ഖത്തര്‍ ലോകകപ്പിന് തെരഞ്ഞെടുക്കപ്പെട്ട വൊളണ്ടിയര്‍മാര്‍ക്കുള്ള പരിശീലനം തുടരുന്നു. മൂന്ന് മാസത്തിലേറെ നീണ്ട നടപടിക്രമങ്ങള്‍ക്കൊടുവില്‍ 20,000 വൊളണ്ടിയര്‍മാരെയാണ് ഫിഫ തെരഞ്ഞെടുത്തിരിക്കുന്നത്. ജോലിയുടെ സ്വഭാവമനുസരിച്ച് പ്രത്യേക ബാച്ചുകളായി തിരിച്ചാണ് പരിശീലനം.
ഖത്തർ തലസ്ഥാനമായ ദോഹയിലെ ഡി.ഇ.സി.സി വൊളണ്ടിയർ സെന്ററിൽ പരിശീലനം ഊർജിതമായി പുരോഗമിക്കുകയാണ്. ഖത്തറിലുള്ളവർക്ക് നേരിട്ടും വിദേശത്ത് നിന്നുള്ള വൊളണ്ടിയർമാർക്ക് ഓൺലൈൻ വഴിയുമാണ് പരിശീലനം.
സ്റ്റേഡിയങ്ങൾ, ബേസ് കാമ്പുകൾ, ഫാൻ സോണുകൾ, വിമാനത്താവളങ്ങൾ തുടങ്ങി 45 മേഖലകളിലാണ് വളണ്ടിയർമാരുടെ സേവനം ആവശ്യമുള്ളത്. ഇവർക്കായി 350ഓളം ട്രെയിനിങ് സെഷനുകളാണ് നടത്തുന്നത്. ഓരോ സെഷനും രണ്ടര മൂതൽ മൂന്ന് മണിക്കൂർ ദൈർഘ്യമേറിയതാണ്. 20,000 വൊളണ്ടിയർമാരിൽ 16,000 പേർ ഖത്തറിൽ താമസക്കാരും ബാക്കി 4000 പേർ വിദേശത്ത് നിന്നുള്ളവരുമാണ്.
ഒക്ടോബറിൽ തന്നെ ഒരുവിഭാഗം വൊളണ്ടിയർമാരുടെ സേവനം തുടങ്ങും. വിദേശത്ത് നിന്നുള്ളവരും ഒക്ടോബർ മുതൽ എത്തിത്തുടങ്ങും. മൂന്ന് മാസത്തോളം നീണ്ട നടപടിക്രമങ്ങൾക്കും അഭിമുഖങ്ങൾക്കും ശേഷമാണ് തെരഞ്ഞെടുപ്പ് പൂർത്തിയായത്. വൊളണ്ടിയർ തെരഞ്ഞെടുപ്പ് പൂർത്തിയായതിന് പിന്നാലെ സെപ്തംബർ ആദ്യവാരം ലുസൈൽ സ്റ്റേഡിയത്തിൽ വൊളണ്ടിയർ ഓറിയന്റേഷൻ പ്രോഗ്രാം നടത്തിയിരുന്നു.