വോട്ടര്‍പട്ടിക പുതുക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടികള്‍ ആരംഭിച്ചു. 2022 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ പൗരന്‍മാര്‍ക്കാണ് പട്ടികയില്‍ ഉള്‍പ്പെടാന്‍ അര്‍ഹത. നിലവിലുള്ള പട്ടികയിലെ തെറ്റുകള്‍ തിരുത്തുക, ഇരട്ടിപ്പ് ഒഴിവാക്കുക, വിലാസത്തിലും മറ്റ് വ്യക്തി വിവരങ്ങളിലുമുളള തെറ്റുകള്‍ തിരുത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഇതിനകം ആരംഭിച്ചു. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (ബിഎല്‍ഒ) വീടുകള്‍ സന്ദര്‍ശിച്ചാണ് തെറ്റുകള്‍ തിരുത്തി പട്ടിക ശുദ്ധീകരിക്കുന്ന പ്രക്രിയ നടത്തുക. ഒക്‌ടോബര്‍ 31നകം ഇത് പൂര്‍ത്തിയാക്കും. പട്ടികയിലെ ഇത്തരം തെറ്റുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ബിഎല്‍ഒമാരുടെ ശ്രദ്ധയില്‍പെടുത്താവുന്നതാണ്.
ഇതുസംബന്ധിച്ച് ജില്ലയിലെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. വോട്ടര്‍പട്ടിക കുറ്റമറ്റമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും സഹകരണം കലക്ടര്‍ അഭ്യര്‍ഥിച്ചു. ഇതോടൊപ്പം ആവശ്യമെങ്കില്‍ പോളിംഗ് ബൂത്തുകള്‍ പുനര്‍വിന്യസിക്കുന്നതിനുള്ള നടപടികളും ഉണ്ടാകും. ഇലക്ടറല്‍ റോള്‍ ഓഫീസര്‍മാരായ തഹസില്‍ദാര്‍മാര്‍ക്കാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കേണ്ടത്. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് തഹസില്‍ദാര്‍മാര്‍ നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചു ചേര്‍ക്കുമെന്നും കലക്ടര്‍ അറിയിച്ചു.
നവംബര്‍ ഒന്നിന് കരട് പട്ടിക പ്രസിദ്ധീകരിക്കും. നവംബര്‍ ഒന്ന് മുതല്‍ നവംബര്‍ 30 വരെ പുതിയ വോട്ടര്‍മാരെ ചേര്‍ക്കാനും അനര്‍ഹരെ ഒഴിവാക്കാനും അവസരമുണ്ടാകും. ഇവ പരിശോധിച്ച് ആവശ്യമായ മാറ്റങ്ങളോടെ 2022 ജനുവരി അഞ്ചിന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.
യോഗത്തില്‍ എഡിഎം കെ കെ ദിവാകരന്‍, ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍) ജി ശ്രീകുമാര്‍, രാഷ്്രടീയ പാര്‍ട്ടി പ്രതിനിധികളായ പി വി ഗോപിനാഥ് (സിപിഐഎം), പി പി ദിവാകരന്‍ ( ജനതാദള്‍-എസ്), കെ സി മുഹമ്മദ് ഫൈസല്‍ (കോണ്‍ഗ്രസ്), അബ്ദുള്‍ കരീം ചേലേരി (മുസ്ലിംലീഗ്), പി ആര്‍ രാജന്‍ (ബിജെപി), ജോയി കൊന്നക്കല്‍ ( കേരള കോണ്‍ഗ്രസ്-എം), ജോണ്‍സണ്‍ പി തോമസ് (ആര്‍എസ്പി), ബി ഷംസുദ്ദീന്‍ (എസ്ഡിപിഐ), യു പി മുഹമ്മദ് കുഞ്ഞി (കോണ്‍ഗ്രസ്- എസ്) തഹസില്‍ദാര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Mediawings: