വയനാട്ടിലെ മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സര്‍ക്കാരിന് എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാമെന്നും ടൗണ്‍ഷിപ്പിനായി ഭൂമി അളക്കല്‍ നടപടിയുമായി മുന്നോട്ടുപോകാമെന്നും ഹൈക്കോടതി.ദുരന്തബാധിതരുടെ പുനരധിവാസത്തിനായി മോഡല്‍ ടൗണ്‍ഷിപ് നിര്‍മിക്കാന്‍ സര്‍ക്കാര്‍ കണ്ടെത്തിയ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ എസ്റ്റേറ്റ് ഉടമകള്‍ നല്‍കിയ ഹര്‍ജി തള്ളിയാണ് ഹൈക്കോടതി സിംഗില്‍ ബെഞ്ച് വിധി. ഭൂമി ഏറ്റെടുക്കുന്നത് ചോദ്യം ചെയ്ത് എസ്റ്റേറ്റ് ഉടമകളായ ഹാരിസണ്‍സ് മലയാളം ലിമിറ്റഡും എല്‍സ്റ്റോണ്‍ ടീ എസ്റ്റേറ്റും നല്‍കിയ ഹര്‍ജികളാണ് കോടതി തള്ളിയത്.
ലാന്‍ഡ് അക്വിസിഷന്‍ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാമെന്നും നിയമപ്രകാരമുള്ള നഷ്ടപരിഹാരം സര്‍ക്കാര്‍ എസ്റ്റേറ്റ് ഉടമകള്‍ക്ക് നല്‍കണമെന്നും കോടതി പറഞ്ഞു. നഷ്ടപരിഹാരത്തില്‍ തര്‍ക്കം ഉണ്ടെങ്കില്‍ നിയമനടപടി സ്വീകരിക്കാവുന്നതാണ്. 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്റെ അടിസ്ഥാനത്തിലാണോ നഷ്ടപരിഹാരം നല്‍കേണ്ടതെന്ന കാര്യം വിധിപ്പകര്‍പ്പ് പുറത്തുവന്നശേഷമേ വ്യക്തമാകൂ.
ഹാരിസണ്‍ മലയാളത്തിന്റെ നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഹെക്ടര്‍ ഭൂമിയും കല്‍പറ്റ എല്‍സ്റ്റോണ്‍ എസ്റ്റേറ്റിലെ 78.73 ഹെക്ടര്‍ ഭൂമിയുമാണ് മോഡല്‍ ടൗണ്‍ഷിപ് നിര്‍മിക്കാനായി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനെതിരെയാണ് എസ്റ്റേറ്റ് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്.
വയനാട് പുനരധിവാസത്തിന് യോജ്യമായ മറ്റ് സ്ഥലങ്ങളുണ്ടെന്നും ഭൂമിയുടെ ഉടമസ്ഥത തെളിയിക്കുന്ന എല്ലാ രേഖകളുമുണ്ടെന്നും ഉരുള്‍പൊട്ടലില്‍ തങ്ങള്‍ക്കും വലിയ നാശനഷ്ടമുണ്ടായെന്നും ഹാരിസണ്‍സ് മലയാളം വാദിച്ചു. 2013ലെ ഭൂമിയേറ്റെടുക്കല്‍ നിയമപ്രകാരം നഷ്ടപരിഹാരം നല്‍കണമെന്ന് എല്‍സ്റ്റോണ്‍ എസ്റ്റേറ്റ് ആവശ്യപ്പെട്ടു.
ഏറ്റെടുക്കുന്ന ഭൂമിക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കാന്‍ തയാറാണെന്നു സര്‍ക്കാരും വ്യക്തമാക്കി. സര്‍ക്കാര്‍ നടപടി ശരിവെയ്ക്കുന്ന കോടതിവിധിയെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ പ്രതികരിച്ചു.