ജര്‍മന്‍ ഭിഷഗ്വരനായ സാമുവല്‍ ഹാനിമാന് 18ാം നൂറ്റാണ്ടിന്റെ അവസാനം രൂപപ്പെടുത്തിയ ചികിത്സ സമ്പ്രദായമാണ് ഹോമിയോപ്പതി. ജര്‍മനിയില്‍ 1755 ഏപ്രില്‍ 10നാണ് സാമുവല്‍ ഹാനിമാന്റെ ജനനം. അദ്ദേഹത്തിന്റെ ഓര്‍മക്കായാണ് ഏപ്രില്‍ 10 ലോക ഹോമിയോപ്പതി ദിനമായി ആചരിക്കുന്നത്.
രോഗത്തിന് അല്ല, രോഗിക്കാണ് ചികിത്സ എന്നതാണ് ഹോമിയോപ്പതിയുടെ അടിസ്ഥാന തത്ത്വം. ലോകം മുഴുവൻ ഹോമിയോപ്പതിയുടെ പ്രാധാന്യം വര്‍ധിച്ചുവരുന്നുണ്ട്. അലര്‍ജി, ആസ്ത്മ, വന്ധ്യത, മൈഗ്രെയ്ന്, മറ്റു ജീവിതശൈലീ രോഗങ്ങള്‍ എന്നിവക്ക് കൃത്യതയാര്‍ന്ന ഹോമിയോപ്പതി ചികിത്സയിലൂടെ പൂര്‍ണമായും രോഗമുക്തി നേടാം എന്നതാണ് ഹോമിയോക്ക് ആവശ്യക്കാര്‍ ഏറുന്നതിന്റെ കാരണം.
എല്ലാ പ്രായക്കാര്‍ക്കും ഒരുപോലെ ആശ്രയിക്കാവുന്ന ചികിത്സരീതിയാണ് ഹോമിയോപ്പതി. ലോകത്തിലെ ആരോഗ്യ പരിപാലന രംഗത്തെ പ്രമുഖ സ്ഥാപനങ്ങളില്‍ പലതും ഹോമിയോപ്പതി ചികിത്സ തങ്ങളുടെ സേവനങ്ങളുടെ ഭാഗമാക്കിയിട്ടുണ്ട്. പ്രധാനപ്പെട്ട എല്ലാ ഫാര്‍മസികളിലും ഇന്ന് ഹോമിയോ മരുന്നുകള്‍ ലഭ്യമാണ്. എല്ലായിടത്തും പ്രഗത്ഭരായ ഹോമിയോ ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാണ്.
ഭാവിയിലെ ആരോഗ്യ സംരക്ഷണ രംഗത്ത് ഹോമിയോപ്പതിക് നിര്‍ണായക സ്ഥാനമുണ്ട്. ഹോമിയോപ്പതി കേവലം ശാരീരിക രോഗസ്ഥിതിയെ മാത്രമല്ല ഭേദപ്പെടുത്തുന്നത്. മറിച്ച്, രോഗിയുടെ മാനസികവും വൈകാരികവുമായ തലങ്ങളിലും പ്രവര്‍ത്തിക്കുന്നു. ചെറുതും വലുതുമായ പകര്‍ച്ചവ്യാധികള്‍ക്ക് ഹോമിയോപ്പതി ഫലപ്രദമായ ചികിത്സരീതി ആണ്.
വ്യത്യസ്തങ്ങളായ സസ്യ, ജന്തു, ധാതു പദാര്‍ഥങ്ങളില്‍ നിന്നാണ് ഹോമിയോ മരുന്നുകള്‍ ഉല്പാദിപ്പിക്കുന്നത്. കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ലഭിക്കുന്നു എന്നതാണ് ഹോമിയോപ്പതിയുടെ മറ്റൊരു പ്രത്യേകത. ഡോക്ടറുടെ നിര്‍ദേശാനുസരണം ഉപയോഗിക്കുമ്പോള്‍ ഹോമിയോ മരുന്നുകള്‍ പൂര്‍ണമായും സുരക്ഷിതം ആണ്. ഒറ്റമൂലി ചികിത്സയുമായോ പ്രകൃതി ചികിത്സയുമായോ ഇതിനെ താരതമ്യപ്പെടുത്തുന്നത് ശരിയല്ല എന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ അവകാശപ്പെടുന്നത്. ശരീരത്തിന്റെയും മനസ്സിന്റെയും ഏകീകരണം ആണ് ഹോമിയോപ്പതിയുടെ ലക്ഷ്യങ്ങളിലൊന്ന്.