എറണാകുളം: കൊച്ചിയില്‍ സ്വകാര്യ ബസുകളുടെ നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി കടുപ്പിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്.
നിയമ ലംഘനം കണ്ടെത്താന്‍ പ്രത്യേക എന്‍ഫോഴ്‌സ്‌മെന്റ് ടീമിനെ വിന്യസിച്ചു. സ്വകാര്യ ബസുകളുടെ നിയമ ലംഘനം നഗരത്തില്‍ വലിയ ഗതാഗതക്കുരുക്കിന് കാരണമാകുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.
പുതുവത്സര ആഘോഷവും ബിനാലെയും ഒക്കെയായതോടെ നഗരത്തില്‍ തിരക്ക് കൂടി. ഇതിനിടയില്‍ സ്വകാര്യ ബസുകളുടെ നിയമ ലംഘനം വലിയ ഗതാഗത കുരുക്കിന് കാരണമാകുന്നെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍. തുടര്‍ന്ന് ഗതാഗത നിയമം ലംഘിക്കുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജോയിന്റ് ആര്‍.ടി.ഒ നിര്‍ദ്ദേശം നല്‍കി.
വരും ദിവസങ്ങളിലെ ഇത്തരം നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക എന്‍ഫോഴ്‌സ്‌മെന്‍റ് ടീം നിരത്തിലുണ്ടാകും. ചെറിയ വാഹനങ്ങള്‍ക്ക് മാത്രം പ്രവേശം അനുവദിച്ചിരിക്കുന്ന ഇടങ്ങളിലൂടെ സ്വകാര്യ ബസുകള്‍ കയറ്റി മറ്റു ബസുകളെ ഓവര്‍ ടേക്ക് ചെയ്യുന്നവര്‍ക്കെതിരെയും നടപടി ഉണ്ടാകും . പിഴയ്‌ക്ക് പുറമേ നിയമലംഘകരെ കണ്ടെത്തി കര്‍ശന നടപടിക്ക് ജില്ല കലക്ടര്‍ അധ്യക്ഷനായ ആര്‍.ടി.ഒ ബോര്‍ഡിലേക്കും ശുപാര്‍ശ ചെയ്യും. നിയമ ലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നവരുടെ ലൈസന്‍സും പെര്‍മിറ്റും ഉള്‍പ്പെടെ റദ്ദാക്കുന്നതടക്കമുള്ള നടപടികളിലേക്കാകും കടക്കുക.