റിയാദ്: സൗദി അറേബ്യയിലെ ഗാർഹിക തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി നിയമങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുന്നു.റിക്രൂട്ട്‌മെന്റ് നടപടികള്‍ സുതാര്യമാക്കാനും ചൂഷണം തടയാനും ലക്ഷ്യമിട്ട് മാനവവിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം ‘ഇസ്തിലാ’ (Istila) പ്ലാറ്റ്‌ഫോം വഴിയാണ് പുതിയ കരട് നിയമം പുറത്തിറക്കിയത്.
പ്രധാന നിബന്ധനകള്‍
പുതിയ നിയമമനുസരിച്ച് 21 വയസ്സില്‍ താഴെയുള്ളവരെ ഗാർഹിക ജോലികള്‍ക്കായി നിയോഗിക്കുന്നത് പൂർണമായും നിരോധിച്ചു.
തൊഴില്‍ കരാറുകളെ സംബന്ധിച്ച പ്രധാന നിർദ്ദേശങ്ങള്‍
ഭാഷ: തൊഴില്‍ കരാറുകള്‍ നിർബന്ധമായും അറബി ഭാഷയിലായിരിക്കണം. ഒപ്പം തൊഴിലാളിക്ക് മനസ്സിലാകുന്ന മാതൃഭാഷയിലുള്ള വിവർത്തനവും കരാറില്‍ ഉള്‍പ്പെടുത്തണം.
കരാർ കാലാവധി: കൃത്യമായ കാലാവധി രേഖപ്പെടുത്താത്ത കരാറുകള്‍ ജോലിയില്‍ പ്രവേശിച്ച തീയതി മുതല്‍ ഒരു വർഷത്തേക്ക് സ്വയം പുതുക്കപ്പെടുന്നതായി കണക്കാക്കും.
പ്രൊബേഷൻ: തൊഴിലാളിയുടെ പ്രഫഷണല്‍ കഴിവും പെരുമാറ്റവും വിലയിരുത്തുന്നതിനായി 90 ദിവസത്തെ പ്രൊബേഷൻ കാലയളവ് ഉണ്ടായിരിക്കും. ഈ സമയപരിധിക്കുള്ളില്‍ ഇരുപക്ഷത്തിനും കരാർ റദ്ദാക്കാം.
ജോലി സമയവും വിശ്രമവും
തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും മുൻനിർത്തി ജോലി സമയം കൃത്യമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ദിവസേനയുള്ള ജോലി സമയം 10 മണിക്കൂറില്‍ കൂടാൻ പാടില്ല.
ഓരോ അഞ്ച് മണിക്കൂർ ജോലിക്ക് ശേഷവും ചുരുങ്ങിയത് അരമണിക്കൂർ വിശ്രമം നല്‍കണം. തുടർച്ചയായ എട്ട് മണിക്കൂർ രാത്രി വിശ്രമം നിർബന്ധമാണ്. ആഴ്ചയില്‍ ഒരു ദിവസം ശമ്പളത്തോടുകൂടിയ അവധിക്ക് തൊഴിലാളിക്ക് അർഹതയുണ്ട്. അധിക ജോലിക്ക് (ഓവർ ടൈം) പ്രത്യേക വേതനം നല്‍കണം.
വേതനവും ആനുകൂല്യങ്ങളും
മന്ത്രാലയം അംഗീകരിച്ച ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി മാത്രമേ വേതനം നല്‍കാവൂ. ശമ്പളം വെട്ടിക്കുറയ്ക്കുന്നതിനും കർശന നിയന്ത്രണങ്ങളുണ്ട്. കോടതി ഉത്തരവോ സാമ്പത്തിക നഷ്ടമുണ്ടാക്കിയ സാഹചര്യമോ അല്ലാതെ ശമ്പളത്തില്‍ നിന്ന് നാലിലൊന്നിലധികം തുക കുറയ്ക്കാൻ തൊഴിലുടമയ്ക്ക് അധികാരമില്ല. വർഷത്തില്‍ 30 ദിവസം വരെ ശമ്പളത്തോടുകൂടിയ സിക് ലീവ് ലഭിക്കാൻ അർഹതയുണ്ട്. നിയമവിരുദ്ധമായി കരാർ അവസാനിപ്പിച്ചാല്‍ രണ്ട് മാസത്തെ ശമ്പളം വരെ നഷ്ടപരിഹാരമായി നല്‍കേണ്ടി വരും.
കരാർ റദ്ദാക്കല്‍: വ്യവസ്ഥകള്‍
കരാർ കാലാവധി തീരുക, ഇരുപക്ഷത്തിെൻറയും സമ്മതം, മരണം, ശാരീരിക അശക്തി, അല്ലെങ്കില്‍ 60 വയസ്സ് പൂർത്തിയാകുക തുടങ്ങി ഏഴ് സാഹചര്യങ്ങളില്‍ കരാർ റദ്ദാക്കാം. തൊഴിലുടമ കരാർ ലംഘിക്കുകയോ, മർദ്ദനത്തിനോ പീഡനത്തിനോ ഇരയാക്കുകയോ ചെയ്താല്‍ തൊഴിലാളിക്ക് നിയമപരമായി കരാർ അവസാനിപ്പിക്കാം. അതേസമയം, തൊഴിലാളി മനഃപൂർവ്വം സാമ്പത്തിക നഷ്ടമുണ്ടാക്കിയാല്‍ ആനുകൂല്യങ്ങള്‍ ഇല്ലാതെ പിരിച്ചുവിടാൻ തൊഴിലുടമയ്ക്കും അധികാരമുണ്ട്.
പരാതികള്‍ക്കും തർക്ക പരിഹാരത്തിനും
തൊഴില്‍ തർക്കങ്ങള്‍ ഉണ്ടായാല്‍ ആദ്യം മന്ത്രാലയത്തിന് കീഴിലുള്ള അനുരഞ്ജന സമിതിയിലാണ് പരാതി നല്‍കേണ്ടത്. അവിടെ പരിഹാരമായില്ലെങ്കില്‍ മാത്രമേ ലേബർ കോടതിയെ സമീപിക്കാവൂ. കരാർ അവസാനിച്ചാല്‍ സർവീസ് സർട്ടിഫിക്കറ്റ് സൗജന്യമായി നല്‍കണമെന്നും, തൊഴിലാളി മരണപ്പെട്ടാല്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് തൊഴിലുടമ വഹിക്കണമെന്നും പുതിയ നിയമാവലി വ്യക്തമാക്കുന്നു.

