ആലപ്പുഴ: അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനോടുള്ള ആദരസൂചകമായി ആലപ്പുഴ ജില്ലയില്‍ നാളെ പൊതു അവധി പ്രഖ്യാപിച്ചു.സർക്കാർ ഓഫീസുകള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജൂലായ് 23 ബുധനാഴ്‌ച അവധിയാണ്.
ഇന്ന് ഉച്ചയ്‌ക്ക് സെക്രട്ടേറിയറ്റില്‍ നിന്ന് തിരിച്ച വിലാപയാത്ര രാത്രിയോടെ ആലപ്പുഴയില്‍ എത്തും. ശേഷം ആലപ്പുഴ സിപിഎം ജില്ലാ കമ്മറ്റി ഓഫീസില്‍ പൊതുദർശനത്തിന് വയ്‌ക്കും. തുടർന്ന് ആലപ്പുഴ പൊലീസ് റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനത്തിന് വയ്‌ക്കും. വൈകിട്ട് മൂന്ന് മണിക്ക് വലിയ ചുടുകാട്ടില്‍ സംസ്‌കരിക്കും.
വിലാപയാത്ര ഒരു കിലോമീറ്റർ പിന്നിടാൻ ഏകദേശം 45 മിനിട്ട് സമയമെടുത്തു. സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധിപേരാണ് വിഎസിന് അന്തിമോപചാരമർപ്പിക്കാൻ വഴിയിലുടനീളം കാത്തുനില്‍ക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് പുന്നപ്രയിലേക്ക് ഏകദേശം 151 കിലോമീറ്റർ ദൂരമാണുള്ളത്. എന്നാല്‍, വഴിയിലുടനീളം ജനസാഗരം തന്നെ വിഎസിനെ അവസാനമായി കാണാൻ കാത്തുനില്‍ക്കുന്നതിനാല്‍ രാത്രി ഏറെ വൈകിയാകും പുന്നപ്രയിലെത്തുക.