വീഡിയോ നിശബ്ദമാക്കി അയക്കാം; സ്റ്റാറ്റസ് അപ്ഡേറ്റിലും ഷെയര്‍ ചെയ്യാം
വാട്ട്സാപ്പില്‍ പുതിയൊരു ഫീച്ചര്‍ കൂടി വന്നിരിക്കുകയാണ്. വീഡിയോകള്‍ ഷെയര്‍ ചെയ്യുന്നതിനു മുന്‍പ് മുമ്പ് നിശബ്ദമാക്കി വയ്ക്കാന്‍ സഹായിക്കുന്ന ഫീച്ചറാണ് ഇത്. വീഡിയോ ഫയലുകള്‍ ഷെയര്‍ ചെയ്യുന്നതിന് മുന്‍പ് അവയെ നിശബ്ദമാക്കി സ്റ്റാറ്റസ് പങ്കിടുന്നതിന് ഈ ഫീച്ചറിലൂടെ കഴിയും.
കഴിഞ്ഞ മാസം വന്ന ഒരു വാട്ട്സാപ്പ് ബീറ്റ പതിപ്പിലാണ് ആദ്യമായി ഈ ഫീച്ചര്‍ ലഭ്യമായത്. ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്ന എല്ലാ ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്കും ഈ ഫീച്ചര്‍ ലഭ്യമാണ്. എന്നാല്‍ ഐഒഎസിലെ ലഭ്യത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഈ ഫീച്ചര്‍ എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം.
സ്റ്റെപ്പ് 1: മറ്റൊരാള്‍ക്ക് മ്യൂട്ട് ചെയ്ത വീഡിയോ അയയ്ക്കാന്‍, ആദ്യം നിങ്ങള്‍ വാട്ട്സാപ്പിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റു ചെയ്തുവെന്ന് ഉറപ്പാക്കുക. ആര്‍ക്കാണോ വീഡിയോ അയയ്ക്കേണ്ടത് അവരുടെ ചാറ്റ് വിന്‍ഡോ തുറക്കുക.
സ്റ്റെപ്പ് 2: നിങ്ങള്‍ ചാറ്റ് തുറന്ന ശേഷം വീഡിയോ അടക്കമുള്ള അറ്റാച്ചുമെന്റുകള്‍ ഷെയര്‍ ചെയ്യുന്നതിനുള്ള പേപ്പര്‍ക്ലിപ്പ് ഐക്കണില്‍ ക്ലിക്കുചെയ്യുക. അതില്‍ ഗാലറി എന്നത് തിരഞ്ഞെടുക്കുക.
സ്റ്റെപ്പ് 3: നിങ്ങള്‍ അയയ്ക്കാന്‍ ആഗ്രഹിക്കുന്ന വീഡിയോ ഫയല്‍ തിരഞ്ഞെടുക്കാന്‍ പ്രിവ്യൂവില്‍ നിന്നുള്ള ഒരു വീഡിയോ ഫയലില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്നുള്ള സ്ക്രീനില്‍ വീഡിയോയുടെ ഫ്രെയിമുകള്‍ക്ക് തൊട്ടുതാഴെയായി മുകളില്‍ ഇടത് വശത്ത് ഒരു സ്പീക്കര്‍ ഐക്കണ്‍ കാണാം.
സ്റ്റെപ്പ് 4: നിങ്ങള്‍ അയയ്ക്കുന്നതിന് മുന്‍പ് ആ വീഡിയോ ഫയലിന്റെ ഓഡിയോ നിശബ്ദമാക്കാന്‍ ഈ സ്പീക്കര്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യുക. ഇത് നിങ്ങളുടെ കോണ്ടാക്റ്റിന് ഫയലിന്റെ ശബ്ദമില്ലാത്ത വീഡിയോ അയയ്ക്കും.
ആ വീഡിയോയിലുള്ള സ്പീക്കര്‍ ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ ശബ്ദത്തോട് കൂടി വീഡിയോ പ്ലേ ചെയ്യാനും കഴിയും. വീഡിയോ സ്റ്റാറ്റസ് ആയി പങ്കുവയ്ക്കുന്ന സമയത്തും ഇതേ നടപടിക്രമങ്ങള്‍ തന്നെ തുടരുക.