കോവിഡ് ചുറ്റിക്കറങ്ങുമ്പോഴും ഒട്ടും ആവേശം കുറയാതെ നടന്ന പ്രചാരണത്തിനും വോട്ടെടുപ്പിനും പരിസമാപ്തി. വോട്ടുകൾ പെട്ടിയിൽ നിറഞ്ഞു കഴിഞ്ഞു. മെയ് 2 നു ഫലപ്രഖ്യാപനം വരുന്നത് വരെ കൂട്ടിയും കിഴിച്ചും മുന്നണികൾ അണിയറയിൽ .
അടയിരിപ്പിന്റെ 26 നാളുകളാണ് ഇനി കാത്തിരിക്കേണ്ടത്. ശുഭ പ്രതീക്ഷയിൽ ആണ് ഇരു മുന്നണികളും. തുടർ ഭരണം പ്രതീക്ഷിച്ച് എൽ ഡി എഫും ഭരണമാറ്റം കണക്കു കൂട്ടി പ്രതിപക്ഷവും. ബിജെപിക്കും പ്രതീക്ഷക്ക് ഒട്ടും കുറവില്ല. 30 ശതമാനം സീറ്റുകൾ കിട്ടിയാൽ ഭരണം തട്ടിക്കൂട്ടാനുള്ള ചാണക്യ തന്ത്രങ്ങൾ അണിയറയിൽ നടക്കുന്നുണ്ടാകാം.
എം.എൽ എ ഓഫീസും താമസ സൗകര്യവും ഒക്കെ റെഡി ആക്കി കാത്തിരിക്കുകയാണ് ചിലരെങ്കിലും. പ്രതീക്ഷിച്ചതിന് വിപരീത ഫലം ഉണ്ടാകുമ്പോൾ പ്രയോഗിക്കാനുള്ള തന്ത്രങ്ങളും കുറ്റപ്പെടുത്താനുള്ള നേതാക്കളുടെ പേരുകളും തിരയാൻ തുടങ്ങിയിട്ടുണ്ടാകും. മാധ്യമങ്ങൾക്കു കൊടുക്കേണ്ടുന്ന ചേരുവകൾ കൃത്യമായി ഒരുക്കി വച്ച് കാത്തിരിക്കുന്നുണ്ടാകും. അന്തിചർച്ചകൾക്കു ചൂട് കൂടാൻ നമുക്കും കാത്തിരിക്കാം.