ലോകത്തിന്റെ ഏത് കോണിൽ പോയാലും ഒരു മലയാളിയെങ്കിലും ഇല്ലാതിരിക്കില്ല . മലയാളികൾ എത്തപെട്ടാൽ അവിടെ ഒരു ഗ്രോസറിയോ, ഹോട്ടലോ ഇല്ലാതിരിക്കില്ല.ഇത്തരം കച്ചവടക്കാരിൽ കൂടുതലും മലയാളികളാണ് എന്നുള്ളതാണ് സത്യം. എന്നാൽ ഇന്ന് അത് ചെറു കച്ചവടത്തിൽ നിന്ന് മാറി വലിയ മാളിലേക്കും, ഫൈവ് സ്റ്റാർ ഹോട്ടലിലേക്കും മാറി. മറ്റു വൻ കിട കച്ചവടക്കാരെ കവച്ചു വെക്കുന്ന തരത്തിൽ ഇന്ന് മലയാളി കച്ചവടക്കാർ വളർന്നു പന്തലിച്ചു .
എന്നാൽ കുറച്ചു കാലമായി ഒരു പാട് മലയാളി സ്ഥാപനങ്ങൾ തുടങ്ങുമ്പോഴേക്കും ഷട്ടർ താഴ്ത്തുന്ന അവസ്ഥ കാണുന്നുണ്ട് . എന്താണ് അതിന് കാരണം എന്ന് പരിശോധനക്ക് വിധേയമാക്കേണ്ടത് അത്യാവശ്യമാണ് .പല കാരണങ്ങൾ പറയാറുണ്ടെങ്കിലും ചില പ്രധാന കാരണങ്ങൾ നമുക്ക് പരിശോധിക്കാം.
1. പരിജ്ഞാനം :-നമ്മൾ ചെയ്യാൻ ഉദ്ദേശിക്കുന്ന ബിസിനസ്സിനെക്കുറിച്ച് നമുക്ക് ഏകദേശം ബേസിക് അറിവ് ഉണ്ടായിരിക്കണം . മറ്റൊന്ന് തുടങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥലതിനെക്കുറിച്ചും, പരിസരത്തേക്കുറിച്ചും നമ്മൾ മുൻകൂട്ടി പഠിച്ചിരിക്കണം . മറ്റൊന്ന് ആ ഏരിയയിൽ ആ ബിസിനസ്സ് വിജയിപ്പിക്കാൻ കഴിയുമോ എന്ന് മനസ്സിലാക്കി വേണം തുടങ്ങാൻ.
2. മൂലധനം :-ബിസിനസ്സ് തുടങ്ങുന്നതിനുള്ള ഫണ്ടിനെക്കുറിച്ച് നമ്മൾക്ക് ഏകദേശം ധാരണ വേണം . ആ ഫണ്ട് നമ്മുടെ കൈവശം ഉണ്ട് എന്ന് ഉറപ്പു വരുത്തണം . മറ്റു ധനകാര്യ സ്ഥാപനത്തിൽ നിന്നോ , ഉടനെ തന്നെ തന്നു വീട്ടാം എന്നോ പിറ്റേ മാസം മുതൽ ലാഭം തരാം എന്ന് പറഞ്ഞോ ഫണ്ട് വാങ്ങാതിരിക്കുക . ഒരു വർഷമെങ്കിലും നമ്മുടെ സ്ഥാപനത്തിൽ നിന്നും ഫണ്ട് പിൻവലിക്കാനോ മറ്റോ പാടില്ല.
3.വകമാറ്റൽ :-സ്ഥാപനം തുടങ്ങുമ്പോഴേക്കും അതിൽ നിന്ന് വരുന്ന ഫണ്ട് പിൻവലിക്കുകയോ മറ്റു കാര്യങ്ങൾ അതായത് ഷോപ്പ് തുടങ്ങാൻ വേണ്ടി വരുന്ന ചിലവുകൾ കൊടുത്തു വീട്ടാനോ കച്ചവടം ചെയ്ത ഫണ്ട് ഉപയോഗിക്കരുത് . ഒരു സ്ഥാപനം തുടങ്ങാനുള്ള ഷോപ്പ് സെറ്റിങ്സിനുള്ള ഫണ്ട് വേറെ നിലക്ക് തന്നെ ആദ്യമേ കണ്ടെത്തണം.
4. ലാഭം :-കച്ചവടം ചെയ്യുന്ന ക്യാഷ് മുഴുവനും ലാഭം എന്ന രീതിയിലാണ് മുതലാളിമാർ സെയിൽസ് ചെയ്ത ക്യാഷ് ഉപയോഗിക്കുന്നത് . എന്നാൽ അതിൽ ഒരു ചെറിയ ശതമാനം മാത്രമേ ലാഭ വിഹിതം ഉണ്ടാകൂ മറ്റുള്ളതൊക്കെ സാധനങ്ങൾ ഇറക്കിത്തരുന്ന കമ്പനികൾക്കും, സാലറി, വാടക , വാട്ടർ ,ഇലക്ട്രിസിറ്റി അക്കോമഡേഷൻ , ഫുഡ് എക്സ്പെൻസ് എന്നിവക്കും ആവശ്യമായി വരും അതിനാൽ ഒരു വർഷമെങ്കിലും അല്ലെങ്കിൽ തക്ക ലാഭം ഉണ്ടെന്നു ബോധ്യമാകുന്നത് വരെ ഷോപ്പിൽ നിന്നും ഫണ്ട് പിൻവലിക്കുന്നത് ഉചിതമായിരിക്കുകയില്ല . ഒരു ഷോപ്പ് തുടങ്ങി ഒന്ന് ട്രാക്കിൽ ആകുന്നതിനു മുമ്പേ വ്യക്തമായ വേറെ ഫണ്ട് കാണാതെ ഈ ഷോപ്പിന്റെ വരുമാനം മാത്രം പ്രതീക്ഷിച്ചു കൊണ്ട് വേറെ ബിസിനസ്സിലേക്ക് ഫണ്ട് വക മാറ്റി ചിലവഴിക്കുന്നത് ഉചിതമായ തീരുമാനം എന്ന് പറയാൻ കഴിയില്ല.
5.തൊഴിലാളി :-സ്ഥാപനത്തിലെ തൊഴിലാളികളുടെ കഴിവുകളും പരിചയവും നോക്കി അവർക്ക് വേണ്ട പരിഗണന കൊടുക്കണം . തൊഴിലാളികളോടുള്ള സമീപനം പോലെയാകും കച്ചവടത്തിലെ ഉയർച്ച അവരാണ് സ്ഥാപനത്തിലെ അസറ്റ് അവരെ വിശ്വാസത്തിലെടുത്തു വേണം മാനേജ്മെന്റ് മുന്നോട്ട് പോകാൻ.അവരെ ശത്രു പക്ഷത്തു നിറുത്തുന്നത് സ്ഥാപനത്തിന്റെ വളർച്ചക്ക് നല്ലതല്ല . സ്ഥാപനത്തിലെ ഓരോ ജോലിക്കും അതാത് മേഖലകളിൽ കഴിവും പരിചയവും ഉള്ളവരെ വേണം നിയമിക്കാൻ . നല്ലവണ്ണം പഠിപ്പും, ശമ്പളവുംവാങ്ങിയിരുന്ന ഒരാളെ വളരെ താഴ്ന്ന ജോലിയിലോ ഒരു കഴിവും പ്രാപ്തിയും ഇല്ലാത്ത ഒരാളെ ഉന്നത പോസ്റ്റിലും ഇരുത്തുന്നത് അവർക്ക് മാനസികമായ പ്രയാസങ്ങൾക്ക് ഇട വരുത്തുകയും അത് ഷോപ്പിന്റെ സുഖകരമായ പ്രവർത്തനത്തിന് തടസ്സമാകുകയും ചെയ്യും .
6.ജോലി:- കൃത്യമായ സമയമോ ഒഴിവു ദിനമോ കൊടുക്കാതെ തുടർച്ചയായുള്ള ജോലി തൊഴിലാളികളെ മാനസികമായും ശരീരികമായും തളർത്തുകയും ജോലി ചെയ്യാനുള്ള കഴിവിനെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുകയും ചെയ്യും. എത്ര സമയം ജോലി എടുക്കുന്നു എന്നതിലല്ല ഉള്ള സമയം അവർ എങ്ങനെ വിനിയോഗിക്കുന്നു എന്നതാണ് നോക്കേണ്ടത്.
ആർട്ടിക്കിൾ:- അബ്ദുൾകലാം അലങ്കോട്