വയനാട് ഉരുള്‍പ്പൊട്ടല്‍; ദുരന്ത ബാധിതര്‍ക്കായി രണ്ടു ടൗണ്‍ഷിപ്പുകള്‍, 1000 സ്‌ക്വയര്‍ ഫീറ്റ് വീടുകള്‍, നിര്‍മാണ ചുമതല ഊരാളുങ്കലിന്

വയനാട് ഉരുള്‍പ്പൊട്ടലില്‍ മുണ്ടക്കൈ-ചൂരല്‍ മല പ്രദേശത്തെ ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി രണ്ട് ടൗണ്‍ഷിപ്പ് പദ്ധതികള്‍ പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍.

ഹാരിസണ്‍ മലയാളത്തിന്റെ നെടുമ്പാല എസ്റ്റേറ്റിലെ 58.5 ഹെക്ടര്‍ ഭൂമിയും കല്‍പറ്റ എല്‍സ്റ്റോണ്‍ എസ്റ്റേറ്റിലെ 48.96 ഹെക്ടര്‍ ഭൂമിയിലുമാണ് മോഡല്‍ ടൗണ്‍ഷിപ് പദ്ധതി നിലവില്‍ വരുക. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം പുനരധിവാസ പദ്ധതിക്ക് അംഗീകാരം നല്‍കി. കല്‍പറ്റ എല്‍സ്റ്റോണ്‍ എസ്റ്റേറ്റില്‍ അഞ്ചു സെന്റിലും നെടുമ്പാലയില്‍ പത്തു സെന്റിലുമായിരിക്കും ആയിരം സ്‌ക്വയര്‍ ഫീറ്റ് വീടുകള്‍.

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്റെ പൂര്‍ണരൂപം-

പോയവര്‍ഷം നമ്മെയാകെ വേദനിപ്പിച്ച ദുരന്തമായിരുന്നു വയനാട് മേപ്പാടി ഉരുള്‍പൊട്ടല്‍. അതില്‍ ദുരിതബാധിതതരായവരുടെ പുനരധിവാസം സംബന്ധിച്ച്‌ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം സുപ്രധാന തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. നേരത്തെ പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്ന് പുനരധിവാസ പാക്കേജിന്റെ വിശദാശംശങ്ങള്‍ പരിശോധിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ തീരുമാനങ്ങള്‍. രാജ്യം കണ്ട സമാനതകളില്ലാത്ത ദുരന്തമാണ് മേപ്പാടി പഞ്ചായത്തില്‍ മുണ്ടക്കൈ, ചൂരല്‍മല മേഖലയില്‍ ഉണ്ടായത്. രക്ഷാ പ്രവര്‍ത്തനങ്ങളും ദുരിതാശ്വാസവും സമയബന്ധിതമായി പൂര്‍ത്തിയാക്കിയ ശേഷം സാധ്യമായ ഏറ്റവും വേഗത്തില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ തുടക്കം മുതല്‍ ശ്രമിച്ചത്. അതിനായി ലോകമാകെയുള്ള മലയാളികള്‍ ഒറ്റ മനസ്സായി ചേര്‍ന്നുനിന്നു. സഹായഹസ്തവുമായി അനേകം പേര്‍ എത്തി. ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ലഭിച്ച സഹായങ്ങളെയെല്ലാം ഏകോപിപ്പിച്ച്‌, സമഗ്രവും സുതാര്യവുമായ സംവിധാനം രൂപീകരിക്കുന്നതിനായാണ് സര്‍ക്കാര്‍ ശ്രമിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ഉള്‍പ്പെടെ ഉണ്ടായിരുന്നുവെങ്കിലും സമയബന്ധിതമായി പുനരധിവാസം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

കിടപ്പാടം നഷ്ടപ്പെട്ട എല്ലാവരെയും ഒരേയിടത്തു പുനരധിവസിപ്പിക്കാന്‍ കഴിയുന്ന രീതിയില്‍ ഭൂമി കണ്ടെത്താന്‍ വയനാട്ടില്‍ പ്രയാസമുണ്ട്. വീടു വെച്ചു നല്‍കുക എന്നതു മാത്രമല്ല പുനരധിവാസം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. എല്ലാ രീതിയിലും ദുരന്തത്തെ അതിജീവിച്ചു ജീവിതം മുന്നോട്ടു കൊണ്ട് പോകാനുള്ള ഉപജീവനമാര്‍ഗങ്ങള്‍ ഉള്‍പ്പെടെയാണ് പുനരധിവാസം യഥാര്‍ത്ഥ്യമാക്കുക. അതിന് സഹായവുമായി മുന്നോട്ടുവരുന്ന എല്ലാവരെയും ചേര്‍ത്തു പിടിക്കും. എല്ലാ സഹായങ്ങളും ഏകോപിപ്പിച്ചായിരിക്കും പുനരധിവാസ പദ്ധതി പൂര്‍ത്തിയാക്കുക.

കോട്ടപ്പടി വില്ലേജിലെ നെടുമ്പാല എസ്റ്റേറ്റും കല്പറ്റ വില്ലേജിലെ എല്‍സ്റ്റോണ്‍ എസ്റ്റേറ്റുമാണ് ടൗണ്‍ഷിപ്പിനായി തെരഞ്ഞെടുത്തിരിക്കുന്നത്. 2005 ലെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് നിയമം വഴിയാണ് ഭൂമി ഏറ്റെടുക്കുക്കാന്‍ തീരുമാനിച്ചത്. തോട്ടം ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച്‌ നിലനില്‍ക്കുന്ന വ്യവഹാരങ്ങളില്‍ സര്‍ക്കാരിനുള്ള നിലപാട് തുടര്‍ന്നുകൊണ്ടു തന്നെയാണ് ഇവിടെ പുനരധിവാസം സാധ്യമാക്കുക.

ടൗണ്‍ ഷിപ്പിനായി ഏറ്റെടുക്കുന്ന ഭൂമി സംബന്ധിച്ച വിഷയത്തില്‍ ബഹു. ഹൈക്കോടതി സര്‍ക്കാരിനനുകൂലമായവിധി പുറപ്പെടുവിച്ചിട്ടുണ്ട്. നിലവില്‍ സ്ഥലം കൈവശം വെച്ചവര്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് നിയമം, 2005 പ്രകാരം എസ്റ്റേറ്റുകള്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാരിന്റെ ഉദ്ദേശത്തെ ചോദ്യം ചെയ്തുകൊണ്ടും നഷ്ടപരിഹാരത്തിന്റെ വ്യവസ്ഥകളെ ചോദ്യം ചെയ്തുകൊണ്ടും ഫയല്‍ചെയ്ത റിട്ട് ഹര്‍ജികളിലാണ് ബഹു. ഹൈക്കോടതിയുടെ തീരുമാനം വന്നിട്ടുള്ളത്.

കണ്ടെത്തിയ ഭൂമിയില്‍ പുനരധിവാസത്തിനും നിര്‍മ്മാണത്തിനും അനുയോജ്യമല്ലാത്ത ഭാഗം ഒഴിവാക്കിയതിനു ശേഷം എല്‍സ്റ്റോണ്‍ എസ്റ്റേറ്റില്‍ 58.50 ഹെക്ടറും നെടുമ്പാല എസ്റ്റേറ്റില്‍ 48.96 ഹെക്ടറുമാണ് ഏറ്റെടുക്കുക. ഏറ്റെടുക്കാത്ത ഭൂമിയില്‍ പ്ലാന്റേഷന്‍ മുന്നോട്ടു കൊണ്ടുപോകാന്‍ അനുമതി നല്‍കും. ഭൂമി കണ്ടെത്തിയത് ഡ്രോണ്‍ സര്‍വേയിലൂടെയാണ്. ഇപ്പോള്‍ ഫീല്‍ഡ് സര്‍വേ നടന്നുകൊണ്ടിരിക്കുകയാണ്. അത് പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ കണിശതയുള്ള കണക്കുകള്‍ ലഭ്യമാകും.

എല്‍സ്റ്റോണ്‍ എസ്റ്റേറ്റിലെ ടൗണ്‍ഷിപ്പ് കല്പറ്റ മുനിസിപ്പാലിറ്റിയിലും നെടുമ്ബാല എസ്റ്റേറ്റിലെ ടൗണ്‍ഷിപ്പ് മേപ്പാടി പഞ്ചായത്തിലുമാണ് വരുന്നത്. അതിനനുസൃതമായി ഭൂമിയുടെ വിലയില്‍ വരുന്ന വ്യത്യാസം കണക്കിലെടുത്ത് എല്‍സ്റ്റോണ്‍ എസ്റ്റേറ്റില്‍ ഒരു കുടുംബത്തിനു 5 സെന്റും നെടുമ്പാലയില്‍ 10 സെന്റും ആയിരിക്കും നല്‍കുക. ടൗണ്‍ഷിപ്പുകളില്‍ വീടുകള്‍ക്കു പുറമേ വിനോദത്തിനുള്ള സൗകര്യങ്ങള്‍, മാര്‍ക്കറ്റ്, ആരോഗ്യ കേന്ദ്രം, വിദ്യാലയം, അംഗന്‍വാടി, കളിസ്ഥലം, വൈദ്യുതി, കുടിവെള്ള, ശുചിത്വ സംവിധാനങ്ങള്‍ എന്നിവയെല്ലാം സജ്ജമാക്കും.

ദുരന്തബാധിത കുടുംബങ്ങളുടെ അന്തിമ ലിസ്റ്റ് 2025 ജനുവരി 25 നകം പുറത്തിറക്കാന്‍ കഴിയുംവിധമാണ് പ്രവര്‍ത്തനങ്ങള്‍ നീക്കുന്നത്. ദുരന്തത്തിനിരയായവര്‍ക്ക് ഉപജീവനമാര്‍ഗ്ഗമൊരുക്കുന്നതിനായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ മൈക്രോ പ്ലാന്‍ സര്‍വ്വേ നടത്തുകയുണ്ടായി. മേപ്പാടി ഗ്രാമ പഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളില്‍ പെടുന്ന 4658 പേര്‍ അടങ്ങുന്ന 1084 കുടുംബങ്ങളെ ഉള്‍പ്പെടുത്തിയാണ് സര്‍വ്വേ നടത്തി മൈക്രോ പ്ലാന്‍ തയാറാക്കിയത്. ഇതില്‍ 79 പേര്‍ മൃഗസംരക്ഷണ മേഖലയാണ് തെരഞ്ഞെടുത്തത്. 192 പേര്‍ കാര്‍ഷിക മേഖലയും 1034 പേര്‍ സൂക്ഷ്മ സംരംഭങ്ങളും 585 പേര്‍ മറ്റ് വരുമാനമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളുമാണ് തെരഞ്ഞെടുത്തത്.

പ്രത്യേക പരിഗണന നല്‍കേണ്ടതായിട്ടുള്ള സ്ത്രീകള്‍ മാത്രമുള്ള 84 കുടുംബങ്ങളേയും വിധവകള്‍ മാത്രമുള്ള 38 കുടുംബങ്ങളേയും കുട്ടികള്‍ മാത്രമുള്ള 3 കുടുംബങ്ങളേയും വയോജനങ്ങള്‍ മാത്രമുള്ള 4 കുടുംബങ്ങളേയും ഒരംഗം മാത്രമുള്ള 87 കുടുംബങ്ങളേയും മൈക്രോ പ്ലാന്‍ സര്‍വ്വേ വഴി കണ്ടെത്തി.

ടൗണ്‍ ഷിപ്പിലേക്ക് പുനരധിവസിക്കപ്പെട്ടശേഷവും ദുരന്തബാധിത മേഖലയിലെ ഭൂമിയുടെ ഉടമസ്ഥാവകാശം അവരവര്‍ക്ക് തന്നെയായിരിക്കും. ഉരുള്‍ പൊട്ടിയ ആ ഭൂമി വന പ്രദേശമായി മാറാതിരിക്കാന്‍ കലക്റ്റീവ് ഫാമിങ് പോലുള്ള ഉല്‍പ്പാദനപരമായ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കാനുള്ള സാധ്യതകള്‍ പിന്നീട് പരിഗണിക്കും. ആ ഭൂമി അതിന്റെ ഉടമകളില്‍ നിന്ന് അന്യം നിന്നുപോകില്ല.ദുരന്തബാധിതരെ മാതൃകാ ടൗണ്‍ഷിപ്പ് സ്ഥാപിച്ച്‌ പുനരധിവസിപ്പിക്കുന്നതാണെന്നും പ്രൊജക്റ്റ് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സിയായി (പി.എം.സി) കിഫ്ബിയെ ചുമതലപ്പെടുത്തുന്നതാണെന്നും നേരത്തെ റൂള്‍ 300 പ്രകാരം നിയമസഭയില്‍ പ്രസ്താവന നടത്തിയപ്പോള്‍ അറിയിച്ചിരുന്നതാണ്. അതിന്റെ ഭാഗമായി ഒട്ടേറെ തയാറെടുപ്പുകള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്.

ഇക്കാര്യത്തില്‍ കിഫ്ബി വിശദമായ പ്രൊജക്റ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ഇതില്‍ നിയമ, ധനകാര്യ വകുപ്പുകളുടെ അഭിപ്രായം തേടിയശേഷം മന്ത്രിസഭ വിശദമായി ചര്‍ച്ച ചെയ്യുകയും ചെയ്തു.ടൗണ്‍ഷിപ് പദ്ധതിയുടെ ഭരണവകുപ്പായി ദുരന്ത നിവാരണ വകുപ്പിനെ ചുമതലപെടുത്തി.ടൗണ്‍ഷിപ്പ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, എഞ്ചിനീയറിംഗ് പ്രൊക്വര്‍മെന്റ് ആന്റ് കണ്‍സ്ട്രക്ഷന്‍ (ഇ.പി.സി) പ്രകാരം അംഗീകരിക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത്.തൊഴിലുടമയുടെ പ്രതിനിധിയായി കിഫ്ബിയുടെ അനുബന്ധ സ്ഥാപനമായ കിഫ്‌കോണിനെ (കിഫ്‌കോണ്‍) നെ ചുമതലപ്പെടുത്താനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

ധന നിയമ വകുപ്പുകളുടെ അഭിപ്രായ പ്രകാരം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കരാറുകാരായി നാമ നിര്‍ദ്ദേശം ചെയ്യാന്‍ തീരുമാനിച്ചു.

ഭരണാനുമതി നല്‍കുന്നതിന് മുന്‍പ് ഡി.എസ്.ആര്‍ 2018 പ്രകാരമുള്ള എസ്റ്റിമേറ്റ് തയ്യാറാക്കും. സാങ്കേതികാനുമതി നല്‍കുന്നതിന് മുന്‍പ് വിശദമായ എസ്റ്റിമേറ്റ് ഡി.എസ്.ആര്‍ 2018 പ്രകാരം തയ്യാറാക്കി ധന വകുപ്പിന്റെ അറിവോടെ നല്‍കും. ഈ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് പദ്ധതിക്ക് തത്വത്തിലുള്ള അംഗീകാരം നല്‍കിയത്.ത്രിതല സംവിധാനമാണ് പുനരധിവാസ പദ്ധതി നടപ്പാക്കാന്‍ ഉണ്ടാവുക.മുഖ്യമന്ത്രി അധ്യക്ഷനായ വയനാട് പുനര്‍നിര്‍മ്മാണ സമിതിക്കായിരിക്കും പദ്ധതിയുടെനേതൃത്വം.ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഏകോപന സമിതിയും കലക്ടറുടെ നേതൃത്വത്തിലുള്ള പ്രൊജക്റ്റ് ഇംപ്ലിമെന്റേഷന്‍ യൂണിറ്റുമാണ് ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുക.മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷനേതാവും പ്രധാന സ്‌പോണ്‍സര്‍മാരും മന്ത്രിമാരും ഉള്‍പ്പെടുന്ന ഉപദേശക സമിതി രൂപീകരിക്കും.

പദ്ധതി നടത്തിപ്പിലെ സുതാര്യതയും ഗുണമേ?യും ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതി ഉറപ്പുവരുത്തും. സര്‍ക്കാര്‍, പി.എം.സി പ്രതിനിധികളും മൂന്നാം കക്ഷി എന്ന നിലയില്‍ ഒരു സ്വതന്ത്ര എഞ്ചിനീയര്‍, സ്വതന്ത്ര ഓഡിറ്റര്‍ എന്നിവരും അടങ്ങിയ ഗുണനിലവാരം ഉറപ്പാക്കല്‍ സംവിധാനമായിരിക്കും ഈ സമിതി.

പ്രൊജെക്ടുമായി ബന്ധപ്പെട്ട എല്ലാ കരാര്‍ രേഖകളും പരിശോധിച്ച്‌ ശുപാര്‍ശ ചെയ്ത് അംഗീകാരത്തിനായി ചീഫ് സെക്രട്ടറിക്കും ഭരണ വകുപ്പിനും നല്‍കുന്നതിന് ധനകാര്യ വകുപ്പിനെ ചുമതലപ്പെടുത്തി.

23.08.2019 ലെ ഉത്തരവ് പ്രകാരം സ്ഥിരമായ പുനരധിവാസത്തിനുള്ള നിലവിലെ നിരക്ക് ഒരു കുടുംബത്തിന് 10 ലക്ഷം രൂപയാണ്. വയനാട് ഉരുള്‍പൊട്ടല്‍ ബാധിതരുടെ കാര്യത്തില്‍ ടൗണ്‍ഷിപ്പിന് പുറത്ത് താമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പതിനഞ്ച് ലക്ഷം രൂപ നല്‍കും. ഇതേ തുക തന്നെ വിലങ്ങാട്ടെ പുനരധിവസിപ്പിക്കേണ്ട ദുരന്ത ബാധിതര്‍ക്കും അനുവദിക്കും. ഈ രണ്ട് ഉരുള്‍പൊട്ടലുകളുമായി ബന്ധപ്പെട്ട് മാത്രമാണ് ഈ തീരുമാനം.

പുരധിവാസം വേണ്ട അഞ്ച് ട്രൈബല്‍ കുടുംബങ്ങള്‍ ആണ് ഉള്ളത്. അവരുടെ താല്‍പര്യപ്രകാരമുള്ള പുനരധിവാസം ഏര്‍പ്പെടുത്തും. ധനവകുപ്പ് അംഗീകരിച്ച പ്രകാരമുള്ള സ്‌പോണ്‍സര്‍ഷിപ്പ് ഫ്രയിം വര്‍ക്ക് അംഗീകരിക്കും.

സ്‌പോണ്‍സര്‍ഷിപ് പ്രകാരം ലഭിക്കുന്ന തുക സ്വീകരിക്കുന്നതിനും അത് വയനാട് പുനരധിവാസ പദ്ധതിക്കു വേണ്ടി ഉപയോഗിക്കുന്നതിനും ഒരു ഡെഡിക്കേറ്റഡ് ബാങ്ക് അക്കൗണ്ട് തുറക്കും.വയനാട് പുനരധിവാസ പദ്ധതിക്കായി സി.എം.ഡി.ആര്‍എഫ്, എസ്ഡി.ആര്‍എഫ്, സ്‌പോണ്‍സര്‍ഷിപ്, സി.എസ്.ആര്‍ ഫണ്ട്, പി.ഡി.എന്‍.എ യുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലഭ്യമാകുന്ന കേന്ദ്ര സഹായം എന്നിവ വയനാട് ടൗണ്‍ഷിപ് പ്രൊജക്റ്റിനായി വിനിയോഗിക്കും. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത് രണ്ട് ഘട്ടമായിട്ടാണെങ്കിലും പുന:രധിവാസം ഒരുമിച്ച്‌ നടപ്പിലാക്കും.

പുനരധിവാസവുമായി ബന്ധപ്പെട്ട് വീടുകള്‍ വാഗ്ദാനം ചെയ്ത സ്‌പോണ്‍സര്‍മാരുടെ യോഗം ഇന്ന് ചേരുകയുണ്ടായി. 100 ലധികം വീടുകള്‍ നിര്‍മ്മിച്ച്‌ നല്‍കാമെന്ന് വാഗ്ദാനംചെയ്ത 38 സ്‌പോണ്‍സര്‍മാരുടെ യോഗമാണ്‌ ചേര്‍ന്നത്. നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ടൗണ്‍ഷിപ്പിന്റെ മോഡല്‍ യോഗത്തിന് മുന്‍പാകെ അവതരിപ്പിച്ചു.സ്‌പോണ്‍സര്‍മാര്‍ക്ക് പ്രത്യേക വെബ് പോര്‍ട്ടല്‍ നിലവില്‍ വരും. ഒരോ സ്‌പോണ്‍സര്‍മാര്‍ക്കും നല്‍കുന്ന പ്രത്യേക ഐ ഡി നമ്ബര്‍ ഉപയോഗിച്ച്‌ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ട്രാക്ക് ചെയ്യാന്‍ കഴിയും.

പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, ഉപനേതാവ് പി കെ കുഞ്ഞാലികുട്ടി, രാഹുല്‍ ഗാന്ധി എം പിയുടെ പ്രതിനിധി,കര്‍ണാടക സര്‍ക്കാര്‍ പ്രതിനിധി, ഡിവൈഎഫ്‌ഐ, കെസിബിസി, നാഷണല്‍ സര്‍വ്വീസ് സ്‌കീം, ശോഭ സിറ്റി, ഉള്‍പ്പെടെയുളള സംഘടനകളുടെ.യും സ്ഥാപനങ്ങളുടെയും പ്രതിനിധികള്‍ തുടങ്ങിയവരാണ് പങ്കെടുത്തത്. പുനരധിവാസ പദ്ധതികള്‍ക്ക് എല്ലാ പിന്തുണയും പ്രതിനിധികള്‍ വാഗ്ദാനം ചെയ്തു.ചൂരല്‍മല മുണ്ടക്കൈ ദുരന്തത്തെ അതി തീവ്ര ദുരന്തമായി കേന്ദ്രം അംഗീകരിച്ച ഔദ്യോഗിക അറിയിപ്പ് ഇക്കഴിഞ്ഞ ദിവസം ലഭിച്ചിട്ടുണ്ട്. ഇന്റര്‍ മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ ടീം ദുരന്തത്തെ എല്‍ 3 ആയി അംഗീകരിച്ചു എന്നാണ് കേന്ദ്ര അഭ്യന്തര ജോയിന്റ് സെക്രട്ടറി കത്തില്‍ പറയുന്നത്.

കേരളത്തിന് ലഭിക്കേണ്ട സാമ്ബത്തിക സഹായങ്ങളെ കുറിച്ചോ ദുരന്ത ബാധിതരുടെ വായ്പകള്‍ എഴുതി തള്ളുന്നതിനെ കുറിച്ചോ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും തുക ചെലവഴിക്കാനായി മാനദണ്ഡങ്ങളില്‍ ഇളവു വരുത്തുന്നതിനെക്കുറിച്ചോ കത്തില്‍ സൂചനകളില്ല.

ആദ്യ ഘട്ടത്തില്‍ ഓഗസ്റ്റ് 17ന് ദുരിതാശ്വാസ മെമോറാണ്ടത്തിലൂടെ കേന്ദ്രത്തോട് ആവശ്യപ്പെട്ടത് 3 കാര്യങ്ങള്‍ ആണ്:

1. മേപ്പാടി ദുരന്തത്തെ അതി തീവ്ര ദുരന്തം (എല്‍3) ആയി പ്രഖ്യാപിക്കുക.

2. 1202.1 കോടി രൂപയുടെ നഷ്ടം ഉണ്ടായിട്ടുള്ളതിനാല്‍ ദുരിതാശ്വാസത്തിനായി അടിയന്തിര സഹായമായി 219 കോടി രൂപ നല്‍കുക.

3. ദുരന്ത നിവാരണ നിയമത്തിന്റെ സെക്ഷന്‍ 13 പ്രകാരം ദുരന്ത ബാധിതരുടെ കടങ്ങള്‍ എഴുതി തള്ളുക.

രണ്ടാം ഘട്ടത്തില്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം നവംബര്‍ 13 ന് നല്‍കിയ പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ്‌സ് അസസ്‌മെന്റ് (പി.ഡി.എന്‍.എ) റിപ്പോര്‍ട്ടില്‍ പുനര്‍ നിര്‍മ്മാണ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് 2221 കോടി രൂപ വേണ്ടി വരും എന്ന് കണക്കാക്കുന്നു. ഈ ആവശ്യം പരിഗണിച്ച്‌ ദേശീയ ദുരന്ത പ്രതികരണ നിധിയുടെ (എന്‍.ഡി.ആര്‍.എഫ്) പുതിയ സ്‌കീം ആയ റിക്കവറി ആന്റ് റീകണ്‍സ്ട്രക്ഷന്‍ വിന്‍ഡോ പ്രകാരം പരമാവധി സഹായം നല്കുക.

ദുരന്തം ഉണ്ടായി ഒരു മാസത്തിനുള്ളില്‍ തന്നെ കേരളത്തിന്റെ ആദ്യ ആവശ്യം സംബന്ധിച്ച്‌ ഇന്റര്‍ മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ ടീം പരിശോധിച്ച്‌ ഈ ദുരന്തം ഒരു അതി തീവ്ര ദുരന്തം ആണ് എന്ന് കണ്ടെത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ശുപാര്‍ശ നല്‍കിയിരുന്നു. ഹൈ ലെവല്‍ കമ്മിറ്റി കൂടാത്തതിനാല്‍ അടിയന്തിര സ്വഭാവത്തോടെ പരിഗണിക്കേണ്ട ഈ ശുപാര്‍ശ 2 മാസം വെളിച്ചം കണ്ടില്ല.

ഹൈ ലെവല്‍ കമ്മിറ്റി യോഗ ശേഷം സംസ്ഥാനത്തിന് അയക്കുന്ന കത്ത് പോലും ഡിസംബര്‍ മാസത്തില്‍ ആണ് നല്‍കിയത്. പ്രസ്തുത കത്തിലും അതിതീവ്ര ദുരന്തം ആണോ എന്ന് രേഖപ്പെടുത്തിയിരുന്നില്ല.

ഇപ്പോള്‍, സംസ്ഥാനത്തിന്റെ നിരന്തര സമ്മര്‍ദത്തിന് ഒടുവില്‍, ഇക്കഴിഞ്ഞ ദിവസം മാത്രമാണ് മേപ്പാടി ദുരന്തം ഒരു അതി തീവ്ര ദുരന്തമാണ് എന്ന് കേന്ദ്രം അംഗീകരിച്ച ഔദ്യോഗിക അറിയിപ്പ് ലഭിച്ചത്.

ദുരന്തം ഉണ്ടായി 2 മാസത്തിനുള്ളില്‍ ഈ അറിയിപ്പ് ലഭിച്ചിരുന്നെങ്കില്‍ യു.എന്‍ സ്ഥാപനങ്ങള്‍, എന്‍.ജി.ഓകള്‍ എന്നിവരില്‍ നിന്നും ചില അധിക സാമൂഹിക സഹായം ലഭ്യമാക്കുവാന്‍ സാധിക്കുമായിരുന്നു. പക്ഷേ, രാജ്യത്തെ മറ്റ് പ്രദേശങ്ങളിലും മേപ്പാടിക്കു ശേഷം ദുരന്തം ഉണ്ടായ സഹചര്യത്തില്‍ ഇത് ഇനി എത്ര കണ്ട് ലഭിക്കുമെന്നറിയില്ല. ആ ഒരു അവസരമാണ് ഈ കാലതാമസത്തിലൂടെ നഷ്ടമായത്. പക്ഷെ തുടര്‍ന്നും ശ്രമം നടത്തും.

ഈ കത്തിലൂടെ കേരളത്തിന്റെ പ്രാഥമിക ആവശ്യം അംഗീകരിച്ചതിനാല്‍ തുറന്നു കിട്ടുന്ന അവസരങ്ങള്‍ സംസ്ഥാനം വിനിയോഗിക്കും

1. കേന്ദ്ര സഹായത്തോടെ നടപ്പാക്കുന്ന വിവിധ പദ്ധതികളില്‍ 25% വരെ ദുരന്ത നിവാരണത്തിന് വിനിയോഗിക്കാനുള്ള സാധ്യത പ്രയോജനപ്പെടുത്താന്‍ ശ്രമിക്കും.

2. എസ്.എ.എസ്.സി.ഐ (സ്‌കീം ഫോര്‍ സ്‌പെഷ്യല്‍ അസിസ്റ്റന്‍സ് ടു സ്റ്റേറ്റ് ഫോര്‍ ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ്) പദ്ധതി വഴി ഇത് വരെ ഈ വര്‍ഷം കേരളത്തിന് ലഭിച്ച തുകയുടെ 50% അധികമായി ദുരന്ത നിവരണത്തിനും, ദുരന്ത ബാധിത മേഖലയിലെ പുനര്‍ നിര്‍മ്മാണത്തിനും ആവശ്യപ്പെടാം.

3. എം.പി ലീഡ്‌സ്: രാജ്യത്തെ മുഴുവന്‍ എം.പി മാരോടും മേപ്പാടി പുനര്‍ നിര്‍മ്മാണത്തിന് തുക അനുവദിക്കണം എന്ന് അഭ്യര്‍ഥിക്കാം.

ഈ അവസരങ്ങളൊക്കെയും ഫലപ്രദമായി സര്‍ക്കാര്‍ ഉപയോഗിക്കുക തന്നെ ചെയ്യും.കോടതിയും, കേരള സര്‍ക്കാരും നിരന്തരം ആവശ്യപ്പെട്ടപ്പോഴാണ്, ഉന്നതതല കമ്മറ്റി കൂടി 153 കോടി രൂപ അടിയന്തിര സഹായം ആയി അനുവദിച്ചുവെങ്കിലും കേരളത്തില്‍ എസ്.ഡി.ആര്‍.എഫ് ല്‍ തുക ലഭ്യമായതിനാല്‍ അധിക സഹായം നല്‍കില്ല എന്ന നിലപാട് ആണ് കേന്ദ്രം സ്വീകരിച്ചത്. ബഹു. ഹൈക്കോടതി പോലും ഇത് ശരിയല്ല എന്ന് കണ്ട് ചില ശുപാര്‍ശകള്‍ കേന്ദ്രത്തിന് മുന്നില്‍ പരിഗണയ്ക്കായി നല്‍കിയിരിക്കുകയാണ്.

നമ്മള്‍ ഉന്നയിച്ചിട്ടുള്ള ഏറ്റവും പ്രധാന ആവശ്യവും, സമൂഹത്തിനു ഏറ്റവും ആശ്വാസം നല്‍കുന്നതുമായ കാര്യം ദുരന്ത ബാധിതരുടെ കടങ്ങള്‍ എഴുതി തള്ളുക എന്നതാണ്. 2005ല്‍ പാര്‍ലമെന്റ് പാസാക്കിയ ദുരന്ത നിവാരണ നിയമത്തില്‍ സെക്ഷന്‍ 13 ലൂടെ ഇത്തരം ഒരു സാധ്യത ഉള്ളപ്പോഴും കേന്ദ്ര സര്‍ക്കാര്‍, ദുരന്ത ബാധിതരുടെ കാര്യത്തില്‍ നിസംഗത പുലര്‍ത്തുകയാണ്.

വയനാട് രാജ്യത്തെ 112 ആസ്പിറേഷനല്‍ ജില്ലകളില്‍ ഒന്നാണ്. സാമൂഹികസാമ്ബത്തിക പിന്നാക്കാവസ്ഥയില്‍ ഉള്ള ജില്ല എന്നു കേന്ദ്ര സര്‍ക്കാര്‍ തന്നെ കണ്ടെത്തിയിട്ടുള്ള വയനാട് ജില്ലയില്‍ അതി തീവ്രമായ ഒരു ദുരന്തം ഉണ്ടായിട്ടും, ദുരന്തം ബാധിച്ച ജനങ്ങളുടെ കടങ്ങള്‍ എഴുതി തള്ളുക എന്ന പ്രാഥമികവും മനുഷ്യത്വപരവുമായ നടപടി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല.

സെക്ഷന്‍ 13ന്റെ നിയമപരമായ സാധ്യത വിനിയോഗിച്ച്‌ ദുരന്ത ബാധിതരുടെ കടങ്ങള്‍ എഴുതി തള്ളാന്‍ കേന്ദ്രം തയ്യാറാകണം എന്നതാണ് കാതലായ വിഷയം.

ദുരന്ത ബാധിതരുടെ കടങ്ങള്‍ എഴുതി തള്ളണം എന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കുന്നതിന് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയോഗം പ്രധാന മന്ത്രിയുടെ നേതൃത്വത്തില്‍ ചേരണം എന്നാണ് സംസ്ഥാനത്തിന് ഇക്കാര്യത്തില്‍ ആവര്‍ത്തിച്ചാവശ്യപ്പെടാനുള്ളത്.

താലൂക്ക്തല അദാലത്ത്

പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഇതിന്റെ ഭാഗമായി വിവിധ തലങ്ങളില്‍ പലഘട്ടങ്ങളില്‍ അദാലത്തുകള്‍ സംഘടിപ്പിച്ചിരുന്നു. മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച്‌ 2023 ഏപ്രില്‍ -മെയ് മാസങ്ങളില്‍ താലൂക്ക് തലത്തില്‍ കരുതലും കൈതാങ്ങും എന്ന പേരില്‍ അദാലത്ത് നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഇപ്പോള്‍ താലൂക്ക് തലത്തില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ അദാലത്തുകള്‍ ഫലപ്രദമായി സംഘടിപ്പിച്ചു. ഇതിലൂടെ നിരവധി പേരുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞു. കളക്ടറേറ്റിലേയും ബന്ധപ്പെട്ട താലൂക്കിലെയും പരാതിയുമായി ബന്ധപ്പെട്ട വകുപ്പിലെയും ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് അദാലത്തുകള്‍ നടന്നത്. വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് സമയബന്ധിതമായി തന്നെ പരിഹാരം കണ്ടെത്താന്‍ സാധിച്ചു.

ഇതുവരെ 49 അദാലത്തുകളാണ് പൂര്‍ത്തീകരിച്ചത്. ഇനി 29 അദാലത്തുകളാണ് പൂര്‍ത്തീകരിക്കാനുള്ളത്.

ഇന്നലെ വരെ അദാലത്തിലേക്ക് 36,931 പരാതികളാണ് ആകെ ലഭിച്ചത്. ഇതില്‍ 12,738 പരാതികള്‍ തീര്‍പ്പുകല്‍പ്പിച്ചു. 19,253 പരാതികളില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചുവരുന്നു. 4,940 പരാതികള്‍ക്കാണ് അദാലത്തില്‍ നടപടി സ്വീകരിക്കാന്‍ കഴിയാതെ വന്നിട്ടുള്ളത്. ഇതില്‍ പകുതിയിലേറെ അദാലത്തിന്റെ പരിഗണനാ വിഷയങ്ങള്‍ക്ക് പുറത്തുള്ളതും നിയമപ്രശ്‌നങ്ങള്‍ അടക്കമുള്ളതും അദാലത്തിന്റെ സമയപരിധിയില്‍ തീര്‍പ്പാക്കാന്‍ കഴിയാത്തതുമാണ്.

ഈ പ്രക്രിയ ഇവിടെ അവസാനിക്കുകയല്ല. പരാതികള്‍ പരിഹരിക്കാനുള്ള ശ്രമം കൂടുതല്‍ ശക്തമായി തുടരും.

spot_img

Related Articles

Latest news