ചൈല്‍ഡ് സീറ്റ് ഇല്ലെങ്കില്‍ ഫൈന്‍ ഈടാക്കുമോ? മറുപടിയുമായി ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ്‌കുമാര്‍

കുട്ടികള്‍ക്ക് കാറില്‍ പ്രത്യേകം സീറ്റ് തയ്യാറാക്കണമെന്ന നിര്‍ദ്ദേശം നടപ്പാക്കില്ലെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ്‌കുമാര്‍.ചൈല്‍ഡ് സീറ്റ് നടപ്പാക്കുന്നതിനെ കുറിച്ച്‌ സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. ചൈല്‍ഡ് സീറ്റ് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയകളില്‍ ഉള്‍പ്പെടെ വ്യാപക പ്രതിഷേധം ഉടലെടുത്തിരുന്നു.

ഇതിന് പിന്നാലെയാണ് സംഭവത്തില്‍ വിശദീകരണവുമായി ഗതാഗത മന്ത്രി രംഗത്തെത്തിയത്. നിയമത്തില്‍ പറയുന്ന കാര്യം ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. ബലം പ്രയോഗിച്ച്‌ നിയമം നടപ്പിലാക്കില്ലെന്നും മന്ത്രി ഉറപ്പുനല്‍കി. ബോധവത്കരണമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും ഗണേഷ്‌കുമാര്‍ വ്യക്തമാക്കി.

ചൈല്‍ഡ് സീറ്റുമായി ബന്ധപ്പെട്ട് ഫൈന്‍ ഈടാക്കില്ല. കോടതി ആവശ്യപ്പെട്ടാല്‍ മാത്രമേ സംസ്ഥാനത്ത് നിയമം നടപ്പിലാക്കൂ. അല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കണം. എല്ലാ നിയമങ്ങളും പാലിക്കാന്‍ ബുദ്ധിമുട്ടാണ്. സംഭവം ചര്‍ച്ചയാകട്ടെ എന്നതായിരുന്നു ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഉദ്ദേശിച്ചതെന്നും മന്ത്രി അറിയിച്ചു.

നേരത്തെ വാഹനങ്ങളില്‍ കൂളിംഗ് ഫിലിം ഒട്ടിക്കുന്നത് സംബന്ധിച്ച ഹൈക്കോടതി വിധി വന്നതിന് പിന്നാലെയും മന്ത്രി രംഗത്തെത്തിയിരുന്നു. അനുവദനീയമായി കൂളിംഗ് ഫിലിം ഒട്ടിച്ചിരിക്കുന്ന വാഹനങ്ങള്‍ക്ക് പിഴ ഈടാക്കരുതെന്നും അനുവദനീയമായ അളവിന് പുറത്ത് കൂളിംഗ് ഫിലിം പതിച്ച വാഹനങ്ങള്‍ റോഡില്‍ തടഞ്ഞുനിര്‍ത്തി ഫിലിം വലിച്ചുകീറേണ്ടെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു.

spot_img

Related Articles

Latest news