ന്യൂഡല്‍ഹി: ഇന്ത്യയിലെ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒരു ലക്ഷം ഡോസ് വാക്സിന് സൗജന്യമായി വിതരണം ചെയ്യാന്‍ പദ്ധതിയിട്ട് അന്താരാഷ്ട്ര ഐ.ടി കമ്പനിയായ വിപ്രോ.
ഇതിനായി ഇന്ത്യയിലെ മുന്‍നിര ആശുപത്രികളും ആരോഗ്യ കേന്ദ്രങ്ങളുമായി കരാര്‍ ഉണ്ടാക്കിയതായും അവര്‍ അറിയിച്ചു. ജൂണ്‍ ആദ്യം മുതല്‍ വാക്സിന് വിതരണം ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ ജീവനക്കാര്‍ക്കും തുടര്‍ന്ന് അവരുടെ ഭാര്യമാര്‍ക്കും മക്കള്‍ക്കും വാക്സിന് നല്‍കും.
കോവിഷീല്‍ഡ്, കോവാക്സിന്, സ്പുട്നിക് വി എന്നിങ്ങനെ മൂന്ന് വാക്സിനുകളാണ് ജീവനക്കാര്‍ക്ക് വിതരണം ചെയ്യുന്നത്.
1.9 ലക്ഷം തൊഴിലാളികളാണ് വിപ്രോയ്ക്ക് കീഴില്‍ ലോകമെമ്പാടും ജോലി ചെയ്യുന്നത്. അവരില്‍ ഭൂരിപക്ഷം പേരും ഇന്ത്യയിലാണ്. രാജ്യത്താകമാനം മുന്‍നിര ആശുപത്രികളുമായി കരാര്‍ ഉണ്ടാക്കിയ 140 കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും വിപ്രോ അധികൃതര്‍ മാധ്യമങ്ങളെ അറിയിച്ചു.