യുക്രൈനിൽ കൊല്ലപ്പെട്ട നിവീന്റെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. പ്രധാനമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് ഇക്കാര്യം പറഞ്ഞത്.
15 ഉദ്യോഗസ്ഥരെ കൂടി യുക്രൈന്റെ പടിഞ്ഞാറൻ അതിർത്തികളിലേക്ക് അയയ്ക്കാനും തീരുമാനമായി. യുക്രൈനിൽ നിന്നുള്ള രക്ഷാദൗത്യത്തിന് വ്യോമസേനയുടെ സി-17 വിമാനം നാളെ പുറപ്പെടും. നാളെ പുലർച്ചെ 4 മണിക്ക് സി-17 വിമാനം റൊമാനിയയിലേക്ക് യാത്ര തിരിക്കും. വരും ദിവസങ്ങളിൽ കൂടുതൽ വ്യോമസേനാ വിമാനങ്ങൾ രക്ഷാപ്രവർത്തനത്തിന് അയയ്ക്കാനും തീരുമാനമായി. അടുത്ത മൂന്ന് ദിവസങ്ങളിൽ രക്ഷാദൗത്യത്തിന്റെ ഭാഗമായി 23 വിമാനങ്ങൾ സർവീസ് നടത്തും.
അതേസമയം, കീവിലെ മുഴുവൻ ഇന്ത്യക്കാരെയും ഒഴിപ്പിച്ചെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പടിഞ്ഞാറൻ മേഖലയിലേക്കാണ് ഇവരെ മാറ്റിയിരിക്കുന്നത്. റഷ്യയിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ യുക്രൈൻ അതിർത്തിയിൽ എത്തിയിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി അറിയിച്ചു. യുക്രൈനിൽ നിന്ന് 60 ശതമാനത്തോളം ഇന്ത്യൻ പൗരന്മാർ മടങ്ങിയെന്ന് വിദേശകാര്യ സെക്രട്ടറി അറിയിച്ചു. സംഘർഷം രൂക്ഷമായ ഖാർക്കിവിലെ ഒഴിപ്പിക്കൽ നടപടിക്കാണ് മുൻഗണനയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അതിനിടെ, കീവിലെ ഇന്ത്യൻ എംബസി താത്കാലികമായി അടച്ചു. ഉദ്യോഗസ്ഥരെ ലിവിവിലേക്ക് മാറ്റും. കീവിലെ അതിഗുരുതരമായ സാഹചര്യത്തെ തുടർന്നാണ് നടപടി.