കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമാണത്തിൽ നിലപാട് ആവർത്തിച്ച് സർക്കാർ. തുറമുഖ നിർമാണം നിർത്തിവെക്കാനാകില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അതേസമയം, അതീവ സുരക്ഷാ മേഖലയിൽ പോലും സമരക്കാർ കടന്നുവെന്നും നിർമാണം സ്തംഭിച്ചിരിക്കുകയാണെന്നും അദാനി ഗ്രൂപ്പ് കോടതിയിൽ പറഞ്ഞു. സമരത്തിൽ പുരോഹിതരും ഉണ്ടെന്ന് ഹരജിക്കാർ കോടതിയിൽ പറഞ്ഞു.
മുഖ്യമന്ത്രിയുടെ സഭയിലെ പ്രസ്താവന സ്വീകാര്യമല്ലെന്നായിരുന്നു സമരസമിതിയുടെ നിലപാട്.രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ടും വിജിലൻസ് റിപ്പോർട്ടും പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട സമിതി സമരം തുടരുമെന്ന് നിലപാടെടുത്തു. തുറമുഖ നിർമാണ പഠനം നടത്തിയ എൻഐഒടി അദാനിയുടെ ഏജൻസി പോലെയാണ് പ്രവർത്തിച്ചതെന്നും ലത്തീൻ അതിരൂപത വിമർശിച്ചു.