മാർച്ച് ഒന്ന് മുതൽ 90 ദിവസം വരെ സമയം അനുവദിച്ചു
ന്യൂഡൽഹി: സന്ദേശമയയ്ക്കുന്നതിന് ആളുകൾ ഉപയോഗിക്കുന്ന ജനപ്രിയ ആപ്പുകളായ വാട്സ്ആപ്പ്, ടെലിഗ്രാം, സ്നാപ്ചാറ്റ്, ഷെയർചാറ്റ് തുടങ്ങിയ ആപ്പുകൾക്ക് മേൽ പുതിയ നിയന്ത്രണവുമായി കേന്ദ്ര സർക്കാർ. വാട്സ്ആപ്പ് അടക്കമുള്ള ആപ്പുകൾ പ്രവർത്തിപ്പിക്കാൻ ഫോണിൽ ഇനി രജിസ്റ്റർ ചെയ്ത സിം കാർഡുകൾ നിർബന്ധമാക്കും.
ഫോണിന് പുറമേ മറ്റ് സംവിധാനങ്ങളിൽ ലോഗിൻ ചെയ്യുന്ന വാട്സ്ആപ്പ് അക്കൗണ്ടുകൾ ആറ് മണിക്കൂറിന് ശേഷം തനിയെ ലോഗ് ഔട്ട് ആകുമെന്നും വാട്സ്ആപ്പ് അറിയിച്ചു.
വെബ് ബ്രൗസർ വഴി ലോഗിൻ ചെയ്യുന്ന ഉപയോക്താക്കൾക്ക് മറ്റൊരു വലിയ മാറ്റം കൂടി വരുത്തിയിട്ടുണ്ട്. ഓരോ ആറ് മണിക്കൂറിലും ഉപയോക്താക്കളെ ലോഗ് ഔട്ട് ആക്കി QR കോഡ് വഴി വീണ്ടും ലോഗിൻ ചെയ്യിക്കേണ്ടിവരും. ഓരോ ഘട്ടത്തിലും ആക്ടീവായ സിം കാർഡുമായി ബന്ധിപ്പിക്കേണ്ടതിനാലാണ് മൾട്ടിപ്പിൾ ഡിവൈസുകൾ വിപുലമായി ഉപയോഗിക്കുന്നത് ഇത്ര ബുദ്ധിമുട്ടുണ്ടാക്കുന്നതെന്നാണ് സർക്കാർ വാദം.
ഒന്നിലധികം സിസ്റ്റങ്ങളിൽ വാട്സ്ആപ്പ് ഉപയോഗിക്കുന്നവരും അമിതമായി യാത്ര ചെയ്യുന്നവരുമായ ഉപയോക്താക്കൾ തങ്ങൾ നേരിടുന്ന പ്രതിസന്ധി കമ്പനികൾക്ക് മുൻപിൽ അവതരിപ്പിച്ചിട്ടുണ്ട്. എങ്കിലും, വ്യക്തിഗത വിവരങ്ങൾ സംരക്ഷിക്കുന്നതിനും സൈബർ തട്ടിപ്പുകൾ തടയുന്നതിനുമായി മാറ്റം അനിവാര്യമാണെന്നാണ് സർക്കാരിന്റെ വാദം.
അനധികൃതമായി തുടരുന്ന സൈബർ തട്ടിപ്പുകൾ തടയുന്നതിനായി കേന്ദ്ര സർക്കാർ നിർദ്ദേശത്തിന് പിന്നാലെയാണ് നീക്കം. മാറ്റങ്ങൾ പ്രാബല്യത്തിൽ വരുത്തുന്നതിനായി മാർച്ച് ഒന്ന് മുതൽ 90 ദിവസം വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. നിശ്ചയിച്ച സമയത്തിൽ കൂടുതൽ സമയം അനുവദിക്കില്ലെന്നും വാട്സ്ആപ്പ് അറിയിച്ചു.
വാട്സ്ആപ്പ് അടക്കമുള്ള ആപ്പുകൾക്ക് സിം ബൈൻഡിങ് നടപ്പിലാക്കുന്ന ആദ്യരാജ്യമായിരിക്കും ഇന്ത്യ.
ഇന്ത്യയുടെ പുതിയ ടെലികമ്മ്യൂണിക്കേഷൻ സൈബർ സുരക്ഷാ ഭേദഗതി നിയമപ്രകാരമാണ് പുതിയ ഉത്തരവ്. പുതിയ നിയമം അനുസരിച്ച് ഔദ്യോഗികമായി ടെലികമ്മ്യൂണിക്കേഷൻ ഡിവൈസുകൾ യൂസർ എന്റിറ്റികൾ എന്ന് സമ്മതിച്ചിരിക്കുന്ന ആളുകൾ 90 ദിവസത്തിനുള്ളിൽ സിം കാർഡുകൾ അവരുടെ സേവനങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.

