ലഹരി ഉപയോഗം തടയാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം; സ്പീക്കര്‍ എ എന്‍ ഷംസീര്‍

 

വര്‍ധിച്ച് വരുന്ന ലഹരി ഉപയോഗം തടയാന്‍ ജാതി, മത, രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് നിയമസഭ സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീര്‍ പറഞ്ഞു. പയ്യാവൂര്‍ ഗ്രാമപഞ്ചായത്തിന്റെ ‘ലഹരിമുക്ത ക്യാമ്പസ് സമൂഹം’ കര്‍മ്മ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ലഹരിക്കെതിരെ അതിതീവ്ര പോരാട്ടം നടത്തുകയാണ്. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി വസ്തുക്കളുടെ വില്‍പന അനിയന്ത്രിതമായി ഉയരുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ സൂക്ഷ്മതയോടെ മുന്‍കരുതലെടുക്കണം. ക്ലാസിലെത്തുന്ന കുട്ടികളുടെ പ്രകടമായ ഭാവ വ്യത്യാസങ്ങള്‍ തിരിച്ചറിയാന്‍ അധ്യാപകര്‍ക്ക് സാധിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചീത്തപ്പേരാകുമെന്ന് കരുതി ഇത്തരക്കാരെ മറച്ചുവെക്കുന്ന സാഹചര്യമുണ്ടെന്നും ഈ പ്രവണത ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. നിരന്തര പ്രക്രിയയിലൂടെ മാത്രമേ നാടിനെ ലഹരിമുക്തമാക്കാന്‍ സാധിക്കൂ. വിദ്യാര്‍ഥികളെ അവരുടെ അഭിരുചിക്ക് അനുസരിച്ച് കലാ-കായിക മേഖലകളിലേക്ക് തിരിച്ചുവിടണമെന്നും സ്പീക്കര്‍ പറഞ്ഞു.
പയ്യാവൂര്‍ ഗ്രാമപഞ്ചായത്തിലെ വിദ്യാര്‍ഥികളെയും യുവജനങ്ങളെയും അതുവഴി സമൂഹത്തെയും ലഹരിമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്‌കരിച്ചത്. ഇതിന്റെ ഭാഗമായി വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ഫാന്‍-ഫൈറ്റേഴ്‌സ് എഗൈന്‍സ്റ്റ് നാര്‍ക്കോട്ടിസം എന്ന സംഘടന രൂപീകരിക്കും. സ്‌കൂളുകള്‍, ക്യാമ്പസുകള്‍, വീടുകള്‍, പൊതുയിടങ്ങള്‍ എന്നിങ്ങനെ നാല് തലങ്ങളിലാണ് സംഘടന പ്രവര്‍ത്തിക്കുക. നാര്‍ക്കോട്ടിക് സെല്‍, പൊലീസ്, എക്‌സൈസ്, സൈക്യാട്രി വിഭാഗം ഡോക്ടര്‍മാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെട്ട സമിതികളുടെ നിയന്ത്രണത്തിലാണ് ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള സംഘടനയുടെ പ്രവര്‍ത്തനം.
പൈസക്കരി സെന്റ് മേരീസ് സ്‌കൂള്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ അഡ്വ. സജീവ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സാജു സേവ്യര്‍, വൈസ് പ്രസിഡണ്ട് പ്രീത സുരേഷ്, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം പി ആര്‍ രാഘവന്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷീന ജോണ്‍, ആനീസ് ജോസഫ്, കെ മോഹനന്‍ മാസ്റ്റര്‍, അംഗം ടെന്‍സണ്‍ ജോര്‍ജ്, തളിപ്പറമ്പ് ഡിവൈഎസ്പി എം പി വിനോദ്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ അരുണ്‍കുമാര്‍, ദേവമാത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജര്‍ റവ ഫാ. നോബിള്‍ ഓണംകുളം, പയ്യാവൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ടി എം ജോഷി, ദേവമാത കോളേജ് പ്രിന്‍സിപ്പല്‍ എം ജെ മാത്യു, സെന്റ് മേരീസ് യു പി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ സോജന്‍ ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

spot_img

Related Articles

Latest news