ആലപ്പുഴ: ആയിരങ്ങളെ സാക്ഷിയാക്കി ചെങ്കൊടി പുതച്ച് അനശ്വരതയില്‍ ലയിച്ച് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ.പുന്നപ്രയിലെ വലിയ ചുടുകാട്ടില്‍ തോരാ മഴയിലും നിറഞ്ഞു നിന്ന മുദ്രാവാക്യങ്ങളെയും തടിച്ചു കൂടിയ അണികളെയും സാക്ഷിയാക്കി മകൻ അരുണ്‍ കുമാർ വിഎസിന്‍റെ ചിതയ്ക്ക് തീ കൊളുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വലിയ ചുടുകാട്ടില്‍ വിഎസിന് അന്ത്യാഭിവാദ്യം അർപ്പിക്കാനായി എത്തിയിരുന്നു. പുന്നപ്രയില്‍ വേലിക്കകത്ത് വീട്ടിലും, സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലും ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനം ഒരുക്കിയിരുന്നു.
കനത്ത മഴയായിരുന്നു ആലപ്പുഴയില്‍ ബുധനാഴ്ച വൈകുന്നേരത്തോടെ പെയ്തത്. ജനങ്ങളാകട്ടെ, തിരമാലപോലെ അവിടേയ്ക്കൊഴുകി. കാസർകോടുമുതല്‍ തിരുവനന്തപുരം വരെ വിവിധ ജില്ലകളില്‍നിന്നുള്ള പാർട്ടിപ്രവർത്തകരും അല്ലാത്തവരുമായ ആളുകള്‍ ആലപ്പുഴയില്‍ എത്തിയിരുന്നു, അവരുടെ കണ്ണും കരളുമായിരുന്ന നേതാവിനെ അവസാനമായി ഒരുനോക്ക് കാണാൻ… ആ നേതാവിന്റെ പോരാട്ടങ്ങള്‍ക്ക് ചൂടും ചൂരുംപകർന്ന ആലപ്പുഴയുടെ മണ്ണ് കാത്തുകിടക്കുകയായിരുന്നു, ആ മകനെ നെഞ്ചോടുചേർക്കാൻ. എക്കാലവും ആള്‍ക്കൂട്ടത്തിനു നടുവിലായിരുന്ന ആ നേതാവിനുചുറ്റും ജനക്കൂട്ടം തിരതള്ളിയാർത്തു. മനുഷ്യരുടെ കൈകള്‍ ആകാശത്തേയ്ക്കുയർന്നു, മുഖരിതമായി ‘ഇങ്ക്വിലാബ് സിന്ദാബാദ്’- ജീവിതം സമരമാക്കിയ, ഒന്നിനോടും സമരസപ്പെടാതിരുന്ന ഒരു യഥാർഥ കമ്യൂണിസ്റ്റിന് അവർ വിടനല്‍കി.