ന്യൂഡല്‍ഹി: വിമാനയാത്രയ്ക്കിടെ ജിൻഡാല്‍ സ്റ്റീല്‍ ഉദ്യോഗസ്ഥൻ ലൈംഗികാതിക്രമം നടത്തിയതായി യുവതിയുടെ പരാതി. കൊല്‍ക്കത്തയില്‍ നിന്ന് അബുദാബിയിലേക്കുള്ള എത്തിഹാദ് വിമാനത്തില്‍ ആയിരുന്നു സംഭവം.എക്സിലൂടെയാണ് താൻ നേരിട്ട ദുരനുഭവത്തെ കുറിച്ച് യുവതി പറഞ്ഞത്. സംഭവത്തില്‍ അന്വേഷണം നടത്താൻ നിർദ്ദേശം നല്‍കിയതായി എംപിയും ജിൻഡാല്‍ സ്റ്റീല്‍ ചെയർമാനുമായ നവീൻ ജിൻഡാല്‍ വ്യക്തമാക്കി.
കല്‍ക്കട്ടയില്‍ നിന്ന് അബുദാബിയിലേക്കുള്ള വിമാനയാത്രക്കിടെയാണ് തനിക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായതെന്നാണ് യുവതി പറയുന്നത്. ജിൻഡാല്‍ സ്റ്റീലിലെ മുതിർന്ന ഉദ്യോഗസ്ഥനെന്നാണ് തൊട്ടടുത്തിരുന്നയാള്‍ പറഞ്ഞത്. 65 വയസ് പ്രായമുണ്ടാകും. ഒമാനിലാണ് ഇപ്പോള്‍ താമസിക്കുന്നതെന്ന് പറഞ്ഞു. വിമാനത്തില്‍ കയറിയതിന് പിന്നാലെ അദ്ദേഹം എന്നോട് ഓരോ കാര്യങ്ങള്‍ സംസാരിച്ച് തുടങ്ങി. വീട്, ജോലി, കുടുംബം തുടങ്ങിയ കാര്യങ്ങളെല്ലാം സംസാരിച്ചു. സംഭാഷണ മധ്യേ എന്നോട് എന്താണ് ഹോബിയെന്ന് ചോദിച്ചു. സിനിമ കാണാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അതേ എന്ന് മറുപടി പറഞ്ഞു. ഇതോടെ ചില വിഡിയോകള്‍ കാണിക്കാമെന്ന് പറഞ്ഞ് അയാള്‍ മൊബൈലില്‍ അശ്ലീല വീഡിയോ ഓപ്പണ്‍ ചെയ്തു- യുവതി പറയുന്നു.
ഫോണിലെ ഇയർഫോണ്‍ വലിച്ച് മാറ്റിയാണ് അയാള്‍ വീഡിയോ കാണിച്ചത്. അശ്ലീല ദൃശ്യം കണ്ടതോടെ ഞെട്ടി, ഇതിനിടെ അയാള്‍ കൈകള്‍ കൊണ്ട് ശരീരത്തില്‍ മോശമായി തടവി. ആദ്യം പേടിച്ച് പോയെങ്കിലും കൈകള്‍ തട്ടിമാറ്റി വിമാനത്തിലെ ജീവനക്കാരോട് വിവരം അറിയിച്ചു. എത്തിഹാദ് വിമാനത്തിലെ ക്രൂ വളരെ പിന്തുണയോടെ തന്നെ പരിഗണിച്ചെന്നും വിമാനം അബുദാബിയിലെത്തിയ ഉടനെ പൊലീസിനെ വിളിച്ച് വരുത്തി വിവരം അറിയിച്ചെന്നും യുവതി പറഞ്ഞു.
ബോസ്റ്റണിലേക്കുള്ള യാത്രക്കായി കണക്ഷൻ ഫ്ലൈറ്റ് ഉള്ളതിനാല്‍ പരാതിയുമായി മുന്നോട്ട് പോകാനായില്ല. താൻ നേരിട്ട ദുരനുഭവം ഇനി ആർക്കും ഉണ്ടാകാതിരിക്കാനാണ് ഈ കുറിപ്പെന്ന് യുവതി പറയുന്നു. വിമാനത്തിലെ ജീവനക്കാർ അറിയിച്ചതിന് പിന്നാലെ 65 കാരനെ പൊലീസ് ചോദ്യം ചെയ്തു. ഇയാള്‍ കുറ്റം നിഷേധിച്ചില്ലെന്നത് അമ്ബരപ്പുണ്ടാക്കിയെന്നും യുവതി പറയുന്നു. ഇനി ഇത്തരമൊരു മോശം പെരുമാറ്റം ഉണ്ടാകരുത്. അതിന് വേണ്ട നടപടിയെടുക്കണമെന്നും ജിൻഡാല്‍ സ്റ്റീല്‍ ചെയർമാനെ ടാഗ് ചെയ്ത് എക്സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ യുവതി വ്യക്തമാക്കി. യുവതിയുടെ പോസ്റ്റ് ശ്രദ്ധയില്‍ പെട്ടതോടെയാണ് നവീൻ ജിൻഡാല്‍ യുവതിക്ക് മറുപടി നല്‍കിയത്. നേരിട്ട മോശം അനുഭവം തുറന്ന് പറഞ്ഞതിന് നന്ദി, വളരെ ധൈര്യമുള്ള പ്രവൃത്തിയാണ് താങ്കളുടെ ഭാഗത്ത് നിന്നുണ്ടായത്. കുറ്റക്കാരനെതിരെ കടുത്ത നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കുന്നുവെന്ന് നവീൻ യുവതിക്ക് ഉറപ്പ് നല്‍കി.