സൂക്ഷിച്ചില്ലെങ്കില്‍ സര്‍വ്വവും ചൂണ്ടും; സൗജന്യ വിപിഎൻ ആപ്പുകളെ കരുതിയിരിക്കുക, മുന്നറിയിപ്പുമായി ഗൂഗിൾ

വ്യാജ വിപിഎൻ ആപ്പുകളും എക്സ്റ്റൻഷനുകളും അതിവേഗം വർധിച്ചുവരികയാണെന്ന് മുന്നറിയിപ്പുമായി ഗൂഗിള്‍.
ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ മോഷ്‌ടിക്കുന്നതിനാണ് ഈ ആപ്പുകള്‍ രൂപകല്‍പ്പന ചെയ്‌തിരിക്കുന്നതെന്നും സൗജന്യ വിപിഎന്നുകള്‍ ഉപയോക്താക്കളെ അപകടത്തിലാക്കുന്നതായും ഗൂഗിള്‍ വ്യക്തമാക്കുന്നു. നിരവധി സൗജന്യ വിപിഎൻ ആപ്പുകള്‍ ഉപയോക്തൃ ഡാറ്റ ലോഗ് ചെയ്യുകയും ട്രാക്കറുകള്‍ ഇൻസ്റ്റാള്‍ ചെയ്യുകയും വ്യാജ അവലോകനങ്ങള്‍ ഉപയോഗിച്ച്‌ അവരുടെ റാങ്കിംഗ് വർധിപ്പിക്കുകയും ചെയ്യുന്നുവെന്നും, മാല്‍വെയർ പ്രചരിപ്പിക്കാൻ തട്ടിപ്പ് ഗ്രൂപ്പുകള്‍ ഈ ആപ്പുകള്‍ ഉപയോഗിക്കുന്നുവെന്നും ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കുന്നു.

വ്യാജ വിപിഎൻ ആപ്പുകള്‍: എന്താണ് അപകടം?

വ്യാജ വിപിഎൻ ആപ്പുകള്‍ യഥാർഥ ബ്രാൻഡുകളായി സ്വയം അവതരിപ്പിക്കുന്നുവെന്ന് ഗൂഗിള്‍ പറയുന്നു. ഉപയോക്താക്കളെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാൻ പ്രേരിപ്പിക്കുന്നതിനായി അവർ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളോ ട്രെൻഡിംഗ് ഇവന്‍റുകളിലേക്കുള്ള ലിങ്കുകളോ ഉപയോഗിക്കുന്നു. ഇൻസ്റ്റാള്‍ ചെയ്‌തുകഴിഞ്ഞാല്‍, ഇൻഫോ-സ്റ്റീലറുകള്‍ (വിവരങ്ങള്‍ മോഷ്‌ടിക്കുന്ന വൈറസുകള്‍), റിമോട്ട് ആക്‌സസ് ടൂളുകള്‍, ബാങ്കിംഗ് ട്രോജനുകള്‍ (ബാങ്ക് വിശദാംശങ്ങള്‍ മോഷ്‌ടിക്കുന്ന സോഫ്റ്റ്‌വെയർ) തുടങ്ങിയ അപകടകരമായ സോഫ്റ്റ്‌വെയർ (മാല്‍വെയർ) അവർ ഇൻസ്റ്റാള്‍ ചെയ്യുന്നു. ഇവ ഹാക്കർമാർക്ക് നിങ്ങളുടെ ബ്രൗസിംഗ് ഡാറ്റ, സന്ദേശങ്ങള്‍, ബാങ്ക് വിശദാംശങ്ങള്‍, ക്രിപ്‌റ്റോ വാലറ്റുകള്‍ എന്നിവയിലേക്ക് ആക്‌സസ് നല്‍കും.

വ്യാജ വിപിഎൻ ആപ്പ് എങ്ങനെ തിരിച്ചറിയാം?

വ്യാജ വിപിഎന്‍ ആപ്പുകള്‍ അനാവശ്യമായ അനുമതികള്‍ ഉപയോക്താക്കളില്‍ നിന്ന് ആവശ്യപ്പെടുന്നു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിലൂടെയും മറ്റും അവർ ഡൗണ്‍ലോഡുകള്‍ നിർബന്ധിക്കുന്നു. ഈ ആപ്പുകള്‍ നിങ്ങളുടെ പ്രവർത്തനം ട്രാക്ക് ചെയ്യുകയോ ഡാറ്റ വില്‍ക്കുകയോ ചെയ്യുന്നു. ഈ ആപ്പുകള്‍ക്ക് പലപ്പോഴും വ്യക്തതയില്ലാത്ത സ്വകാര്യതാ നയങ്ങള്‍ ആണുള്ളത്. ഈ കമ്ബനികള്‍ പലപ്പോഴും സ്വന്തം വിവരങ്ങളോ സുരക്ഷാ ഓഡിറ്റുകളോ നല്‍കാറില്ല. സുരക്ഷിത ബ്രൗസിംഗ് എന്ന വ്യാജേന അവർ നിങ്ങളെ കബളിപ്പിച്ച്‌ മാല്‍വെയർ ഇൻസ്റ്റാള്‍ ചെയ്യുന്നുവെന്നും ഗൂഗിള്‍ പറയുന്നു.

ഒരു അപകടകാരിയായ വിപിഎൻ എങ്ങനെ തിരിച്ചറിയാം?

ദോഷകരമായ വിപിഎന്നുകളുടെ പൊതു സ്വഭാവവും സൂചനകളും ഗൂഗിള്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇവയില്‍ ഇവ ഉള്‍പ്പെടുന്നു:

1. വിപിഎൻ ഫംഗ്ഷനുകളുമായി ബന്ധമില്ലാത്ത അനുമതികള്‍ക്കായുള്ള അഭ്യർഥനകള്‍.

2. ഡൗണ്‍ലോഡുകള്‍ വർധിപ്പിക്കുന്നതിന് പ്രേരിപ്പിക്കുന്നതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ പരസ്യങ്ങള്‍ ഉപയോഗിക്കുന്നത്.

3. ഉപയോക്തൃ പ്രവർത്തനം ട്രാക്ക് ചെയ്യുക, അല്ലെങ്കില്‍ ഡാറ്റ വില്‍ക്കുക.

4. വ്യക്തമല്ലാത്ത സ്വകാര്യതാ നയങ്ങള്‍

5. പരിശോധിച്ച ഓഡിറ്റുകളോ കമ്ബനി വിവരങ്ങളോ ഇല്ല.

6 . സുരക്ഷിത ബ്രൗസിംഗ് വാഗ്‌ദാനം ചെയ്യുന്നുവെന്ന് അവകാശപ്പെട്ടുകൊണ്ട് മാല്‍വെയർ ഇൻസ്റ്റാള്‍ ചെയ്യുന്നു.

Mediawings:

spot_img

Related Articles

Latest news