്‍ത്തകരും നേതാക്കളും ബിജെപിയിലേക്ക് പോകുമെന്നും ഇത് കേരളത്തിലും ബിജെപിയെ ശക്തിപ്പെടുത്തുമെന്ന പ്രചാരണത്തിനെതിരെ എ വിജയരാഘവന്‍. സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ ദേശാഭിമാനിയിലെ‍ഴുതിയ ലേഖനത്തിലൂടെയാണ് കോൺഗ്രസിനെ ശക്തമായി വിമർശിക്കുന്നത്.

സ്വന്തം രാഷ്ട്രീയ അസ്ഥിത്വം പോലും പണയംവച്ചാണ് അധികാരക്കെതി മൂത്തുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ ഇത്തരം പ്രചാരണങ്ങള്‍ എന്നതാണ് എറ്റവും പ്രധാനപ്പെട്ടത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിസി ചാക്കോയും, റോസക്കുട്ടിയും, പിഎം സുരേഷ് ബാബുവും ഉള്‍പ്പെടെയുള്ള കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ കോണ്‍ഗ്രസ് വിട്ടെങ്കിലും അവരാരും ബിജെപിയിലേക്ക് പോയില്ലെന്നും എന്‍സിപിക്കൊപ്പം ചേര്‍ന്ന് ഇടതുപക്ഷത്താണ് നിലയുറപ്പിച്ചിരിക്കുന്നതെന്നും അതുകൊണ്ട് തോറ്റാല്‍ ബിജെപിയാകുമെന്ന കോണ്‍ഗ്രസിന്‍റെ വാദം കേരളത്തില്‍ വിലപ്പോവില്ലെന്നും എ വിജയരാഘവന്‍ ലേഖനത്തില്‍ പറയുന്നു

സ്ത്രീകളെ കോണ്‍ഗ്രസ് അവഗണിക്കുന്നതിലും അവഹേളിക്കുന്നതിലും ദുഃഖിതയായാണ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷ് കെപിസിസി ആസ്ഥാനത്ത് തലമുണ്ഡനംചെയ്ത് പാര്‍ടി വിട്ടത്. താന്‍ ബിജെപിയിലേക്ക് ഇല്ലെന്ന് അവരും വ്യക്തമാക്കിയിട്ടുണ്ട്. വര്‍ഗീയതയോട് എതിര്‍പ്പുള്ളവര്‍ക്ക് കോണ്‍ഗ്രസില്‍ തുടരാന്‍ കഴിയാത്ത സാഹചര്യമാണ്‌ ഉള്ളത്. മതനിരപേക്ഷ നിലപാടുള്ളവര്‍ക്ക് ഒരിക്കലും ബിജെപിയിലേക്ക് പോകാനാകില്ല. അവര്‍ ഇടതുപക്ഷത്തോടൊപ്പം നില്‍ക്കും.

കോണ്‍ഗ്രസ് വിടുന്നവര്‍ ബിജെപിയിലാണ് ചേക്കേറുകയെന്ന വാദം ഈ ഘട്ടത്തില്‍ ഉന്നയിക്കുന്നവരുടെ ലക്ഷ്യം വ്യക്തമാണ്. മതനിരപേക്ഷ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച്‌ കോണ്‍ഗ്രസിനെ തോല്‍വിയില്‍നിന്ന് രക്ഷപ്പെടുത്തണം. അതുവഴി ഇടതുപക്ഷത്തിന്റെ തുടര്‍ഭരണം തടയണം. ജമാഅത്തെ ഇസ്ലാമി തുടങ്ങിവച്ച ഈ പ്രചാരണം കോണ്‍ഗ്രസ് നേതാക്കള്‍ സ്വയം ഏറ്റെടുക്കുന്നതാണ് നാം കണ്ടത്. ഈ പ്രചാരണത്തിന്റെ പൊള്ളത്തരം വ്യക്തമാക്കുന്നതാണ് ഇടതുപക്ഷ ചേരിയിലേക്കുള്ള കോണ്‍ഗ്രസ് നേതാക്കളുടെ വരവ്.

കോണ്‍ഗ്രസില്‍നിന്ന് നേതാക്കളും പ്രവര്‍ത്തകരും കൂടുതലായി വരുന്നത് എല്‍ഡിഎഫിന്റെ അടിത്തറ ഇനിയും വിപുലമാക്കാന്‍ സഹായിക്കും. ബിജെപിയെ പ്രതിരോധിക്കാന്‍ ശക്തമായ ഇടതുപക്ഷപ്രസ്ഥാനം കേരളത്തിലുണ്ട്. എല്ലാത്തരം വര്‍ഗീയതകള്‍ക്കുമെതിരെ വിട്ടുവീഴ്ചയില്ലാതെ ഇടതുപക്ഷം പോരാടുന്നു. ഈ വിശ്വാസ്യതയാണ് കോണ്‍ഗ്രസിലെ മതനിരപേക്ഷ വിശ്വാസികളെ ഇടതുപക്ഷത്തേക്ക് ആകര്‍ഷിക്കുന്നത്. കേന്ദ്രത്തില്‍ ഭരണമുള്ള ബിജെപിയുടെ തീവ്രവര്‍ഗീയതയെ നേരിടുന്നതിന് ഇടതുപക്ഷ നേതൃത്വത്തിലുള്ള മതനിരപേക്ഷ ചേരി കൂടുതല്‍ ശക്തിപ്പെടേണ്ടതുണ്ട്. കോണ്‍ഗ്രസില്‍നിന്ന് നേതാക്കളും പ്രവര്‍ത്തകരും കൂടുതലായി വരുന്നത് എല്‍ഡിഎഫിന്റെ അടിത്തറ ഇനിയും വിപുലമാക്കാന്‍ സഹായിക്കും.

spot_img

Related Articles

Latest news