റിയാദ്: ഫാസിസത്തിനെതിരേയും വർഗ്ഗീയതക്കെതിരെയും സന്ധിയില്ലാത്ത പോരാട്ടം നടത്തിയ മഹാനായ ദേശീയ നേതാവായിരുന്നു സീതാറാം യെച്ചൂരി എന്ന് റിയാദ് നവോദയ ചൂണ്ടികാട്ടി. സി പി എമ്മിന്റെ ദേശീയ, അന്തർദേശീയ മുഖമായിരുന്നു യെച്ചൂരി. അടിയന്തരാവസ്ഥയ്ക്കെതിരെ പോരാടിയ അതേ ആവേശത്തിൽതന്നെ സംഘ് പരിവാർ ഫാസിസത്തിനെതിരേയും മരണംവരെ യെച്ചൂരി പോരാടികൊണ്ടിരുന്നു. ജെ എൻ യു ചാൻസലർ പദവിയിൽനിന്നും ഇന്ദിരാഗാന്ധിയെ രാജിവെയ്പ്പിച്ചത് ഇന്ദിരയുടെ വസതിയിലേക്ക് യെച്ചൂരിയുടെ നേതൃത്വത്തിൽ എസ് എഫ് ഐ പ്രവർത്തകർ മാർച്ച് ചെയ്തതിനെ തുടർന്നായിരുന്നു. മോഡിയുടെ ഫാസിസ്റ്റ് സർക്കാരിനെതിരെ തൊഴിലാളികൾ, കർഷകർ, വിദ്യാർഥികൾ തുടങ്ങി വിവിധ വിഭാഗങ്ങൾ നടത്തിയ പ്രക്ഷോഭത്തിലും യെച്ചൂരിയുടെ നേതൃത്വപരമായ പങ്ക് വ്യക്തമാണ്. രാജ്യസഭക്കുള്ളിലും പുറത്തും അദ്ദേഹം നടത്തിയ പ്രസംഗങ്ങൾ, എഴുത്തുകൾ എല്ലാം മതേതര പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്താനുള്ളതായിരുന്നു. യെച്ചൂരിയുടെ പ്രസംഗങ്ങൾ ഓരോന്നും രാഷ്ട്രീയവിദ്യാർത്ഥികളുടെ റഫറൻസുകളാണ്. സംഘ് പരിവാർ ഭരണകൂട ഭീകരതെക്കതിരെ ‘ഇന്ത്യ’ മുന്നണി കെട്ടിപ്പടുക്കുന്നതിൽ യെച്ചൂരി വഹിച്ച പങ്ക് വളരെ വലുതാണ്. സ്വന്തം ജീവിതത്തിൽപോലും മതതരത്വം ഉയർത്തിപിടിച്ചു മാതൃകയായ വ്യക്തിയായിരുന്നു സീതാറാം യെച്ചൂരിയെന്ന് നവോദയ സംഘടിപ്പിച്ച യെച്ചൂരി അനുസ്മരണയോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. യോഗത്തിൽ നവോദയ പ്രസിഡന്റ് വിക്രമലാൽ അധ്യക്ഷനായിരുന്നു. കുമ്മിൾ സുധീർ, ഷൈജു ചെമ്പൂര്, നാസ്സർ പൂവാർ, അനിൽ പിരപ്പൻകോട്, അബ്ദുൽ കാലം, മനോഹരൻ എന്നിവർ സംസാരിച്ചു.