26-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരി തെളിയും. വൈകിട്ട് 6.30ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് മുഖ്യാതിഥിയാകും.
ഐ എസിന്റെ ബോംബാക്രമണത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട കുര്‍ദ്ദിഷ് സംവിധായിക ലിസ ചലാന് ചടങ്ങില്‍ മുഖ്യമന്ത്രി സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് സമ്മാനിക്കും.
ഫെസ്റ്റിവല്‍ ഹാന്‍ഡ്ബുക്ക് മന്ത്രി വി.ശിവന്‍കുട്ടി, ഗതാഗത മന്ത്രി ആന്റണി രാജുവിനും ഫെസ്റ്റിവല്‍ ബുള്ളറ്റിന്‍ ഭക്ഷ്യ മന്ത്രി ജി.ആര്‍. അനില്‍ മേയര്‍ ആര്യാ രാജേന്ദ്രനും നല്‍കി പ്രകാശനം ചെയ്യും. അഡ്വ.വി.കെ.പ്രശാന്ത് എംഎല്‍എ ചലച്ചിത്ര അക്കാഡമി പ്രസിദ്ധീകരണമായ സമീക്ഷയുടെ ഫെസ്റ്റിവല്‍ പതിപ്പ് പുറത്തിറക്കും. കെഎസ്എഫ്ഡിസി ചെയര്‍മാന്‍ ഷാജി എന്‍.കരുണ്‍ മാസിക ഏറ്റുവാങ്ങും.
ചലച്ചിത്രമേളയുടെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ഇന്ന് ആരംഭിക്കും. ഫെസ്റ്റിവലിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.iffk.inല്‍ ലോഗിന്‍ ചെയ്തോ പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ ലോഡ് ചെയ്യുന്ന IFFK ആപ്പ് വഴിയോ പ്രതിനിധികള്‍ക്ക് ചിത്രങ്ങള്‍ റിസര്‍വേഷന്‍ ചെയ്യാവുന്നതാണ്. 24 മണിക്കൂറിന് മുന്‍പ് വേണം ചിത്രങ്ങള്‍ ബുക്ക് ചെയ്യേണ്ടത്.
രാവിലെ 8 മുതല്‍ സീറ്റുകള്‍ പൂര്‍ണ്ണമാകുന്നതുവരെയാണ് റിസര്‍വേഷന്‍ അനുവദിക്കുക. രജിസ്‌ട്രേഷന്‍ നമ്പറും പാസ് വേര്‍ഡും സിനിമയുടെ കോഡും ഉപയോഗിച്ചാണ് സീറ്റുകള്‍ ബുക്ക് ചെയ്യേണ്ടത്. നിശാഗന്ധി ഓപ്പണ്‍ തീയറ്ററില്‍ ഒഴികെ എല്ലാ തിയേറ്ററുകളിലും റിസര്‍വേഷന്‍ അനുവദിച്ചിട്ടുണ്ട്.