സമാധാനം പുന:സ്ഥാപിക്കാന്‍ പാര്‍ടി പ്രവര്‍ത്തകര്‍ മുന്‍കൈയെടുക്കണം
എന്തെല്ലാം പ്രകോപനമുണ്ടായാലും കൊലപാതകത്തിലേക്ക് ഒരു സംഭവവും എത്താന് പാടില്ലെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ. കൊലപാതകം ആര് നടത്തിയാലും അംഗീകരിക്കില്ല. ഇത്തരത്തിലുള്ള സംഭവങ്ങള് ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രതയുണ്ടാവണം.
സമാധാനം പുന:സ്ഥാപിക്കാന് പാർട്ടി പ്രവർത്തകർ മുൻകൈയെടുക്കണം. ഒരു തരത്തിലുള്ള പ്രകോപനത്തിനും ആരും പെട്ടു പോകരുത്. തലശേരിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയസംഘർഷമോ കൊലപാതകമോ എവിടെയും ഉണ്ടാകാൻ പാടില്ലെന്ന് പാർട്ടി സംസ്ഥാന സമ്മേളനം തന്നെ വ്യക്തമാക്കിയതാണ്. ഈ നിലപാട് മറ്റു രാഷ്ട്രീയ പാർട്ടികളിൽ നിന്നുണ്ടാകണമെന്നും അഭ്യർത്ഥിച്ചിരുന്നു. മറ്റുപാർട്ടികളിൽ ന്ന് അത്തരം പ്രതികരണം ഉണ്ടായില്ലെങ്കിലും ഞങ്ങൾ ആ നിലപാടിൽ തന്നെയാണ്.
രാഷ്ട്രീയ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ തുറന്ന ചർച്ചക്ക് ഞങ്ങൾ തയാറായിട്ടുണ്ട്. സിപിഐ എമ്മും ബിജെപിയും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ നേതാക്കൾ തമ്മിൽ ചർച്ച നടത്തിയിരുന്നു. എല്ഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം രാഷ്ട്രീയ കൊലപാതകങ്ങൾ കുറഞ്ഞു. തെരഞ്ഞെടുപ്പ് ദിവസവും പോളിങ്ങ് സമാധാനപരമായിരുന്നു. പോളിങ്ങിന് ശേഷമാണ് ചില അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്. അത്തരം സംഭവങ്ങൾ ഉണ്ടാകാന് പാടില്ലായിരുന്നു.
ഒരു കാരണവശാലും വീടുകളിലും പാർട്ടി ഓഫീസുകളിലും കയറിയുള്ള അക്രമമുണ്ടാവരുത്.സമാധാനയോഗം ബഹിഷ്കരിച്ചത് പോലുള്ള നിലപാടുകൾ ഉത്തരവാദപ്പെട്ട രാഷ്ട്രീയപ്രസ്ഥാനം സ്വീകരിക്കാൻ പാടില്ലാത്തതാണ്. ഞാൻ ജില്ലസെക്രട്ടറിയായ കാലത്താണ് പ്രിയപ്പെട്ട കെ വി സുധീഷിനെ മൃഗീയമായികൊലപ്പെടുത്തിയത്. ശവ സംസ്കാരം കഴിഞ്ഞ ഉടനെയാണ് സമാധാനയോഗത്തിൽ പങ്കെടുത്തത്.
ഇത്തരം സന്ദര്ഭങ്ങളിൽ രാഷ്ട്രീയപാർട്ടികൾ സമചിത്തതയോടെ പ്രവർത്തിക്കണം. സമധാന ചർച്ചക്ക് സന്നദ്ധമാകണം. സമാധാനത്തിനായി ആരുമായും സഹകരിക്കാൻ സിപിഐ എം സന്നദ്ധമാണെന്നും കോടിയേരി പറഞ്ഞു. നഗരസഭ വൈസ്ചെയര്മാൻ വാഴയിൽ ശശിയും ഒപ്പമുണ്ടായിരുന്നു.