വിഎസ് ഇനി ജ്വലിക്കുന്ന ഓര്‍മ്മ, വിപ്ലവ സൂര്യൻ വിടവാങ്ങി

 

തിരുവനന്തപുരം: ഇതിഹാസ കമ്മ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു. നൂറ്റിയൊന്ന് വയസായിരുന്നു.ഇന്ന് വൈകിട്ട് 3.20ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലായിരുന്നു അന്ത്യം. മരണസമയം ഭാര്യയും മക്കളുമടക്കമുള്ള ഉറ്റബന്ധുക്കള്‍ സമീപത്തുണ്ടായിരന്നു. ഇന്ന് നില അതീവഗുരുതരമാകുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, എസ് രാമചന്ദ്രൻപിള്ള, വി ജോയി, കെഎൻ ബാലഗോപാല്‍, വീണാ ജോർജ്, കോണ്‍ഗ്രസ് നേതാവ് വിഎം സുധീരൻ അടക്കമുള്ള നേതാക്കള്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്.

പക്ഷാഘാതത്തെത്തുടർന്ന് ഏറെനാളായി വീട്ടില്‍ വിശ്രമത്തിലായിരുന്ന വിഎസിന് ഹൃദയാഘാതം ഉണ്ടായതോടെ ജൂണ്‍ 23ന് രാവിലെയാണ് എസ്‌യുടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാർഡിയാക് ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെടുകയും മരുന്നുകളാേട് പ്രതികരിക്കുകയും ചെയ്തിരുന്നു. വിവിധ സ്‌പെഷ്യലിസ്റ്റുകള്‍ അടങ്ങിയ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തിന്റെ മേല്‍‌നോട്ടത്തില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില സസൂക്ഷ്മം വിലയിരുത്തിവരികയായിരുന്നു.

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ പുന്നപ്രയില്‍ വേലിക്കകത്ത് വീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബർ 20നായിരുന്നു ജനനം. നാലു വയസുള്ളപ്പോള്‍ അമ്മയും പതിനൊന്നാം വയസില്‍ അച്ഛനും മരിച്ചതിനെത്തുടർന്ന് അച്ഛന്റെ സഹോദരിയാണ് അച്യുതാനന്ദനെ വളർത്തിയത്. അച്ഛൻ മരിച്ചതോടെ ഏഴാം ക്ലാസില്‍ പഠനം അവസാനിപ്പിച്ച വിഎസ്, ജ്യേഷ്ഠന്റെ സഹായിയായി കുറെക്കാലം ജൗളിക്കടയില്‍ ജോലി നോക്കി. തുടർന്നു കയർ ഫാക്ടറിയിലും ജോലി ചെയ്തു.

നിവർത്തന പ്രക്ഷോഭം നാട്ടില്‍ കൊടുമ്പിരികൊണ്ടിരുന്ന കാലത്ത് അതില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട അച്യുതാനന്ദൻ 1938ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ ചേർന്നു. തുടർന്ന് 1940ല്‍ കമ്യൂണിസ്റ്റ് പാർട്ടി മെംമ്പറായി.അച്യുതാനന്ദനില്‍ നല്ലൊരു കമ്യൂണിസ്റ്റുകാരനുണ്ടെന്ന് കണ്ടെത്തിയത് പി. കൃഷ്ണപിള്ളയായിരുന്നു. പാർട്ടി വളർത്താനായി അച്യുതാനന്ദനെ അദ്ദേഹം കുട്ടനാട്ടിലെ കർഷക തൊഴിലാളികള്‍ക്കിടയിലേക്ക് വിട്ടു. അവിടെ നിന്ന് അച്യുതാനന്ദൻ വളർന്നത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃനിരയിലേക്കായിരുന്നു.

പുന്നപ്ര വയലാർ സമരത്തില്‍ പങ്കെടുക്കവെ അറസ്റ്റ് വാറണ്ടിനെ തുടർന്ന് പൂഞ്ഞാറില്‍ ഒളിവിലിരുന്നു. പിന്നീട് അറസ്റ്റിലായ അദ്ദേഹത്തിന് ലോക്കപ്പില്‍ ക്രൂരമർദ്ധനം ഏല്‍ക്കേണ്ടിവന്നു. പിന്നീട് നാലു വർഷക്കാലം പൂജപ്പുര സെൻട്രല്‍ ജയിലില്‍ തടവിലായിരുന്നു.1952ല്‍ വി.എസ്.അച്യുതാനന്ദൻ കമ്മ്യൂണിസ്റ്റ് പാർട്ടി ആലപ്പുഴ ഡിവിഷൻ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1954ല്‍ പാർട്ടി സംസ്ഥാന കമ്മറ്റിയില്‍ അംഗമായ വി.എസ് 1956ല്‍ ആലപ്പുഴ ജില്ലാ സെക്രട്ടറിയായതോടൊപ്പം തന്നെ പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിന് വഴിവച്ച 1964ലെ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോന്ന് സിപിഎം രൂപീകരിച്ച കേരളത്തില്‍ നിന്നുള്ള ഏഴുനേതാക്കളില്‍ ഒരാളാണ് വി.എസ്.അച്യുതാനന്ദൻ.

ഭാര്യ: കെ.വസുമതി, മക്കള്‍: വി.എ.അരുണ്‍കുമാർ, ഡോ. വി വി ആശ. മരുമക്കള്‍: ഡോ. രജനി ബാലചന്ദ്രൻ, ഡോ. വി.തങ്കരാജ്.

spot_img

Related Articles

Latest news