തിരുവനന്തപുരം: വഖഫ് ബോർഡിലെ പ്രാതിനിധ്യത്തെച്ചൊല്ലിയുള്ള തർക്കത്തില്‍ സമവായം. എപി വിഭാഗത്തെ ബോർഡില്‍ ഉള്‍പ്പെടുത്താനും ഇവർ നിർദേശിക്കുന്ന വ്യക്തിക്ക് അംഗത്വം നല്‍കാനുമാണ് ധാരണയായത്. ഇതോടെ നിലവില്‍ പ്രഖ്യാപിച്ച വഖഫ് ബോർഡില്‍ മാറ്റങ്ങള്‍ വരും. ഇതുസംബന്ധിച്ച് കാന്തപുരവുമായി മന്ത്രി എൻ. ഷംസുദ്ദീൻ ഇന്ന് കൂടിക്കാഴ്ച നടത്തും.
മുഖ്യമന്ത്രി വി.ഡി.സതീശനും മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയും നടത്തിയ ഇടപെടലാണ് സമവായ നീക്കത്തിന് വഴിയൊരുക്കിയത്. പൊന്നാനി എംഎല്‍എ നൗഷാദ് അലിയും ചർച്ചകളില്‍ ഇടപെട്ടു. സമവായത്തിന്റെ ഭാഗമായി ഹജ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തും മാറ്റമുണ്ടാകും. നിലവില്‍ കാന്തപുരം വിഭാഗത്തില്‍നിന്നുള്ള ഹുസൈൻ സഖാഫി ചുള്ളിക്കോട് സ്ഥാനം രാജിവെക്കും.
പകരം എപി വിഭാഗം നിർദേശിക്കുന്ന വ്യക്തിക്ക് വഖഫ് ബോർഡില്‍ അംഗത്വം നല്‍കാനാണ് ധാരണ. മന്ത്രിയും കാന്തപുരവും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാകും തുടർനടപടികളില്‍ കൂടുതല്‍ വ്യക്തത ലഭിക്കുക. വഖഫ് വിഷയത്തില്‍ സമവായമായതായി മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. നിലവില്‍ പ്രഖ്യാപിച്ച ബോർഡില്‍ മാറ്റങ്ങള്‍ വരുമെന്നും എല്ലാവരെയും ചേർത്തുനിർത്തുന്ന സമീപനമാണ് സ്വീകരിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

