ഫീച്ചർ:-കലണ്ടർ മാറുമ്പോൾ
ലേഖകൻ: എ.ആർ. കൊടിയത്തൂർ
2025— വന്നെത്തുമ്പോൾ, നമ്മുടെ ആയുസ്സ് ഒന്ന് കുറഞ്ഞു. 2024 പോയി പുതു പുലരി വന്നെങ്കിലും നമ്മിൽ എന്തെല്ലാം മാറ്റങ്ങൾ ഉണ്ടായി. ഒരു വർഷം നാം ജീവിച്ചിട്ട്, നമ്മെക്കൊണ്ട് ആർക്കെങ്കിലും വല്ല ഉപകാരവും ഉണ്ടായോ. അതല്ലെങ്കിൽ എത്ര പേരെ നാം നിസ്സാരവൽക്കരിച്ചു. എത്ര പേരോട് നാം വഴക്ക് അടിച്ചു. എത്രപേരെ നാം നമ്മിൽ നിന്നും അകറ്റി.
നമ്മോട് സൗഹൃദം കാണിക്കുന്ന എത്രപേരുണ്ട്. നമ്മുടെ പണത്തിനു വേണ്ടി നമ്മെ സ്നേഹിക്കുന്ന ഒരുപാട് ആൾക്കാർ ഉണ്ടാവാം. ഉപ്പയുടെയും ഉമ്മയുടെയും അനന്തരാവകാശം കിട്ടുമെന്ന പ്രതീക്ഷയിൽ മാതാപിതാക്കളെ സ്നേഹിക്കുന്നവരും ഉണ്ട്. ലഹരിയിൽ അടിമപ്പെട്ട് അച്ഛനെയും അമ്മയെയും ക്രൂരമായി മർദ്ദിക്കുന്നവരുണ്ട്.
നാം ഓരോരുത്തരും നമ്മുടെ ഇടതു നെഞ്ചിൽ, ഹൃദയത്തിന് മുകളിലായി കൈ വെച്ച് ഒന്നോർക്കുക. ഞാൻ കഴിഞ്ഞ ഒരു വർഷം എങ്ങനെ ജീവിച്ചു..
കഴിഞ്ഞത് കഴിഞ്ഞു. വരാനുള്ള 2025 ഞാൻ എങ്ങനെയാണ് ജീവിക്കേണ്ടത്. സൃഷ്ടാവായ നാഥന്റെ അടിമകളാണ് നാം. അവനുവേണ്ടി ചെയ്യേണ്ടത് എന്തെങ്കിലും നാം ചെയ്തോ. ഒന്നും ചെയ്തില്ലെങ്കിൽ ഇനിയെങ്കിലും ചെയ്യാൻ പ്ലാൻ തയ്യാറാക്കുക.
അയൽവാസികളോട് എത്രയോ കാലം പിണങ്ങി നിൽക്കുന്ന ആൾക്കാരുണ്ട്. പ്രവാചക തിരുമേനി പഠിപ്പിച്ചത് മൂന്നു ദിവസത്തിലധികം നിങ്ങൾ പിണങ്ങി നിൽക്കരുത് എന്നാണ്, മൂന്നുവർഷത്തിലധികം പിണങ്ങി നിൽക്കുന്നവരാണ് പലരും. ഞാൻ എപ്പോഴും സന്തോഷവാനാണ് എന്ന് എല്ലാവരും കരുതണം. സന്തോഷവും സമാധാനവും ഇല്ലാത്തവർ, മനസ്സിനോട് പറയുക ഞാൻ ഹാപ്പിയാണ്. ഞാൻ സന്തുഷ്ടനാണ്. മറ്റൊരാളുടെയും ഹാപ്പിയും സന്തുഷ്ടതയും നാം നോക്കേണ്ട കാര്യമില്ല. നമ്മൾ സ്വയം സംസാരിക്കുക. ഞാൻ നല്ലവനാണ്. മറ്റുള്ളവരെ ഉപദ്രവിക്കില്ല. എന്നെത്തന്നെ ആത്മാർത്ഥമായി ഞാൻ സ്നേഹിക്കുന്നു.
കണ്ണാടിക്കു മുമ്പിൽ ഇരുന്ന് നാം സ്വയം സംസാരിക്കുക. ഞാൻ സംതൃപ്തനാണ്, സന്തോഷവാനാണ്, എന്നു സ്വയം പറയുക. എന്നെ തന്നെയാണ് തിരുത്തേണ്ടത്. മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും നോക്കി നടക്കേണ്ട ആവശ്യം നമുക്കില്ല. മറ്റുള്ളവരുടെ കാര്യങ്ങളിൽ അനാവശ്യമായി നാം ഇടപെടേണ്ട.
നമ്മുടെ കാര്യം നാം സ്വയം പരിശോധിക്കുക.
ഞാനെന്റെ വീട്ടുകാരോടും കുടുംബത്തിനോടും എങ്ങനെയാണ് പെരുമാറുന്നത്. ഓരോ ദിവസവും സ്വയം ചോദിക്കുക.
സ്വയം വിചാരണ നടത്തുക. എന്റെ മനസ്സ് തീർത്തും സന്തോഷം ഉള്ളതാണ്– എന്ന് ഞാൻ എപ്പോഴും പറയുമ്പോൾ മനസ്സിൽ പോസിറ്റീവ് എനർജി കയറിവരും. നെഗറ്റീവ് എനർജി നീങ്ങി കിട്ടും. പോസിറ്റീവ് എനർജിയിലൂടെ എല്ലാവരോടും പെരുമാറുക. പ്രായം 60 എങ്കിലും നമ്മുടെ മനസ്സിന് 18 ഓ 19 ഓ വയസ്സ് ആയിട്ടേ ഉള്ളൂ എന്ന് നാം കരുതുക. ഞാൻ ജീവിതത്തിൽ എപ്പോഴും സന്തുഷ്ടനാണ് =എന്ന് തന്നെ പറയുക. കൃതാർത്ഥരാവുക. 2025 വരുന്നത് എനിക്ക് അടിച്ചുപൊളിക്കാൻ ഉള്ളതല്ല.
ധൂർത്ത് കാണിക്കാൻ ഉള്ളതല്ല. പിശുക്കും കാണിക്കേണ്ട. കഴിയുന്നതും സ്വന്തം കുടുംബത്തോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുക.
അവിടെ പോസിറ്റീവ് എനർജി ലഭിക്കുന്ന വർത്തമാനങ്ങൾ പറയുക. സ്നേഹം മനസ്സിന്റെ ഉള്ളിൽ വച്ചാൽ പോരാ, അത് പ്രകാശിതം ആവണം. സ്നേഹത്തിന്റെ പ്രകാശം ഏവരിലേക്കും പരക്കണം.നെഗറ്റീവ് എനർജിയെ ജീവിതത്തിലേക്ക് കയറ്റാതിരിക്കുക. അതിന്റെ സ്ഥാനത്ത് പോസിറ്റീവ് എനർജി തന്നെ നിറക്കുക .I am Happy എന്നുതന്നെ മനസ്സിൽ നിന്നും വരട്ടെ. മനസ്സിലുള്ള കറകളെല്ലാം മായിച്ചു കളയുക. സാമൂഹ്യപ്രവർത്തനങ്ങളിൽ ഏർപ്പെടുക
ആർഭാട വിവാഹങ്ങളും ആഭാസ കല്യാണങ്ങളും ഒഴിവാക്കുക.
കണ്ടമാനം വാരി വലിച്ച് ഓരോന്ന് തിന്നാതിരിക്കുക.
നമ്മുടെ വയറിന്റെ കുറച്ചുഭാഗം നാം നിറച്ചാൽ മതി. ഉള്ളതൊക്കെ എനിക്ക് അകത്താക്കണം എന്ന ചിന്ത ഉണ്ടാവരുത്.MVR ഹോസ്പിറ്റലിലും തിരുവനന്തപുരം ക്യാൻസർ ഹോസ്പിറ്റലിലും ഒരുപാട് പേർ ചികിത്സ തേടിയെത്തുന്നുണ്ട്.
നാം കഴിക്കുന്ന ഭക്ഷണമാണ് വില്ലൻ. ചക്കയും മാങ്ങയും കപ്പയും ചേനയും ചേമ്പും കാച്ചിലും കിഴങ്ങും നേന്ത്രപ്പഴവും ഞാലിപ്പൂവനും മൈസൂർ വാഴയും കൃഷി ചെയ്യുക.
പലതരം ചീരകൾ നമുക്ക് നട്ടു വളർത്താം. കറിവേപ്പില, സ്വന്തം പറമ്പിൽ തന്നെ ഉണ്ടാക്കണം. ബ്രോയിലർ ചിക്കനും അജനോ മോട്ടോ ചേർത്ത ഭക്ഷണങ്ങളും നമ്മൾ എന്തിന് കണ്ടമാനം അകത്താക്കണം. വയനാട്ടിലുള്ള എന്റെ ഒരു സുഹൃത്ത് നേന്ത്രവാഴ കൃഷി ചെയ്തിരുന്നു.
അദ്ദേഹം അതിന്റെ കൃഷി രീതികൾ എനിക്ക് പറഞ്ഞു തന്നു. 10 തരം വിഷാംശങ്ങൾ ഒരു വാഴയിൽ പ്രയോഗിക്കപ്പെടുന്നുണ്ട്. അപ്പോൾ ഞാൻ ചോദിച്ചത്,നിങ്ങൾക്ക് കഴിക്കാനോ. അദ്ദേഹത്തിന്റെ മറുപടി: പത്തിരുപത് എണ്ണം ഞങ്ങൾക്കുവേണ്ടി മാത്രം മാറ്റിവെക്കും.
അതിലൊന്നും ഈ കൊടും വിഷം ചേർക്കാറില്ല. അന്നുമുതൽ നാടൻ കിട്ടിയാൽ അല്ലാതെ നേന്ത്രപ്പഴം ഞാൻ കഴിച്ചിട്ടില്ല.
വിഷം ചേർത്ത ഭക്ഷണം കഴിച്ചു ബംഗാളികളെ കൊണ്ട് പണിയെടുപ്പിച്ച് നമ്മളിങ്ങനെ വിശ്രമിക്കുമ്പോൾ ആണ് മെക് സെവൻ കടന്നുവന്നത്. ഇപ്പോൾ ആണും പെണ്ണും ചാടി കളിക്കുകയാണ്. ഒരിടത്തുനിന്ന് അല്ല എന്നൊരു സമാധാനമുണ്ട്. മലയാളി യു.കെയിലും ജർമ്മനിയിലും മറ്റും
പോയാൽ എന്തു പണിയും ചെയ്യും. സ്വന്തം നാട്ടിൽ അവർ വൈറ്റ് കോളറിൽ മാത്രമേ നടക്കൂ.
മാറണം— 2025 നമ്മിൽ മാറ്റം ഉണ്ടാക്കണം. എല്ലാവരും ശാന്തിയിലും സമാധാനത്തിലും സന്തോഷത്തിലും കഴിയണം. ദൈവത്തിനു കൊടുക്കാനുള്ളത് ദൈവത്തിനു കൊടുക്കണം, പടപ്പുകൾക്ക് കൊടുക്കാനുള്ളത് പടപ്പുകൾക്കും കൊടുക്കണം. മറ്റാരും അറിയാതെ ഒരു കൈ നീട്ടി പ്രയാസപ്പെടുന്ന സഹോദരനെ സഹായിക്കുമ്പോൾ നമ്മുടെ രേഖകളിൽ പ്ലസ് പോയിന്റ് വന്നു. ഈ പ്ലസ് പോയിന്റുകൾ കൊണ്ട് നെഗറ്റീവുകളെ നമുക്ക് മായിച്ചു കളയാം.