എട്ടു വയസ്സുകാരിയുടെ ശ്വാസനാളത്തില്‍ കുടുങ്ങിയ ഷൂ വിസില്‍ പുറത്തെടുത്തു

കണ്ണൂര്‍: എട്ടു വയസ്സുകാരിയുടെ ശ്വാസനാളത്തില്‍ കുടുങ്ങിയ ഷൂ വിസില്‍ കണ്ണൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജില്‍ എത്തിച്ച്‌ നീക്കം ചെയ്തു. സങ്കീര്‍ണമായ റിജിഡ് ബ്രോങ്കോസ്കോപ്പി വഴിയാണ് വിസില്‍ പുറത്തെടുത്തത്. കാസര്‍ഗോഡ് സ്വദേശിനിയായ എട്ടുവയസ്സുകാരിയുടെ ശ്വാസനാളിയില്‍ ഒരു മാസത്തിലേറെ കാലമായി കുടുങ്ങിക്കിടന്നിരുന്ന വിസിലാണ് നീക്കം ചെയ്തത്.

നിര്‍ത്താതെയുള്ള ചുമയും ശ്വാസതടസ്സവും കാരണം കാസര്‍ഗോഡ് ഗവ. ആശുപത്രിയിലാണ് കുട്ടി ആദ്യം ചികിത്സ തേടിയത്. അവിടെ നിന്നാണ് പരിയാരത്തിനുള്ള കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തത്. കുട്ടിയെ വിദഗ്ധ പരിശോധനയ്ക്ക് വിധേയയാക്കിയപ്പോള്‍ ശ്വാസനാളിയില്‍ മറ്റെന്തോ വസ്തു കുടുങ്ങിക്കിടക്കുന്നതായി ബോധ്യപ്പെടു.

കൂടുതല്‍ പരിശോധനയില്‍ അന്യവസ്തു കുടുങ്ങിക്കിടന്നതു മൂലം വലത്തേ ശ്വാസകോശത്തിലെ താഴെയുള്ളഭാഗം പൂര്‍ണ്ണമായും തന്നെ അടഞ്ഞതായി കണ്ടെത്തി. അതിസങ്കീര്‍ണ്ണമായ പീഡിയാട്രിക് റിജിഡ് ബ്രോങ്കോസ്കോപ്പി ചികിത്സയ്ക്ക് കുട്ടിയെ വിധേയമാക്കി. അങ്ങനെ കുടുങ്ങിക്കിടന്ന ഷൂ വിസില്‍ പുറത്തെടുക്കുകയായിരുന്നു.

എട്ടുവയസ്സുകാരി ഇപ്പോള്‍ സുഖം പ്രാപിച്ച്‌ വരികയാണ്. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ശ്വാസകോശവിഭാഗത്തിലുള്ള ഡോ മനോജ് ഡി കെ (ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് & എച്ച്‌ ഒ ഡി ശ്വാസകോശവിഭാഗം ), ഡോ. രാജീവ് റാം, ഡോ രജനി, ഡോ മുഹമ്മദ് ഷഫീഖ്, ഡോ.പത്മനാഭന്‍ ; അനസ്തേഷ്യ വിഭാഗത്തിലെ ഡോ.ചാള്‍സ്, ഡോ ദിവ്യ, ഡോ സജിന എന്നിവരുടെ നേതൃത്വത്തിലാണ് ചികിത്സ നടത്തിയത്. മെഡിക്കല്‍ സംഘത്തെ പ്രിന്‍സിപ്പാള്‍ ഡോ കെ എം കുര്യാക്കോസും ആശുപത്രി സൂപ്രണ്ട്‌ ഡോ കെ സുദീപും അഭിനന്ദിച്ചു.

കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്ത മറ്റൊരു സംഭവത്തില്‍ ഏറെ നാളായി തുടരുന്ന വയറുവേദനയും അസ്വസ്ഥകളും കാരണം ചികിത്സ തേടിയ യുവതിയുടെ വയറില്‍നിന്ന് എട്ടു കിലോ തൂക്കം വരുന്ന മുഴ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജിലാണ് ഏറെ അപൂര്‍വ്വവും സങ്കീര്‍ണവുമായ ശസ്ത്രക്രിയ നടന്നത്. മലപ്പുറം പോറൂര്‍ സ്വദേശിയായ 32കാരിയുടെ വയറ്റിലെ മുഴയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗൈനക്കോളജി പ്രഫസര്‍ ഡോ.ടി.വി.ശരവണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം നീക്കം ചെയ്തത്.

കഴിഞ്ഞ ഒരു വര്‍ഷമായാണ് വയറ് അസാധാരണമാം വിധം വീര്‍ത്തു വരുന്നതായി യുവതിയുടെ ശ്രദ്ധയില്‍ പെട്ടത്. വീടിനടുത്തുള്ള ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും വേദനയും അസ്വസ്ഥതകളും കൂടി വന്നു. അങ്ങനെയാണ് യുവതി മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തുന്നത്. സ്കാനിങ് ഉള്‍പ്പടെയുള്ള പരിശോധനകളില്‍ യുവതിയുടെ വയറില്‍ വലിയൊരു മുഴയുണ്ടെന്ന് കണ്ടെത്തി. ഗര്‍ഭപാത്രത്തിലുണ്ടായ മുഴ പെട്ടെന്ന് വളരുകയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ശസ്ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്യാമെന്ന നിഗമനത്തിലായിരുന്നു ഡോക്ടര്‍മാര്‍.

എന്നാല്‍ മുഴ വലുതായി വയറിലെ മറ്റു ഭാഗങ്ങളിലേക്കു വ്യാപിച്ചതിനാല്‍ ശസ്ത്രക്രിയ സങ്കീര്‍ണമായിരിക്കുമെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തി. യുവതിയെയും ബന്ധുക്കളെയും കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയ ശേഷമാണ് ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. കുടലുകളും മൂത്രസഞ്ചിയും മുഴയോട് ഒട്ടിച്ചേര്‍ന്നുപോയിരുന്നു. തുടര്‍ന്നാണ് ഏറെ സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ എട്ടു കിലോ ഭാരമുള്ള മുഴ പുറത്തെടുത്തത്. ശസ്ത്രക്രിയയ്ക്കു ശേഷം യുവതിയെ ഐ സി യുവില്‍ നിരീക്ഷണത്തിലാക്കിയിരുന്നു.

spot_img

Related Articles

Latest news