ബിഹാറില്‍ 4 പേര്‍ക്ക് വൈറ്റ് ഫംഗസ് രോഗം; ബ്ലാക്ക് ഫംഗസിനേക്കാള്‍ അപകടകരമെന്ന് മുന്നറിയിപ്പ്‌

കോവിഡ് വ്യാപനത്തിന് പിന്നാലെ ആശങ്കയുണര്‍ത്തി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ബ്ലാക്ക് ഫംഗസ് അഥവാ മ്യൂക്കോര്‍മൈക്കോസിസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ, കൂടുതല്‍ അപകടകാരിയായ വൈറ്റ് ഫംഗസ് രോഗം നാല് രോഗികളില്‍ കണ്ടെത്തി. ബിഹാറിലെ പട്‌നയിലാണ് ഒരു ഡോക്ടറുള്‍പ്പെടെ നാല് പേര്‍ക്ക് വൈറ്റ് ഫംഗസ് ബാധ സ്ഥിരീകരിച്ചത്.

ശ്വാസകോശം, ത്വക്ക്, ആമാശയം, വൃക്ക, തലച്ചോറ്, സ്വകാര്യഭാഗങ്ങള്‍, വായ, നഖം എന്നീ ശരീരഭാഗങ്ങളില്‍ രോഗം ബാധിക്കുന്നതിനാല്‍ ബ്ലാക്ക് ഫംഗസിനേക്കാള്‍ അപകടകാരിയാണ് വൈറ്റ് ഫംഗസ്. കൊറോണ വൈറസ് ശ്വാസകോശത്തെ ബാധിക്കുന്ന സമാനരീതിയിലാണ് വൈറ്റ് ഫംഗസ് ശ്വാസകോശത്തെ പിടികൂടുന്നതെന്ന് രോഗികളില്‍ നടത്തിയ എച്ച്ആര്‍സിടി(High-resolution computed tomography)പരിശോധനയില്‍ കണ്ടെത്തിയതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ കണ്ടെത്താന്‍ പ്രധാനമായും ഉപയോഗിക്കുന്ന സിടി സ്‌കാനാണ് എച്ച്ആര്‍സിടി.

വൈറ്റ് ഫംഗസ് ബാധ കണ്ടെത്തിയ രോഗികള്‍ കോവിഡ്-19 ന് സമാനമായ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നെങ്കിലും കോവിഡ് പരിശോധനയില്‍ നാല് പേരും നെഗറ്റീവ് ആയിരുന്നതായി പട്‌ന മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മൈക്രോബയോളജി വിഭാഗം മേധാവിയായ ഡോ. എസ്.എന്‍. സിങ് പറഞ്ഞു. രോഗികളുടെ ശ്വാസകോശങ്ങള്‍ക്ക് അണുബാധ ഉണ്ടായിരുന്നതായും രോഗനിര്‍ണയത്തിന് ശേഷം ആന്റി ഫംഗല്‍ മരുന്നുകള്‍ നല്‍കിയതോടെ രോഗം ഭേദമായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താരതമ്യേന പ്രതിരോധശേഷി കുറഞ്ഞവരില്‍ വൈറ്റ് ഫംഗസ് ബാധ കൂടുതല്‍ അപകടകരമായേക്കുമെന്ന് ഡോ. എസ്.എന്‍. സിങ് പറഞ്ഞു. ദീര്‍ഘകാലമായി സ്റ്റിറോയ്ഡുകള്‍ കഴിക്കുന്ന പ്രമേഹരോഗികള്‍ക്ക് വൈറ്റ് ഫംഗസ് ബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കൃത്രിമമായി ഓക്‌സിജന്‍ സഹായം ലഭ്യമാക്കുന്ന കോവിഡ് രോഗികളില്‍ വൈറ്റ് ഫംഗസ് രോഗം ബാധിക്കാമെന്ന് ഡോ. സിങ് പറയുന്നു.

അര്‍ബുദരോഗികളിലും പൂപ്പല്‍ ബാധക്കുള്ള സാധ്യതയേറെയാണ്. സ്ത്രീകളിലും കുട്ടികളിലും വൈറ്റ് ഫംഗസ് രോഗബാധയുണ്ടാകുന്നതായും ഇതാണ് വെള്ളപോക്ക് അഥവാ ല്യുക്കോറിയയുടെ പ്രധാന കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. ഓക്‌സിജന്‍ സംവിധാനവും വെന്റിലേറ്ററും ശരിയായ രീതിയില്‍ അണുവിമുക്തമാക്കുന്നത് വൈറ്റ് ഫംഗസ് രോഗത്തെ അകറ്റി നിര്‍ത്താന്‍ സഹായിക്കുമെന്ന് ഡോ. സിങ് പറഞ്ഞു.

spot_img

Related Articles

Latest news