മംഗളൂരു: ക്രിക്കറ്റ് കളിക്കിടെ പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് മംഗളൂരുവില്‍ ആള്‍ക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയ ആളെ തിരിച്ചറിഞ്ഞു.വയനാട് പുല്‍പ്പള്ളി സ്വദേശിയായ അഷ്‌റഫാണ് കൊല്ലപ്പെട്ടത്. മൃതദേഹം തിരിച്ചറിയാൻ അഷ്‌റഫിന്‍റെ സഹോദരൻ മംഗളൂരുവിലേക്ക് തിരിച്ചു.
കുടുപ്പു എന്ന സ്ഥലത്ത് ഞായറാഴ്ച പ്രാദേശിക ക്രിക്കറ്റ് മാച്ച് നടക്കുമ്പോഴാണ് പാക്കിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ 19 പേർക്കെതിരെ കേസ് എടുത്തെന്നും 15 പേരെ അറസ്റ്റ് ചെയ്തെന്നും പോലീസ് പറഞ്ഞു.
ഏപ്രില്‍ 27നാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടത്. കുടുപ്പു സ്വദേശി ടി.സച്ചിൻ എന്നയാളാണ് ആള്‍ക്കൂട്ട ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്നാണ് പോലീസ് പറയുന്നത്. മരിച്ചെന്ന് മനസിലായപ്പോള്‍ മൃതദേഹം മൈതാനത്ത് ഉപേക്ഷിച്ച് അക്രമി സംഘം രക്ഷപ്പെടുകയായിരുന്നു.
പാകിസ്താന്‍ സിന്ദാബാദ്’ എന്ന മുദ്രാവാക്യം യുവാവ് വിളിച്ചെന്ന് ആരോപിച്ചാണ് യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നത്. സച്ചിന്‍, ദേവദാസ്, ധീക്ഷിത്, സായ്ദീപ്, നടേശ്, മഞ്ജുനാഥ, സന്ദീപ്, വിവിയന്‍ ഐവാരിഷ്, ശ്രീദത്ത, രാഹുല്‍, പ്രദീപ്കുമാര്‍, മനീഷ്, ധനുഷ്, ദീക്ഷിത്, കിഷോര്‍ എന്നിവരാണ് സംഭവത്തില്‍ അറസ്റ്റിലായവര്‍.
ക്രിക്കറ്റ് ടൂർണമെന്റ് നടക്കുന്ന സമയത്ത് സച്ചിന്‍ എന്നയാളും കൊല്ലപ്പെട്ടയാളും തമ്മില്‍ ആദ്യം വാക്കേറ്റമുണ്ടാകുകയും പിന്നാലെ അത് ആള്‍ക്കൂട്ട ആക്രമണമായി മാറുകയുമായിരുന്നു. ആ സമയത്ത് നൂറോളം ആളുകള്‍ സ്ഥലത്തുണ്ടായിരുന്നതായും മാധ്യമങ്ങള്‍ റിപ്പോർട് ചെയ്തിട്ടുണ്ട്. അക്രമികളെ പിടിച്ചുമാറ്റാനുള്ള ശ്രമങ്ങളും വിഫലമാകുകയായിരുന്നു.