റിയാദിൽ വേൾഡ് എക്‌സ്‌പോ 2030 ആതിഥേയത്വം വഹിക്കാനുള്ള ശ്രമത്തിൽ സൗദി അറേബ്യ ഔദ്യോഗികമായി അതിന്റെ സമഗ്രമായ അപേക്ഷാ സമർപ്പിച്ചു. സൗദി അറേബ്യയെ കൂടാതെ റിപ്പബ്ലിക് ഓഫ് കൊറിയ, ഇറ്റലി, ഉക്രെയ്‌ൻ എന്നീ രാജ്യങ്ങളും ഇതിനായി മത്സര രംഗത്തുണ്ട്.
റോയൽ കമ്മീഷൻ CEO ഫഹദ് അൽ റഷീദിന്റെ നേതൃത്വത്തിലുള്ള സൗദി പ്രതിനിധി സംഘം ബുധനാഴ്ച ഫ്രഞ്ച് തലസ്ഥാനമായ പാരീസിൽ വെച്ചാണ് ബ്യൂറോ ഇന്റർനാഷണൽ ഡെസ് എക്‌സ്‌പോസിഷൻസ് (BIE) സെക്രട്ടറി ജനറൽ ദിമിത്രി കെർകെന്റ്‌സെസിന് മുൻപിൽ അപേക്ഷ സമർപ്പിച്ചത്.
BIE-യുടെ വെബ്‌സൈറ്റ് അനുസരിച്ച്, “മാറ്റത്തിന്റെ യുഗം: ഒരുമിച്ചുനിന്നുള്ള നാളെ” എന്ന പ്രമേയത്തിൽ 2030 ഒക്ടോബർ 1 നും 2031 മാർച്ച് 31 നും ഇടയിൽ റിയാദിൽ വേൾഡ് എക്‌സ്‌പോ ആതിഥേയത്വം വഹിക്കാനാണ് സൗദി അറേബ്യയുടെ ശ്രമം.
ലോക മേളയെക്കുറിച്ചുള്ള അപേക്ഷകരായ രാജ്യങ്ങളുടെ പ്ലാൻ രൂപരേഖയും ഇവന്റ് നടക്കുന്ന സ്ഥലത്തെ അവരുടെ പദ്ധതികളും അവർ പിന്തുടരുന്ന തീമും വിശദീകരിച്ച് കൊണ്ടാണ് അപേക്ഷകൾ സമർപ്പിക്കുന്നത്. സന്ദർശകരുടെ എണ്ണം, പദ്ധതിയുടെ ധനസഹായം, ചെലവുകൾ എന്നിവയുടെ രാജ്യങ്ങളുടെ എസ്റ്റിമേഷനും ഇതിനോടൊപ്പം സമർപ്പിക്കും.
അപേക്ഷകളിലെ പരിശോധനക്ക് ശേഷം BIE അംഗരാജ്യങ്ങൾക്ക്, ഒരു രാജ്യം ഒരു വോട്ട് എന്ന തത്വത്തിൽ, 2023 നവംബറിൽ നടക്കാനിരിക്കുന്ന BIE-യുടെ പൊതു അസംബ്ലിയിൽ രഹസ്യ ബാലറ്റിലൂടെ വേൾഡ് എക്‌സ്‌പോ 2030 ആതിഥേയ രാജ്യത്തെ തിരഞ്ഞെടുക്കും.
എക്‌സ്‌പോ 2030 സംഘടിപ്പിക്കാൻ സൗദി അറേബ്യ ആദ്യം അപേക്ഷിച്ചത്
2021 ഒക്‌ടോബറിൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ BIE ക്ക് അയച്ച കത്തിലൂടെയാണ്.