തിരുവനന്തപുരം: കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ സമാനതകളില്ലാത്ത ധീരനേതാവായിരുന്നു സീതാറാം യെച്ചൂരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ശക്തരായ കമ്യൂണിസ്റ്റ് എതിരാളികള്‍ക്ക് പോലും അങ്ങേയറ്റം സ്‍നേഹത്തോടെയും ആദരവോടെയും സമീപിക്കാൻ കഴിഞ്ഞ നേതാവ് കൂടിയായിരുന്നു സീതാറാം.
ഇന്ത്യ കണ്ട പ്രമുഖ ധിഷണാശാലികളില്‍ ഉന്നതനിരയില്‍ തന്നെയാണ് എക്കാലവും യെച്ചൂരിയുടെ സ്ഥാനമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥി ജീവിതത്തിലൂടെ പൊതുപ്രവർത്തനം ആരംഭിച്ച സീതാറാം യെച്ചൂരി ആ കാലം മുതല്‍ തന്നെ രാജ്യം ശ്രദ്ധിക്കുന്ന പൊതുപ്രവർത്തകനായി മാറിയിരുന്നു.
പാർട്ടിയെ സംബന്ധിച്ചിടത്തോളം അതീവ ദുഃഖകരമാണ് ഈ വേർപാട്. പെട്ടെന്ന് നികത്താവുന്ന ഒന്നല്ല അത്. അങ്ങേയറ്റം ഹൃദയഭാരത്തോടെ അദ്ദേഹത്തിന്‍റെ ഓർമകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അർപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

                                    