ദുബൈ: ദാമ്ബത്യ പ്രശ്നങ്ങള്‍ മൂലം വേര്‍പിരിയുന്ന ദമ്ബതികള്‍ക്ക് മുന്നറിയിപ്പുമായി ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍.
കേസ് ജയിക്കുന്നതിനോ കുട്ടികളെ വിട്ടുകിട്ടുന്നതിനോ അവരെ തെറ്റിധരിപ്പിക്കുന്നത് തടവ് ശിക്ഷയോ പിഴയോ ലഭിക്കാവുന്ന കുറ്റമാണെന്ന് ചീഫ് പബ്ലിക് പ്രോസിക്യൂട്ടറും എമിറേറ്റ്സ് ഫാമിലി ആന്‍ഡ് ജുവനൈല്‍ പ്രോസിക്യൂഷന്‍ മേധാവിയുമായ മുഹമ്മദ് അലി റുസ്തം പറഞ്ഞു.
പങ്കാളിയെ കുറ്റപ്പെടുത്തുന്ന രീതിയില്‍ മക്കളെ തെറ്റിധരിപ്പിക്കുന്നത് കോടതിയുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. അടുത്തിടെ ഇത്തരം സംഭവമുണ്ടായിരുന്നു. കുട്ടി സാമൂഹിക പ്രവര്‍ത്തകരോട് സത്യം തുറന്നു പറഞ്ഞപ്പോഴാണ് വിവരം അറിയുന്നത്. കുട്ടികളുമായി ഇടപഴകാന്‍ ഒരുക്കിയിരിക്കുന്ന മീറ്റിങ് റൂമിലെത്തിച്ച് ചോദിച്ചപ്പോഴാണ് സത്യം പുറത്തുവന്നത്. സമ്മര്‍ദമില്ലാതെ സംസാരിക്കാന്‍ കഴിഞ്ഞതോടെ സത്യങ്ങള്‍ പലതും പുറത്തുവന്നു. ദാമ്ബത്യ തര്‍ക്കത്തില്‍ കുട്ടിയെ ആയുധമായി ഉപയോഗിക്കുന്നത് തെറ്റാണ്. ഇത് കുട്ടികളെ വളരെ ദോഷകരമായി ബാധിക്കും. കള്ളം പറയാനും ഏത് മാര്‍ഗവും ഉപയോഗിച്ച് ആവശ്യമുള്ളത് നേടാനും കുട്ടികളെ പഠിപ്പിക്കുന്നതിന് തുല്യമാണിത്. ഇത് കുട്ടികളുടെ സ്വഭവത്തെ ദുഷിപ്പിക്കുന്നു. ഇത്തരം കേസുകളില്‍ പ്രോസിക്യൂട്ടര്‍മാര്‍ക്ക് കമ്മ്യൂണിറ്റി ഡെവലപ്‌മെന്‍റ് അതോറിറ്റിയുടെ സഹായം തേടാം. നല്‍കുന്ന വിവരങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കാന്‍ കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിക്കാമെന്നും അദ്ദേഹം പറഞ്ഞു. കോടതിയെ തെറ്റിധരിപ്പിക്കുന്നത് പിഴയോ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷയോ ലഭിക്കാവുന്ന കുറ്റമാണ്.