അരീക്കോടിന്റെ സാംസ്കാരിക വഴികളിൽ എന്നും പുതുമകൾ തീർത്ത വൈ.എം.എ, ഇതാ കായിക ചരിത്രത്തിൽ പുതിയ ഏടുകളെഴുതി പുതിയ അധ്യായം തീർക്കുന്നു. ഇന്ത്യൻ കായിക മേഖലക്ക് ഒട്ടേറെ താരങ്ങളെ സംഭാവന ചെയ്ത അരീക്കാേടിന്റെ മണ്ണിൽ ചരിത്രത്തിലാദ്യമായി വനിതാ ഫുട്ബോൾ മാമാങ്കം സംഘടിപ്പിച്ചു കൊണ്ടാണ്, കലാ, കായിക, സാംസ്കാരിക രംഗത്ത് എന്നും ഒരു കാതം മുന്നിൽ നടന്ന വൈ.എം.എ ചരിത്രം രചിച്ചത്.
ആസ്റ്റർ മദർ വിന്നേഴ്സ് ട്രോഫിക്കും അരീക്കോട് സർവീസ് സഹകരണ ബാങ്ക് റണ്ണേഴ്സ് ട്രോഫിക്കുമായി നടന്ന വാശിയേറിയ മത്സരത്തിൽ ആവേശം അലതല്ലി. എം എസ് പി അസി. കമാൻഡന്റും സന്തോഷ്ട്രോഫി താരവുമായ പി ഹബീബ് റഹ്‌മാൻ, സന്തോഷ് ട്രോഫി താരം വൈ പി ഷരീഫ്, സംസ്ഥാന താരം കെവി ജാഫർ, പോക്സോ പ്രോസിക്യൂട്ടർ അഡ്വ. അയിഷ പി ജമാൽ, വാർഡ് മെമ്പർ ജമീല ബാബു, അരീക്കോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് നാസർ മൊക്കത്ത്, വൈസ് പ്രസിഡന്റ് പി ഹഫ്സത്ത്, ഷീജ നാലകത്ത് എന്നിവർ മുഖ്യാതിഥികമായി കളിക്കാരികളെ പരിചയപ്പെട്ടു.
സ്ത്രീകൾ തിങ്ങിനിറഞ്ഞ ഗ്യാലറിയിൽ നിന്നുയർന്ന ആരവങ്ങൾ കളിക്കാരികളെയും ആവേശഭരിതരാക്കി.
2022 ഖത്തർ ലോകകപ്പിനോടനുബന്ധിച്ച് വൈ എം എ ഒരുക്കുന്ന കാൽപന്ത് മഹോത്സവം, ഫൂട്ട് ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച റോഡ് ഷോ, അതിഗംഭീര വിജയമായിരുന്നു. രണ്ടാമത്തെ പരിപാടിയായിരുന്നു ഇന്ന് കളം നിറഞ്ഞു കളിച്ച വനിതാ ഫുട്ബോൾ. കേരളാ വിമൻസ് ലീഗ് ചാമ്പ്യൻമാരായ ലോർഡ്സ് എഫ് എയുടെ താരങ്ങൾ അണിനിരന്ന ടീം ബ്രസീലിനെതിരെ കോഴിക്കോടിന്റെ വീറുറ്റ പെൺകുട്ടികൾ അർജന്റീനയുടെ ജഴ്സിയണിഞ്ഞാണ് കളത്തിലിറങ്ങിയത്.
മഴയിലും ആവേശം തണുക്കാതെ വീറുറ്റ പ്രകടനം ഇരു ടീമുകളും കാഴ്ചവെച്ചു. ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ടീം ബ്രസീൽ വിജയിച്ചു.