ഓണ്‍ലൈൻ സ്‌റ്റോക്ക് മാര്‍ക്കറ്റിന്റെ പേരില്‍ കോഴിക്കോട് സ്വദേശിയില്‍ നിന്നും കോടികള്‍ തട്ടിയ കേസില്‍ ഭാര്യ അറസ്റ്റില്‍, ഭര്‍ത്താവ് മുങ്ങി

കോഴിക്കോട്: ഓണ്‍ലൈൻ സ്റ്റോക്ക് മാർക്കറ്റില്‍ പണം നിക്ഷേപിക്കാനെന്ന പേരില്‍ കോടികള്‍ തട്ടിയ കേസില്‍ യുവതിയെ അറസ്റ്റുചെയ്തു.മലപ്പുറം വാക്കാലൂർ പുളിക്കല്‍ വീട്ടില്‍ ഫൈസല്‍ ബാബുവിന്റെ ഭാര്യ ഫാത്തിമ സുമയ്യ (25)യാണ് ബുധനാഴ്ച ബെംഗളൂരു എയർപോർട്ടില്‍നിന്ന് പിടിയിലായത്.

കോഴിക്കോട് സ്വദേശിയില്‍നിന്ന് അഞ്ചുകോടി ഇരുപതുലക്ഷം രൂപ പലതവണയായി ഫാത്തിമ സുമയ്യയും ഭർത്താവ് ഫൈസല്‍ബാബുവും ചേർന്ന് കൈക്കലാക്കിയെന്നാണ് പരാതി. സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നിക്ഷേപിക്കാനായി 2023 ഒക്ടോബർ മുതലാണ് പലതവണയായി പരാതിക്കാരൻ സുമയ്യയുടെ ഭർത്താവിന്റെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചത്. വൻലാഭം വാഗ്ദാനം ചെയ്താണ് ഫൈസല്‍ ബാബുവും സുമയ്യയും ചേർന്ന് ഇത്രയും വലിയ തുക നിക്ഷേപമായി സ്വീകരിച്ചതെന്നാണ് പരാതിക്കാരൻ പറയുന്നത്.ലാഭമോ, നിക്ഷേപത്തുകയോ തിരികെ കിട്ടാതായതിനെത്തുടർന്നാണ് കോഴിക്കോട് സ്വദേശിയായ ബിസിനസുകാരൻ പന്തീരാങ്കാവ് പോലീസില്‍ പരാതി നല്‍കിയത്. ഇതിനിടെ ഒരു കോടി 58 ലക്ഷം രൂപ തിരികെ നല്‍കി. ബാക്കി പണം നല്‍കാതെ ഫൈസല്‍ബാബു വിദേശത്തേക്ക് മുങ്ങിയെന്ന് പരാതിക്കാരൻ പറയുന്നു.

ഭർത്താവിന്റെ അടുത്തേക്ക് വിദേശത്തേക്കു പോവാനുള്ള ശ്രമത്തിനിടെയാണ് ലുക്ക്‌ഔട്ട് നോട്ടീസിനെത്തുടർന്ന് സുമയ്യ വിമാനത്താവളത്തില്‍ പോലീസിന്റെ പിടിയിലായത്. കോടികള്‍ തട്ടിയെടുത്ത സമാനസ്വഭാവമുള്ള കൂടുതല്‍ പരാതികള്‍ ദമ്പതിമാരുടെ പേരില്‍ വിവിധ പോലീസ് സ്റ്റേഷനുകളിലുണ്ട്. പന്തീരാങ്കാവ് പോലീസ് ഇൻസ്പെക്ടർ ജി. ബിജുകുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റു രേഖപ്പെടുത്തിയത്.

spot_img

Related Articles

Latest news