ലോകത്തിലെ ഏറ്റവും വലിയ വാക്‌സിൻ കേന്ദ്രം ഖത്തറിൽ

ദോഹ – ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ കേന്ദ്രം തുറന്ന് ഖത്തർ. പ്രതിദിനം 25,000 പേർക്ക് വാക്സിനേഷൻ നൽകാനുള്ള സൗകര്യമാണ് പുതിയ കേന്ദ്രത്തിലുള്ളത്.

ഖത്തറിലെ ഇൻഡസ്ട്രിയൽ ഏരിയയിലാണ് ലോകോത്തര നിലവാരത്തിലുള്ള സെന്റർ ബിസിനസ് ആന്റ് ഇൻഡസ്ട്രി സെക്ടറിനായി പ്രത്യേകം സജ്ജീകരിച്ചത്. ഖത്തർ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽകുവാരി സെന്റർ സന്ദർശിച്ചു പ്രവർത്തനം വിലയിരുത്തി.

മന്ത്രാലയം, ഹമദ് മെഡിക്കൽ കോർപറേഷൻ, പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ, ഖത്തർ ചാരിറ്റി എന്നീ വകുപ്പുകൾ സഹകരിച്ചാണ് ഈ പദ്ധതി യാഥാർഥ്യമാക്കിയത്. ആഭ്യന്തര മന്ത്രാലയത്തിന്റെയും കൊണോകോ ഫിലിപ്സ്-ഖത്തറിന്റെയും പിന്തുണയോടെ, ഖത്തറിന്റെ വാക്സിനേഷൻ പ്രോഗ്രാം വേഗത്തിൽ വിതരണം ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ സ്ഥാപിതമായ ഒന്നിലധികം വാക്സിനേഷൻ കേന്ദ്രങ്ങളിലൊന്നാണ് ഈ കേന്ദ്രം.

ദേശീയ കോവിഡ് വാക്സിനേഷൻ കാമ്പയിൻ ഊർജിതമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനമെന്നും മന്ത്രി പറഞ്ഞു. നാഷനൽ വാക്സിനേഷൻ പ്രോഗ്രാം കാര്യക്ഷമമമായ രീതിയിലാണ് മുന്നോട്ടുപോകുന്നത്. വാക്സിൻ നൽകുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള പദ്ധതി അർഹരായ എല്ലാവർക്കും വാക്സിനേഷൻ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് നടപ്പിലാക്കുന്നത്.

ആരോഗ്യവകുപ്പ് അധികൃതരുടെ കഠിനാധ്വാനത്തിനും പൊതുജനങ്ങളുടെ നിസ്സീമമായ പിന്തുണക്കും മന്ത്രി നന്ദി പറഞ്ഞു. അപ്പോയിന്റ്മെന്റ് ലഭിക്കുന്ന എല്ലാവരും കാലതാമസമില്ലാതെ വാക്സിൻ സ്വീകരിക്കാനും കോവിഡ് മഹാമാരിയിൽ നിന്ന് സുരക്ഷിതരാവാനും ശ്രദ്ധിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിനുള്ള ഖത്തറിന്റെ ഘട്ടം ഘട്ടമായുള്ള പദ്ധതി വിജയിപ്പിക്കുവാൻ പ്രധാന ബിസിനസ്, വ്യവസായ തൊഴിലാളികൾക്ക് വാക്‌സിൻ നൽകുന്നതിന് പുതിയ കേന്ദ്രം പ്രയോജനപ്പെടും. 3,00,000 ചതുരശ്ര മീറ്ററിലധികം വരുന്ന ഇത് ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ കേന്ദ്രമായിക്കുമെന്നും ഡോ. അൽകുവാരി പറഞ്ഞു.

300 ലധികം വാക്സിനേഷൻ സ്റ്റേഷനുകളും 700 സ്റ്റാഫുകളും ഒരു ദിവസം 25,000 ഡോസുകൾ നൽകാനുള്ള ശേഷിയുമാണ് സെന്ററിനുണ്ടെന്ന് ഹമദ് മെഡിക്കൽ കോർപറേഷനിലെ എമർജൻസി മെഡിസിൻ സീനിയർ കൺസൾട്ടന്റും ബിസിനസ്, ഇൻഡസ്ട്രി മേഖലക്കുള്ള ഖത്തർ വാക്സിനേഷൻ സെന്റർ മേധാവിയുമായ ഡോ. ഖാലിദ് അബ്ദുൽനൂർ പറഞ്ഞു.

ഇന്നലെവരെ, ദേശീയ കോവിഡ് വാക്സിനേഷൻ പ്രോഗ്രാമിന്റെ ഭാഗമായി 3,00,000-ലധികം പ്രധാന ബിസിനസ്, വ്യവസായ തൊഴിലാളികൾക്ക് വാക്‌സിൻ വിതരണം ചെയ്തു.

പുതിയ വാക്‌സിൻ സെന്ററിലെ ബുക്കിംഗ്, അപ്പോയ്‌മെന്റ് നടപടിക്രമങ്ങളെ പിന്തുണക്കുന്നതിനായി വാക്സിനേഷൻ ഷെഡ്യൂളിംഗ് യൂനിറ്റ് ആരംഭിച്ചതായി ഡോ. അബ്ദുൽനൂർ പറഞ്ഞു. ബിസിനസ് സ്ഥാപനങ്ങൾക്ക്  ഇ-മെയിലിലൂടെ ജീവനക്കാർക്കായി ബുക്കിംഗ് നടത്താൻ സാധിക്കും.

പുതിയ സെന്റർ പ്രവർത്തന സജ്ജമായതോടെ രണ്ട് ഡ്രൈവ് ത്രൂ വാക്സിനേഷൻ സെന്ററുകളും ഖത്തർ നാഷനൽ കൺവെൻഷൻ സെന്ററിലെ (ക്യു.എൻ.സി.സി) വാക്സിനേഷൻ സെന്ററും രണ്ടാഴ്ചക്കകം അടച്ചുപൂട്ടും.

രണ്ടാമത്തെ ഡോസ് വാക്സിനുകൾക്കായി 3,20,000-ത്തിലധികം ആളുകളാണ് ഡ്രൈവ്-ത്രൂ സെന്ററുകൾ പ്രയോജനപ്പെടുത്തിയത്. എന്നാൽ വേനൽക്കാലത്തെ താപനില വർധിച്ചുകൊണ്ടിരിക്കുമ്പോൾ, സ്റ്റാഫുകൾക്കും സേവന ഉപയോക്താക്കൾക്കും ഈ രീതി വെല്ലുവിളിയായി മാറി.

ലുസൈൽ കോവിഡ് ഡ്രൈവ്-ത്രൂ സെന്ററിന്റെ പ്രവർത്തനത്തിന്റെ അവസാന ദിവസം ഇന്നും അൽവക്‌റ കോവിഡ് ഡ്രൈവ്-ത്രൂ സെന്റർ അവസാന ദിവസം 30 ഉം ക്യു.എൻ.സി.സിയിലെ വാക്സിനേഷൻ കേന്ദ്രത്തിന്റെ അവസാന ദിവസം ജൂൺ 29 ഉം ആയിരിക്കും.

ബിസിനസ്, ഇൻഡസ്ട്രി സെക്ടറിനായി പുതുതായി തുടങ്ങിയ ഖത്തർ വാക്സിനേഷൻ സെന്ററിൽ ഒരു ദിവസം 25,000 ഡോസുകളിൽ കൂടുതൽ വാക്സിൻ നൽകാനും 27 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലുടനീളം ഒരു ദിവസം 15,000 ഡോസുകൾക്കുള്ള ശേഷിയുമുണ്ട്.

spot_img

Related Articles

Latest news