തിരുവനന്തപുരം രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജി നടത്തുന്ന ബയോ ഇൻഫർമാറ്റിക്സിലെ സർട്ടിഫിക്കറ്റ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. ബയോളജിക്കൽ ഡേറ്റ മനസ്സിലാക്കുവാൻവേണ്ട മാർഗങ്ങൾ, സോഫ്റ്റ് വേർ എന്നിവയുടെ വികസനവുമായി ബന്ധപ്പെട്ട പഠനങ്ങളുടെ മേഖലയാണ് ബയോ ഇൻഫർമാറ്റിക്സ്.
വിദ്യാർഥി പങ്കെടുക്കുന്ന രീതിയനുസരിച്ച് പ്രോഗ്രാം ദൈർഘ്യം ആറുമാസമോ ഒരുവർഷമോ ആകാം. പ്രാക്ടിക്കൽ ഹാൻഡ്സ് ഓൺ ട്രെയിനിങ്ങിലൂടെ ബയോ ഇൻഫർമാറ്റിക്സ് മേഖലയെക്കുറിച്ചു മനസ്സിലാക്കാൻ പ്രോഗ്രാം സഹായിക്കും.
കംപ്യൂട്ടർ ഫണ്ടമെൻറൽസ്, ആർ പ്രോഗ്രാമിങ്, ഡിസൈനിങ് ആൻഡ് പെർഫോമിങ് ബയോ ഇൻഫർമാറ്റിക്‌സ് അനാലിസിസ്, ബേസിക്സ് ഓഫ് ഡേറ്റാ അനാലിസിസ്, ആപ്ലിക്കേഷൻസ് ഓഫ് ബയോ ഇൻഫർമാറ്റിക്സ് ഇൻ ബയോമെഡിക്കൽ റിസർച്ച്, ബയോ ഇൻഫർമാറ്റിക്സ് ടൂൾസ് ആൻഡ് റിസോഴ്സസ്, സ്ട്രക്ചറൽ ബയോ ഇൻഫർമാറ്റിക്സ്, കംപ്യൂട്ടേഷണൽ ബയോകെമിസ്ട്രി, ഡ്രഗ് ഡിസൈൻ തുടങ്ങിയവ പാഠ്യപദ്ധതിയിൽ ഉൾപ്പെടുന്നു.
പ്രോഗ്രാമിന്റെ ആദ്യഭാഗം (പാർട്ട് എ) ആറുമാസം ദൈർഘ്യമുള്ള ഓൺലൈൻ ട്രെയിനിങ് ആണ്. പാർട്ട് ബി, ആറുമാസം ദൈർഘ്യമുള്ള ഓഫ്‌ലൈൻ ഫുൾടൈം പ്രോജക്ട് ആയിരിക്കും. ഈഭാഗം ഓപ്ഷണൽ ആണ്. പാർട്ട് ബി, കഴക്കൂട്ടം, ബയോ ഇന്നവേഷൻ സെൻററിൽ ആയിരിക്കും നടത്തുക. ലൈഫ് സയൻസസ്, ഫിസിക്കൽ സയൻസസ്, മെഡിക്കൽ/എൻജിനിയറിങ് സയൻസസിലെ ഏതെങ്കിലും ബ്രാഞ്ചിൽ ബാച്ചിലേഴ്സ്/മാസ്റ്റേഴ്സ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. അന്തിമ പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.
അപേക്ഷ www.rgcb.res.in-ലെ പ്രോഗ്രാം നോട്ടിഫിക്കേഷൻ ലിങ്ക് വഴി ഏപ്രിൽ 30 വരെ നൽകാം