നിലമ്പൂരില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്ന് പി. വി. അന്‍വർ. യുഡിഎഫിനായിരിക്കും തന്റെ പിന്തുണയെന്നും എംഎല്‍എ സ്ഥാനം രാജിവെച്ചശേഷം നടത്തിയ വാർത്താസമ്മേളനത്തില്‍ അന്‍വര്‍ പറഞ്ഞു.150 കോടി രൂപയുടെ തിരഞ്ഞെടുപ്പ് ഫണ്ട് ആരോപണം പ്രതിപക്ഷ നേതാവ് വി. ഡി. സതീശനെതിരെ ഉന്നയിച്ചത് പി. ശശി പറഞ്ഞിട്ടാണ്. ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനോടു പരസ്യമായി മാപ്പ് ചോദിക്കുന്നു. സതീശനുണ്ടായ മാനഹാനിക്ക് കേരള ജനതയോട് ആത്മാർഥമായി മാപ്പ് ചോദിക്കുന്നു. സതീശനും കുടുംബത്തിനും ബന്ധുക്കള്‍ക്കും അദ്ദേഹത്തെ സ്നേഹിക്കുന്നവർക്കുമുണ്ടായ വിഷമത്തില്‍ മാപ്പ്. തന്റെ മാപ്പപേക്ഷ സ്വീകരിക്കണമെന്നു സതീശനോടു സ്നേഹപൂർവം അഭ്യർഥിക്കുന്നതായും അന്‍വര്‍ പറഞ്ഞു.
പി.ശശി, എം.ആർ.അജിത്കുമാർ എന്നിവർക്കെതിരൊണ് ഞാൻ ആദ്യം ആരോപണം ഉന്നയിച്ചത്. എന്റെ ആരോപണങ്ങള്‍ അവജ്ഞയോടെ തള്ളുകയാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. ഒറ്റയടിക്ക് എന്നെ തള്ളിപ്പറയുകയാണ് അദ്ദേഹം ചെയ്തത്. ഇതോടെയാണ് സിപിഎമ്മും എല്‍ഡിഎഫുമായുമുള്ള ബന്ധം നിലച്ചത്. പിതാവിനെപ്പോലെയാണ് പിണറായി വിജയനെ കണ്ടിരുന്നത്. അദ്ദേഹത്തിനെതിരെ വെറുതെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നു തോന്നിയിരുന്നു. പിണറായിക്കെതിരായ പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ വൈകാരികമായാണു കണ്ടിരുന്നതെന്നും അന്‍വർ പറഞ്ഞു. മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫിസിനും എതിരായ ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായും ഉന്നതശ്രേണിയിലുള്ള നേതാക്കളുടെ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും അന്‍വർ കൂട്ടിച്ചേർത്തു.
രാജി മലയോര മേഖലയ്ക്കായാണെന്നും ഇനി പോരാട്ടം പിണറായിസത്തിനെതിരെയാണെന്നും അന്‍വര്‍ പറഞ്ഞു. മലയോര ജനതയെ അറിയുന്നിന ആളെ നിലമ്പൂരില്‍ മത്സരിപ്പിക്കണം. ഡിസിസി അധ്യക്ഷന്‍ വി.എസ്. ജോയിയെ മത്സരിപ്പിക്കണമെന്നാണ് യുഡിഎഫിനോടുള്ള അഭ്യര്‍ഥനയെന്നും അന്‍വര്‍ പറഞ്ഞു.