കുണ്ടറ പീഡനം: മന്ത്രി എ കെ ശശീന്ദ്രന് താക്കീത്

തിരുവനന്തപുരം : കുണ്ടറ പീഡന പരാതിയുമായി ബന്ധപ്പെട്ട് എന്‍സിപിയില്‍ വീണ്ടും അച്ചടക്ക നടപടി. നാല് നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍. നടപടി എടുത്തതില്‍ പരാതി നല്‍കിയ യുവതിയുടെ പിതാവും ഉള്‍പ്പെടുന്നു. പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കി എന്ന കുറ്റത്തിനാണ് നടപടി.

കുണ്ടറ നിയോജക മണ്ഡലം പ്രസിഡന്റ് ബെനഡിക്‌ട്, സംസ്ഥാന സമിതി അംഗം പ്രദീപ്, എന്‍സിപി മഹിളാ വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്റ് ഹണി വിറ്റോ, എന്‍വൈസി കൊല്ലം ജില്ലാ പ്രസിഡന്റ് ബിജു എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസില്‍ പ്രതികളായ എന്‍സിപി സംസ്ഥാന നിര്‍വാഹകസമിതി അംഗം പത്മാകരന്‍, ട്രേഡ് യൂണിയന്‍ നേതാവ് രാജീവ് എന്നിവരെ നേരത്തേ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

മന്ത്രിയുടെ ഫോണ്‍ റെക്കോര്‍ഡ് ചെയ്തു മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതു ബെനഡിക്‌ട് ആണെന്ന് അന്വേഷണ സമിതി കണ്ടെത്തി. മന്ത്രിയുമായി അടുത്ത ബന്ധമുള്ള പ്രദീപ്, ആ ബന്ധം ഉപയോഗിച്ച്‌ മന്ത്രിയെക്കൊണ്ടു ഫോണ്‍ ചെയ്യിപ്പിക്കുകയായിരുന്നെന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

യുവജന വിഭാഗം നേതാവ് ബിജുവിനെതിരെയും ഇതേ കുറ്റമാണ് ആരോപിക്കപ്പെട്ടിരിക്കുന്നത്. മഹിളാ നേതാവ് ഹണി വിറ്റോയാണു ഫോണ്‍ സന്ദേശം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.

മന്ത്രിയെ കുടുക്കാന്‍ ഇവരെ പ്രേരിപ്പിച്ച ഘടകം എന്താണന്നു കൂടുതല്‍ അന്വേഷണത്തില്‍ മാത്രമേ വ്യക്തമാകൂ എന്ന് എന്‍സിപി നേതൃത്വം പറയുന്നു. വിവാദത്തില്‍ മന്ത്രി എ കെ ശശീന്ദ്രനെ എന്‍സിപി താക്കീത് ചെയ്തു. ഫോണ്‍ സംഭാഷണങ്ങളിലും ഇടപെടലുകളിലും ജാഗ്രത വേണമെന്നാണ് എന്‍സിപി മന്ത്രി ശശീന്ദ്രന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

മന്ത്രി എ.കെ. ശശീന്ദ്രനു ക്ലീന്‍ചിറ്റ് നല്‍കിയെങ്കിലും അദ്ദേഹം കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമായിരുന്നുവെന്ന് സംസ്ഥാന ഭാരവാഹി യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഭാവിയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മന്ത്രിക്കു പെരുമാറ്റച്ചട്ടം കൊണ്ടുവരാനും യോഗത്തില്‍ തീരുമാനമായി.

സ്ഥലംമാറ്റവും നിവേദനങ്ങളും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇനി മുതല്‍ ജില്ലാ നേതാക്കള്‍ മന്ത്രിയോട് നേരിട്ടു സംസാരിക്കരുത്. സംസ്ഥാന കമ്മിറ്റി ഓഫിസിനെ അറിയിച്ച ശേഷം കമ്മിറ്റിയായിരിക്കും മന്ത്രിയെ അറിയിക്കുക.

പാര്‍ട്ടിയുടെ സല്‍പ്പേര് കളങ്കപ്പെടുത്തിയതിന് അന്വേഷണ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോ വ്യക്തമാക്കി. എന്‍സിപി ഭാരവാഹി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിസി ചാക്കോ. പീഡന പരാതിയാണെന്ന് അറിയാതെയാണ് മന്ത്രി എകെ ശശീന്ദ്രന്‍ വിഷയത്തില്‍ ഇടപെട്ടതെന്നും അദ്ദേഹം വിശദീകരിച്ചു.

പൊലീസ് സ്റ്റേഷനില്‍ യുവതി കൊടുത്ത പരാതി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിനാണ് ഹണിക്കെതിരെ നടപടിയെന്ന് പിസി ചാക്കോ പറഞ്ഞു. പ്രദീപ് കുമാറാണ് മന്ത്രിയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഫോണ്‍ ചെയ്യിച്ചത്. ബെനഡിക്‌ട് ആണ് ഫോണ്‍ റെക്കോഡ് ചെയ്ത് മാധ്യമങ്ങളില്‍ നല്‍കിയത്. നിരവധി ക്രിമിനല്‍ കേസുകളും ബെനഡിക്ടിന്റെ പേരിലുണ്ടെന്ന് പിസി ചാക്കോ പറഞ്ഞു.

മന്ത്രിയുടെ ഫോണ്‍ റെക്കോഡ് ചെയ്ത് പ്രചരിപ്പിച്ചത് തെറ്റാണെന്ന് പി സി ചാക്കോ പറഞ്ഞു. യുവതിയുടെ പരാതി ഒത്തുതീര്‍പ്പാക്കാനാണ് മന്ത്രി വിളിച്ചത്. മന്ത്രിക്കെതിരെ ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കും. മന്ത്രിയെന്ന നിലയില്‍ ഫോണ്‍ സംഭാഷണങ്ങളില്‍ അടക്കം എ കെ ശശീന്ദ്രന്‍ ജാഗ്രത കാട്ടണമെന്നും പിസി ചാക്കോ അഭിപ്രായപ്പെട്ടു.

ഇതു കൂടാതെ, പാര്‍ട്ടിയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ അച്ചടക്ക ലംഘനങ്ങളുടെ പേരില്‍ രണ്ടു നേതാക്കള്‍ക്കെതിരെയും അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്. പാര്‍ട്ടി സംസ്ഥാന സമിതി അംഗങ്ങളായ ജയന്‍ പുത്തന്‍ പുരയ്ക്കല്‍, സലിം കാലിക്കറ്റ് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തതായി പി സി ചാക്കോ അറിയിച്ചു.

spot_img

Related Articles

Latest news