മാർച്ച് 22; ഇന്ന് ലോക ജലദിനം

By : കമർബാനു സലാം
മരണക്കിടക്കയിൽ അവസാനമായി കൊടുക്കുന്നത് പുണ്യതീർത്ഥങ്ങളായ സംസം വെള്ളം, ഗംഗാജലം, ഹന്നാൻ വെള്ളം എന്നിവയായിരിക്കും. ഇതൊന്നും സാധ്യമായില്ലെങ്കിൽ ശുദ്ധജലം കൊടുക്കും. അന്ത്യശ്വാസം വലിക്കുന്ന ഏതൊരാളും അവസാനമായി ചോദിക്കുന്ന ദാഹജലം, അത് ശുദ്ധമായിരിക്കണം.

1992 ൽ ബ്രസീലിലെ റിയോവിൽ നടന്ന യു.എൻ. കോൺഫറൻസ് ഓൺ എൻവയർമെന്റ് ആന്റ് ഡവലപ്മെന്റിലാണ് ജലദിനം എന്ന ആശയം ഉയർന്നു വന്നത്. പിന്നീട് യു. എൻ ജനറൽ അസംബ്ലി, 1993 മാർച്ച് 22 ൽ ഈ ദിനം ലോക ജലദിനമായി ആചരിക്കാൻ തീരുമാനിക്കുകയായിരുന്നു.

സാമൂഹ്യ പ്രതിബദ്ധതയുള്ള ഏതൊരു വ്യക്തിയും ഒരോ തുള്ളി ജലവും സംരക്ഷിക്കാൻ പ്രതിജ്ഞാബന്ധരാണെന്ന ഓർമപ്പെടുത്തലാണ് ജലദിനം. ഈ മാർച്ച് 22 മുതൽ അടുത്ത മാർച്ച് 22 വരെയും തുടർന്നും ഓരോ വർഷവും പ്രതിജ്ഞയെടുത്ത് പ്രാവർത്തികമാക്കി ജലസംരക്ഷണം ഉറപ്പു വരുത്തേണ്ടിയിരിക്കുന്നു .

ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതിയെ സാരമായി തന്നെ ബാധിക്കുന്നു. അടുത്ത മഹായുദ്ധം നടക്കുന്നത് കുടിവെള്ളത്തിനായിരിക്കും എന്ന് പൊതുവെ പറയാറുണ്ട്. ശരിയാണ് കുടിവെള്ളത്തിന് സ്വർണ്ണത്തേക്കാൾ വില വരുന്ന കാലത്തേക്ക് ലോകം മാറിക്കൊണ്ടിരിക്കുന്നു.

പ്രകൃതി നമുക്ക് കനിഞ്ഞ് നൽകിയ അനുഗ്രഹങ്ങളാണ് ഈ ഭൂമിയിലേറെയും. പ്രകൃതിയുടെ വരദാനമാണ് ജലവും ജലസ്രോതസ്സുകളും. എല്ലാ ജീവജാലങ്ങൾക്കും, പ്രകൃതിയുടെ അരോഗ്യപൂർണ്ണമായ നിലനിൽപ്പിനും ജലം അനിവാര്യമാണ്, ജലം ജീവനാണ്. ജലമില്ലെങ്കിൽ കാടും മരവും പച്ചപ്പും പുൽമേടകളും, കൃഷിയും,
ഒന്നും തന്നെയില്ല. ജീവിതമില്ല…. ജീവജാലങ്ങളില്ല…. ഇതൊന്നുമില്ലാത്ത ഭുമിയിലേക്ക് ഒരു മനുഷ്യ ജന്മവും പിറവിയെടുക്കില്ല.
പുതിയ തലമുറ ഉണ്ടാകില്ല.

അതുകൊണ്ട് , മാറി ചിന്തിക്കാം .

പ്രകൃതി സംരക്ഷണം ഓരോ വ്യക്തിയിലും അധിഷ്ടിതമാണ് എന്ന ഓർമപ്പെടുത്തൽ കൂടിയാണ് ഈ ദിനം. ഭൂമിയിൽ 3 ൽ 2 ഭാഗവും സമുദ്രങ്ങളാണ്. കരഭാഗങ്ങളിൽ നീർക്കെട്ടുകളും നദികളും പുഴകളും കായലുകളും കുളങ്ങളും ധാരാളം. പിന്നെ മഴയും പേമാരിയും പ്രളയവും. എന്നിട്ടും വേനലായാൽ കുടിവെള്ളത്തിനായി പലയിടത്തും ജനങ്ങൾ നെട്ടോടമോടുന്നു. നഗരവൽക്കരണവും ജനപ്പെരുപ്പവുമാണ് ഇതിന് പ്രധാനകാരണം.

ഉപയോഗിക്കുന്നതിനെക്കാൾ അധികം ജലം പാഴാക്കി കളയുന്ന പ്രവണത ഉപേക്ഷിക്കുക. അലക്കാനും പാത്രം കഴുകാനും വേണ്ട രീതിയിൽ ശ്രദ്ധിച്ച് പരമാവധി കുറച്ച് ഉപയോഗിക്കുക. പാത്രം കഴുകുന്ന വെള്ളം അടുക്കള തോട്ടത്തിലേയ്ക്ക് വിടുക.

ജല സ്രോതസ്സുകളെ ആശ്രയിച്ചാണ് വൈദ്യുതി ഉൽപാദനം . അത് കൊണ്ട് വൈദ്യുതി ഉപയോഗം ഗണ്യമായ തോതിൽ കുറക്കുക. ആവശ്യമില്ലാതെ കത്തി ക്കൊണ്ടിരിക്കുന്ന ബൾബുകളും കറങ്ങുന്ന ഫാനുകളും ഓഫ് ആക്കുക.

രാസവളത്തിന്റെ അമിതോപയോഗം, കീടനാശിനി പ്രയോഗം തുടങ്ങിയവ ജല സ്രോതസ്സുകളെ മലിനമാക്കുന്നു. ഫാക്ടറികളിൽ നിന്നുള്ള മലിന ജലം ജല സ്രോതസ്സുകളിലേക്ക് ഒഴുക്കി വിട്ട് ജലാശയങ്ങളിലെ ജലം മലിനമാക്കാതിരിക്കുക. മാലിന്യങ്ങൾ വലിച്ചെറിയാതെ കുഴിച്ചു മൂടുക, മണ്ണിലലിയാത്തവ കത്തിച്ചു കളയുക, കിണറുകളും കുളങ്ങളും ശുദ്ധമായി സംരക്ഷിക്കുക, മരങ്ങൾ വച്ച് പിടിപ്പിക്കുക. മഴക്കാലത്ത് വരൾച്ചയെ അതി ജീവിക്കാനുള്ള ജലം ശേഖരിക്കാൻ ജലസംഭരണികൾ ഉറപ്പു വരുത്തുക.

മണ്ണും മരങ്ങളും ശുദ്ധവായുവും ശുദ്ധജലവും പച്ചപ്പും നിറഞ്ഞ ഭൂമി , ഓർക്കുമ്പോൾ തന്നെ എന്താശ്വാസമാണ്. സമാധാനപൂർണമായ ജീവിതത്തിനും ആരോഗ്യപരമായ ചുറ്റുപാടിനും ശുദ്ധജലം കൂടിയേ തീരൂ . മലകളും കുന്നുകളും മേടും കാടുമെല്ലാം ഭൂമിയുടെ സമ്പത്താണ്. ഈ സമ്പത്തിനെ അതിന്റെതായ രീതിയിൽ നിലനിർത്തുക വഴി ജല സംരക്ഷണവും ഉറപ്പു വരുത്താൻ ഓരോ പൗരനും ബാധ്യസ്ഥനാണ്.

ജലം ജീവാമൃതമാണ്. ഓരോ തുള്ളി ജലവും അമൂല്യമാണ്. ജലസംരക്ഷണത്തിനായി പ്രകൃതിയെ സ്നേഹിച്ച് പ്രകൃതിയിലേക്ക് മടങ്ങാം.

കമർബാനു സലാം – എഴുത്തുകാരിയും റിയാദിലെ ഇന്റർനാഷണൽ ഇന്ത്യൻ പബ്ലിക് സ്കൂളിലെ മുൻ അധ്യാപികയുമാണ് ലേഖിക

spot_img

Related Articles

Latest news