ബുക്കാറസ്റ്റ്: യൂറോ കപ്പില്‍ ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് ലോക ചാമ്പ്യന്‍മാരായ ഫ്രാന്‍സ് ഇറങ്ങുന്നു. സ്വിറ്റ്‌സര്‍ലന്‍ഡാണ് എതിരാളികള്‍.
മരണഗ്രൂപ്പായ ഗ്രൂപ്പ് എഫില്‍ നിന്ന് ഒന്നാം സ്ഥാനക്കാരായി ഗ്രൂപ്പ് ഘട്ടം കടന്ന ഫ്രാന്‍സിനെ മറികടക്കുക സ്വിറ്റ്‌സര്‍ലന്‍ഡിന് അത്ര എളുപ്പമായേക്കില്ല. ജര്‍മനിയെ തോല്‍പിച്ചു കൊണ്ട് ടൂര്‍ണമെന്റ് ആരംഭിച്ച ഫ്രാന്‍സിന് അതിനു ശേഷം ആ മികവ് പുലര്‍ത്തതാനായില്ല.
പോള്‍ പോഗ്ബ, എന്‍ഗോളെ കാന്റെ എന്നിവര്‍ കളിക്കുന്ന മധ്യനിരയും കരീം ബെന്‍സമ- കൈലിയന്‍ എംബാപ്പെ- അന്റോയിന്‍ ഗ്രീസ്മാന്‍ എന്നിവര്‍ കളിക്കുന്ന മുന്നേറ്റനിരയും ഫോമിലേക്ക് ഉയര്‍ന്നിട്ടില്ല. ഹംഗറിയോടും പോര്‍ച്ചുഗലിനോടും ഫ്രാന്‍സ് സമനില വഴങ്ങിയിരുന്നു. എംബാപ്പെ സ്‌കോര്‍ ചെയ്യാന്‍ വിഷമിക്കുന്നത് ടീമിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പരിക്കും ടീമിനെ വലയ്ക്കുന്നുണ്ട്. അതേസമയം കരീം ബെന്‍സമ പോര്‍ച്ചുഗലിനെതിരേ ഇരട്ടഗോളോടെ ഫോമിലായിട്ടുണ്ട്.
ഗ്രൂപ്പ് എയിലെ മൂന്നാം സ്ഥാനക്കാരായാണ് സ്വിറ്റ്സര്‍ലന്‍ഡ് പ്രീ-ക്വാര്‍ട്ടറിലെത്തിയത്. അവസാന മത്സരത്തില്‍ തുര്‍ക്കിയെ തോല്‍പിച്ചത് സ്വിറ്റ്‌സര്‍ലന്‍ഡ് ക്യാമ്പിന് ആത്മവിശ്വസം നല്‍കിയിട്ടുണ്ട്. ഷാഖിരി ഇരട്ട ഗോളുകളുമായി ഫോമില്‍ എത്തിയതും അവര്‍ക്ക് സന്തോഷം നല്‍കുന്നു.