ഖത്തറിലേക്കുളള പുതിയ സന്ദർശക വിസകൾ അനുവദിച്ച് തുടങ്ങിയതായുള്ള രീതിയിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു. നിലവിലെ കൊറോണ വൈറസ് വ്യാപന സാഹചര്യത്തിൽ ഖത്തറിലേക്ക് പുതിയ വിസിറ്റ്, ഫാമിലി, ടൂറിസ്റ്റ് വിസകൾ അനുവദിക്കുന്നില്ലെന്നും എംബസി പ്രത്യേക അറിയിപ്പിലൂടെ വ്യക്തമാക്കി.
മാർച്ച് 7-നാണ് ഖത്തറിലെ ഇന്ത്യൻ എംബസി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഖത്തറിലേക്കുള്ള വിസിറ്റ് വിസകൾ, വിസ ഓൺ അറൈവൽ സേവനങ്ങൾ എന്നിവ പുനരാരംഭിച്ചതായുള്ള തെറ്റായ വാർത്ത അടങ്ങിയ ഒരു സന്ദേശം സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഖത്തറിലെ ഇന്ത്യൻ എംബസി ഇന്ത്യൻ സമൂഹത്തിന് ഇത്തരം ഒരു അറിയിപ്പ് നൽകിയത്.
“രാജ്യത്തെ കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഖത്തർ നിലവിൽ പുതിയ വിസിറ്റ്/ ഫാമിലി/ ടൂറിസ്റ്റ് വിസകൾ അനുവദിക്കുന്നില്ല. ഖത്തർ പുതിയ വിസകൾ അനുവദിക്കുന്നതായുള്ള രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണ്.”, എംബസി പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു. ഖത്തറിലെ അധികൃതരുമായി ഇതുമായി ബന്ധപ്പെട്ട് ആശയവിനിമയം നടത്തിയതായും എംബസി അധികൃതർ അറിയിച്ചു.