ഷാർജയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍, മരിച്ച യുവതിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. കൊല്ലം സ്വദേശിനി വിപഞ്ചികയുടെ മൃതദേഹമാണ് നാട്ടിലെത്തിക്കുക.മകള്‍ വൈഭവിയുടെ മൃതദേഹം ദുബായില്‍ സംസ്കരിക്കാൻ തീരുമാനമായി. ദുബൈയിലെ ഇന്ത്യൻ കോണ്‍സുലേറ്റില്‍ നടന്ന ചർച്ചയിലാണ് തീരുമാനമായത്.
യുവതിയുടെയും മകളുടെയും മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കണമെന്നായിരുന്നു വിപഞ്ചികയുടെ കുടുംബത്തിന്റെ ആവശ്യം. എന്നാല്‍ മൃതദേഹങ്ങള്‍ ഷാർജയില്‍ തന്നെ സംസ്കരിക്കുന്നതിന് വിപഞ്ചികയുടെ ഭർത്താവ് നിതീഷും കുടുംബവും നീക്കം നടത്തി. തുടർന്നാണ് ദുബൈയിലെ ഇന്ത്യൻ കോണ്‍സുലേറ്റ് വിഷയത്തില്‍ ഇടപെട്ടത്.
വിപഞ്ചികയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായതായി റിപ്പോർട്ടുണ്ട്. രണ്ടുദിവസത്തിനകം മൃതദേഹം നാട്ടിലെത്തിക്കുമെന്നാണ് കരുതുന്നത്. വൈഭവിയുടെ മൃതദേഹം നാളെ സംസ്‌കരിക്കും. വിപഞ്ചികയുടെയും മകളുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കണമെന്ന ഹര്‍ജിയില്‍ ഭര്‍ത്താവിനെ കക്ഷി ചേര്‍ക്കണമെന്ന് ഹൈക്കോടതി നിർദേശം നല്‍കിയിരുന്നു. വിപഞ്ചികയുടെ ബന്ധു സമർപ്പിച്ച ഹര്‍ജി കോടതി നാളെ പരിഗണിക്കാന്‍ മാറ്റി. ഭര്‍ത്താവിന്റെയും എംബസിയുടേയും നിലപാട് അറിയണമെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ജൂലൈ എട്ടിനാണ് ഷാര്‍ജയിലെ ഫ്ലാറ്റില്‍ വിപഞ്ചികയേയും മകളേയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.