32 തദ്ദേശവാർഡുകളിൽ ഉപതെരഞ്ഞെടുപ്പ്

സംസ്ഥാനത്തെ 32 തദ്ദേശവാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് ദിനത്തിലെത്തി നിൽക്കുമ്പോൾ പോരാട്ടം ഇഞ്ചോടിഞ്ച് പ്രതീതിയാണ് ഉയർത്തുന്നത്. തിരുവനന്തപുരം കൊച്ചി കോർപ്പറേഷനുകളിലെ ഓരോ വാർഡുകളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.

ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലാപഞ്ചായത്തുകളിലെ ഓരോ ഡിവിഷനുകളിലും ഉപ-തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. രാവിലെ ഏഴിന് തുടങ്ങുന്ന വോട്ടെടുപ്പ് വൈകിട്ട് ആറ് മണിക്കാണ് അവസാനിക്കുക. വോട്ടെണ്ണൽ നാളെ നടക്കും.

ഉപതെരഞ്ഞെടുപ്പ് പോരാട്ടത്തിൽ ഏറ്റവും ശ്രദ്ധേയം കൊച്ചി നഗരസഭയിലെ ഗാന്ധി നഗർ ഡിവിഷനാണ്. നേരിയ ഭൂരിപക്ഷത്തിൽ എൽഡിഎഫ് ഭരിക്കുന്ന കൊച്ചി കോർപ്പറേഷനിൽ ഉപതെരഞ്ഞെടുപ്പ് ഫലം ഏറെ നിർണായകമാണ്. അഞ്ച് കോളനികൾ, ഒരു പറ്റം ഫ്ലാറ്റുകളും ഉൾപ്പടെ സങ്കീർണമായ നഗരപരിസരത്തിൽ 8000ത്തോളം വോട്ടർമാരുണ്ട്.

കെഎസ്ആർസി സ്റ്റാൻഡും കമ്മട്ടിപ്പാടവും ഉൾപ്പെടുന്ന കൊച്ചി നഗരത്തിലെ ഹൃദയഭാഗത്താണ് 63ാം വാർഡ്. കൊവിഡ് ബാധിച്ച് കൗൺസിലർ മരിച്ചതിനെ തുടർന്നാണ് 63ാം ഡിവിഷനിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടവന്നത്.

മൂന്നര പതിറ്റാണ്ടായി എൽഡിഎഫിന്‍റെ കുത്തക വാർഡ് എന്ന നിലയിലും ഗാന്ധിനഗർ ശ്രദ്ധേയമാണ്. സിഐടിയു നേതാവും മുൻ കൗൺസിലറുമായിരുന്ന കെ കെ ശിവൻ കഴിഞ്ഞ മെയിലാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ശിവന്‍റെ ഭാര്യ ബിന്ദു ശിവനാണ് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായെത്തിയത്.

കഴിഞ്ഞ തവണ 115 വോട്ടുകൾക്ക് മാത്രം പരാജയപ്പെട്ട പി ഡി മാർട്ടിൻ തന്നെയാണ് ഇത്തവണയും യുഡിഎഫ് സ്ഥാനാർത്ഥി. കഴിഞ്ഞ തവണ 379 വോട്ട് കിട്ടിയിടത്ത് നിന്ന് വോട്ടുവിഹിതം പരാമവധി ഉയർത്താനുള്ള ശ്രമത്തിലാണ് എൻഡിഎ.

എൽഡിഎഫിന്‍റെ ശക്തമായ കോട്ടയിൽ ഇത്തവണ അട്ടിമറിയെന്നാണ് യുഡിഎഫിന്‍റെ അവകാശവാദം. കോർപ്പറേഷനിലെ ഇടത് ഭരണം തുടരാൻ ജനം വോട്ട് ചെയ്യുമെന്നാണ് എൽ ഡി എഫിന്‍റെ മറുപടി. ഒരു കോർപ്പറേഷൻ ഡിവിഷനിലെ ഉപതെര‍ഞ്ഞെടുപ്പിലെ സാധാരണ പ്രചരണമായിരുന്നില്ല ഗാന്ധിനഗറിൽ കണ്ടത്. എല്ലായിടത്തും ഫ്ലക്സ് ബോർഡുകളും പ്രചാരണ വാഹനങ്ങളുമായി മുന്നണികൾ വീറും വാശിയും കാട്ടി. വീണ്ടും വീണ്ടും വീടുകളിലെത്തി വോട്ടുറപ്പിക്കുന്നതിൽ സ്ഥാനാർത്ഥികൾ തമ്മിൽ വാശി കൂടുതലായിരുന്നു എന്ന് പറയാം.

കോർപ്പേറഷനിൽ നേരിയ ഭൂരിപക്ഷം മാത്രമുള്ളതിനാൽ ഭരണ-പ്രതിപക്ഷങ്ങൾക്ക് തെരഞ്ഞെടുപ്പ് നിർണായകമാണ്. 74 അംഗ കൊച്ചി കോർപ്പറേഷനിൽ സ്വതന്ത്രരുടെ പിന്തുണയോടെ നാല് സീറ്റുകളുടെ മാത്രം ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് ഭരണം തുടരുന്നത്.

കൗൺസിലർമാരുടെ മരണത്തെ തുടർന്ന് രണ്ട് ഇടത്ത് കൂടി ഉപതെരഞ്ഞെടുപ്പ് നടക്കാനുണ്ട്. സ്വതന്ത്ര കൗൺസിലർമാരുടെ മനസ്സിലിരിപ്പിൽ കാര്യങ്ങൾ എപ്പോൾ വേണമെങ്കിലും മാറി മറിയാമെന്നതിനാൽ ഗാന്ധി നഗറിന് താരതിളക്കം കൂടുന്നു.

തിരുവനന്തപുരം കോർപ്പറേഷനിലാകട്ടെ വെട്ടുകാട് വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് മുന്നണികൾ കാഴ്ചവയ്ക്കുന്നത്. കൗൺസിലറായിരുന്ന സാബു ജോസ് കൊവിഡ് ബാധിച്ച് മരിച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കോൺഗ്രസിൽ നിന്ന് പിടിച്ചെടുത്ത വാർഡ് നിലനിർത്താനുള്ള ശ്രമത്തിലാണ് എൽഡിഎഫ്. വാർ‍‍ഡ് തിരിച്ചുപിടിച്ച് തീരമേഖലയിലെ ശക്തി തെളിയിക്കാനാണ് യുഡിഎഫ് നീക്കം.

മോശം റോഡ്, വെള്ളക്കെട്ട്, തീരത്തെ തൊഴിലില്ലായ്മ, ടൂറിസം രംഗത്തെ തളർച്ച, തിരുവനന്തപുരത്തെ എല്ലാ തീരദേശ വാർഡുകളിലെയും പോലെ വെട്ടുകാടും തെരഞ്ഞെടുപ്പ് വിഷയങ്ങൾ ഇതൊക്കെയാണ്.

കോൺഗ്രസിൽ നിന്ന് തിരിച്ചുപിടിച്ച വാർഡ് ഉപതെരഞ്ഞെടുപ്പിലും വിട്ടുകൊടുക്കില്ലെന്ന വാശിയിലാണ് എൽഡിഎഫ്. 998 വോട്ടിന് ജയിച്ച മുൻ കൗൺസിലർ സാബു ജോസിന്‍റെ പ്രവർത്തനങ്ങളുടെ തുടർച്ചയ്ക്കായാണ് എൽഡിഎഫ് സ്ഥാനാർത്ഥി ക്ലൈനസ് റോസാരിയോ വോട്ട് ചോദിക്കുന്നത്. വാർഡിന്‍റെ പിന്നോക്കാവസ്ഥയ്ക്കും വെള്ളക്കെട്ടിനും ഒക്കെ ജനം ഉപതെരഞ്ഞെടുപ്പിൽ മറുപടി പറയുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ബെർബി ഫെർണാണ്ടസ് പറയുന്നത്. കോൺഗ്രസ് വിമതനായിരുന്ന സാബു ജോസിനെ മത്സരിപ്പിച്ചത് കൊണ്ടാണ് 2020ൽ എൽഡിഎഫ് ജയിച്ചതെന്നാണ് കോൺഗ്രസ് വാദം. എം.പോളാണ് ബിജെപി സ്ഥാനാർത്ഥി.

നഗരസഭാ ഭരണത്തെ ബാധിക്കില്ലെങ്കിലും പരാജയപ്പെട്ടാൽ ഇടതുമുന്നണിക്ക് തിരിച്ചടിയാണ്. നഗരഭരണത്തിൽ മൂന്നാം സ്ഥാനത്തുള്ള യുഡിഎഫിനാണെങ്കിൽ വെട്ടുകാട് നേടിയാൽ പിടിവള്ളിയും.

ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ ഇടയ്ക്കോട്, പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തില്‍ പോത്തന്‍കോട്, വിതുര പഞ്ചായത്തില്‍ പൊന്നാംചുണ്ട് എന്നിവിടങ്ങളിലും ഇന്ന് ജില്ലയിൽ വോട്ടെടുപ്പ് നടക്കുന്നുണ്ട്.

spot_img

Related Articles

Latest news