“ആഘോഷങ്ങൾ ആർത്ത നാദമാകുമ്പോൾ “ ആഘോഷങ്ങൾ ഏതുമാകട്ടെ അതിൽ മലയാളികൾ ജാതിഭേദം ഉത്സാഹത്തോടെ പങ്കെടുക്കുന്നുണ്ട് . അതിൽ സ്ത്രീകളെന്നോ, പുരുഷന്മാരെന്നോ വൃദ്ധരെന്നോ ഒരു വ്യത്യാസവും ഉണ്ടാകാറുമില്ല .എന്നാൽ ചില ആഘോഷങ്ങളിൽ കരഘോഷവും , ആരവും, അർപ്പുവിളിയും ഉയരേണ്ടതിന് പകരം, ആർത്ത നാഥവും , അട്ടഹാസവും , കൂട്ട നിലവിളിയുമാണ് കേൾക്കുന്നത്. അത്തരം രംഗങ്ങൾ നെഞ്ചെടിപ്പ് കൂടാതെ കേൾക്കാനോ, കാണാനോ കഴിയാറില്ല .
പറഞ്ഞു വരുന്നത് കുറേ കാലമായി നമ്മൾ കേൾക്കുന്നു ആനയിടഞ്ഞു കുറേ പേർക്ക് പരിക്ക്. പാപ്പാനെ ആന ചവിട്ടിക്കൊന്നു എന്നൊക്കെ. ആരുടെയും വിശ്വാസത്തെയോ, ആചാരത്തെയോ ചോദ്യം ചെയ്യുകയല്ല. നേരെ മറിച്ചു ആളുകൾ കൂട്ടം കൂടുന്ന ഇത്തരം വേദികളിൽ നിന്ന് ഈ മിണ്ടാപ്രണിയെ ഒഴിവാക്കിക്കൂടെ? അതുമല്ലെങ്കിൽ ഗവർമെന്റ് ഇത്തരം ആക്രമണം തുടർക്കഥയായപ്പോൾ ചില നിയമങ്ങളും ചട്ടങ്ങളും കൊണ്ട് വന്നിട്ടുണ്ട്. കോടതി വളരെ പരിഹാസമായി തന്നെ ഈ ആനയെ എഴുന്നള്ളിക്കുന്നതിനെ ക്കുറിച്ചും അതിൽ സംഭവിക്കാവുന്ന അപകടങ്ങളെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. അല്ലെങ്കിലും നിയമങ്ങൾക്ക് നമ്മുടെ നാട്ടിൽ കുറവൊന്നുമില്ലല്ലോ അത് നടപ്പിലാക്കേണ്ട ഉദ്യോഗസ്ഥന്മാരും, അനുസരിക്കേണ്ട ജനവും രണ്ട് തട്ടിലാകുമ്പോൾ പിന്നെ എന്ത് കോടതി എന്ത് നിയമം? .എന്നാലും നിയമം എന്ത് പറയുന്നു എന്ന് പരിശോധിക്കാം.
അമിസ്ക്യൂറിയുടെ റിപ്പോർട്ട് പ്രകാരം
1.സ്വകാര്യ ചടങ്ങുകൾ, ഉൽഘാടനങ്ങൾ, എന്നിവയിൽ ആനകളെ ഉപയോഗിക്കാതിരിക്കുക.
2.രണ്ട് എഴുന്നള്ളിപ്പിനിടയിൽ ഇരുപതിനാല് മണിക്കൂർ വിശ്രമം കൊടുക്കണം
3.ആനകളെ അടുത്തടുത്തു നിറുത്താതെ ആനകൾ തമ്മിൽ പത്തു മീറ്ററെങ്കിലും അകലം ഉണ്ടാകണം.
4.അറുപത്തിയഞ്ചു കഴിഞ്ഞ ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കരുത്.
5.ഒരു ദിവസം നൂറ് കിലോ മീറ്റർ കൂടുതൽ വാഹനത്തിൽ കൊണ്ട് പോകരുത്.
6.പുഷ്പ വൃഷ്ട്ടി, തല പൊക്കൽ മത്സരം, വണങ്ങൽ എന്നിവ ചെയ്യിക്കാൻ പാടില്ല.
7.തുടർച്ചയായി മൂന്നു മണിക്കൂറിൽ കൂടുതൽ ആനകളെ നിറുത്താൻ പാടില്ല.
8.ആനകൾക്കും ജനങ്ങൾക്കുമിടയിൽ ബാരിക്കേടുകൾ നിർമ്മിച്ചു വേർതിരിക്കണം
9.ആന പൂർവ്വ ആരോഗ്യ വനാണെന്നുള്ള സർട്ടിഫിക്കറ്റ് പരിശോധിച്ച് ബന്ധപ്പെട്ടവർ ഉറപ്പ് വരുത്തണം.
10.പകൽ പതിനൊന്നിനും മൂന്നരക്കും ഇടയിൽ ആനകളെ എഴുന്നള്ളിപ്പിക്കരുത്.
ഇത്രയൊക്കെ നിയമങ്ങളുണ്ടായിട്ടും ഇതിനെയൊക്കെ കാറ്റിൽ പറത്തിക്കൊണ്ടാണ് ഈ ആന മാമാങ്കം അരങ്ങേറുന്നത്. ഇനി നമുക്ക് മനുഷ്യത്വത്തിന്റെ ഭാഗത്തു നിന്ന് ഇതിനെ വിലയിരുത്താം. കർണ്ണ കടോരമായ താള മേളങ്ങൾക്കിടയിലും, കരിമരുന്നും ആർപ്പുവിളികൾക്കുമിടയിലും, ആയിരങ്ങൾകൂടി നിൽക്കുന്നതിനിടയിലും, ചുട്ടു പൊള്ളുന്ന വെയിലിൽ, ചുറ്റും കണ്ണ് കാണാനാകാത്ത പൊടി പടലങ്ങൾക്കിടയിലും കാലുകൾ ചങ്ങലയിൽ ബന്ധിച്ചു കൊണ്ട് ഒരു ജീവി മണിക്കൂറുകൾ നിൽക്കേണ്ടി വരിക. ഇത്ര യും വലിയ ക്രൂരത ഒരു ജീവിയോട് ചെയ്യേണ്ടതുണ്ടോ? . ഇത് കണ്ട് രസിക്കുന്ന ദൈവങ്ങളും, മനുഷ്യരും ഇത്ര ക്രൂരന്മാരാണോ? ആചാരത്തിന്റെയോ, വിശ്വാസത്തിന്റെയോ, ആഘോഷത്തിന്റെയോ എന്തിന്റെ പേരിലായാലും ഈ ജീവിയോട് ചെയ്യുന്നത് ആഭാസവും അതി ക്രൂരതയുമാണ്. ആനയോടു കാണിക്കുന്ന ഈ ക്രൂരതയുടെ പേരിൽ എത്രയെത്ര മനുഷ്യ ജീവനുകളാണ് പൊലിഞ്ഞു പോയത്. എന്നിട്ടും എന്താണ് നമ്മൾ കണ്ണ് തുറക്കാത്തത്. ഇത് നിയമത്തിനു മാത്രം വിട്ടു കൊടുത്തിട്ട് കാര്യമില്ല കാരണം വിശ്വാസത്തേയും ആചാരത്തെയും തൊട്ടു കളിക്കാൻ ഇവിടുത്തെ നിയമവും, നിയമ പാലകരും, നേതാക്കന്മാരും മൃഗ സ്നേഹികളും ഒന്ന് മടിക്കും. അതിന് എന്ന് ഒരു മാറ്റം വരുന്നോ അന്ന് വരെയെങ്കിലും ആർപ്പൂ വിളികൾക്കിടയിൽ നിന്ന് ആർത്താനാദം മുഴങ്ങാതിരിക്കട്ടെ.
ഫീച്ചർ:- അബ്ദുൽ കലാം ആലംങ്കോട്