ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി കാൽപന്തിനെ നെഞ്ചോട് ചേർത്തവർ ഖത്തറിലേക്ക് എത്തുമ്പോൾ ഫുട്ബോൾ പ്രേമികൾക്കു ഭക്ഷണം ഒരുക്കുന്നതിനായി 5 കോടി മുട്ടകളാണ് തമിഴ്നാട്ടിലെ നാമക്കൽ കോഴിഫാമുകളിൽ നിന്ന് കയറ്റുമതിക്ക് തയാറാകുന്നത്.
2 കോടി മുട്ടകളാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളായി കയറ്റി അയച്ചത്. 2023 ജനുവരി വരെ മുട്ട കയറ്റുമതി തുടരും. ഇന്ത്യയിലെ കോഴിമുട്ടയുടെ കാലാവധി 6 മാസത്തിൽ നിന്ന് 3 മാസമായി കുറയ്ക്കാൻ തീരുമാനിച്ചതോടെ പ്രതിസന്ധിയിലായിരുന്ന കോഴിഫാം ഉടമകൾക്ക് ലോകകപ്പ് ഫുട്ബോൾ ഉണർവ് നൽകി.
നേരത്തെ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പക്ഷിപ്പനി ബാധിച്ചതോടെ യൂറോപ്യൻ രാജ്യങ്ങളുടെ നിർബന്ധത്തിനു വഴങ്ങി ഇന്ത്യയിൽ നിന്നു മുട്ട വാങ്ങുന്നത് ഗൾഫ് രാജ്യങ്ങൾ കുറച്ചിരുന്നു. ലോകകപ്പ് അടുത്തെത്തിയതോടെ മുട്ട കയറ്റുമതിയിലെ മുൻനിര രാജ്യങ്ങളിലൊന്നായ തുർക്കി കഴിഞ്ഞ മാസം മുട്ടയുടെ വില രണ്ട് ഇരട്ടി വർധിപ്പിച്ചു. ഇതോടെയാണ് വീണ്ടും ഖത്തർ അടക്കമുള്ള രാജ്യങ്ങൾ ഇന്ത്യൻ വിപണിയെ ആശ്രയിക്കുന്നത്.